ന്യൂദൽഹി : ജോലിക്ക് വേണ്ടിയുള്ള ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട അഴിമതി കേസിൽ മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദിനെ പ്രോസിക്യൂട്ട് ചെയ്യാൻ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ അനുമതി നേടിയതായി സിബിഐ വെള്ളിയാഴ്ച ദൽഹി കോടതിയെ അറിയിച്ചു. പ്രത്യേക ജഡ്ജി വിശാൽ ഗോഗ്‌നെ മുമ്പാകെയാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷൻ അനുമതി കാത്തിരിക്കുന്ന 30 ഓളം പ്രതികളുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. ആവശ്യമായ രേഖകൾ ലഭിക്കുന്നതിന് 15 ദിവസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
അതേ സമയം മറ്റ് പ്രതികൾക്കുള്ള ശിക്ഷാ നടപടികൾ വേഗത്തിലാക്കാൻ സിബിഐയോട് നിർദേശിച്ച കോടതി കേസ് ഒക്‌ടോബർ 15ന് കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി.
2004 മുതൽ 2009 വരെ ലാലു പ്രസാദ് റെയിൽവേ മന്ത്രിയായിരിക്കെ മധ്യപ്രദേശിലെ ജബൽപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയിൽവേയുടെ വെസ്റ്റ് സെൻട്രൽ സോണിൽ നടത്തിയ ഗ്രൂപ്പ്-ഡി നിയമനങ്ങളുടെ പേരിൽ പ്രതിഫലമായി റിക്രൂട്ട് ചെയ്തവർ സമ്മാനമായി നൽകിയതോ കൈമാറ്റം ചെയ്തതോ ആയ ഭൂമിയുടെ പേരിലുള്ളതാണ് ഈ കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: