ശ്രീനഗര്‍: ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെയാണ് പോളിങ് ആരംഭിച്ചത്. വൈകീട്ട് ആറ് മണിയോടെ അവസാനിക്കും. 24 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
മെഹബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി, കശ്മീരിലെ കോൺഗ്രസ് മുൻ പ്രസിഡന്റ് ഗുലാം അഹമ്മദ് മിർ തുടങ്ങിയവരാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാർഥികൾ. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കശ്മീർ താഴ് വരയിലെ പതിനാറും ജമ്മുവിലെ എട്ടും മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക.
വാശിയേറിയ പോരാട്ടം നടക്കുന്ന ദക്ഷിണ കശ്മീരിലെ കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത് നാഗ് തുടങ്ങിയ ഇടങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. നാഷണൽ കോൺഫറൻസും കോൺഗ്രസും കൈകോർത്താണ് ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒറ്റയ്‌ക്കാണ് പിഡിപിയുടെ പോരാട്ടം. കോൺഗ്രസുമായുള്ള സഖ്യ ചർച്ചകൾ എങ്ങുമെത്താതായതോടെ ആം ആദ്മി പാർട്ടി എല്ലാ സീറ്റുകളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്.
മൂന്ന് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണൽ അടുത്ത മാസം എട്ടിന് നടക്കും. 90 മണ്ഡലങ്ങളാണ് ജമ്മു കശ്മീരിലുള്ളത്. 219 പേരാണ് ജനവിധി തേടുന്നത്. 90 പേർ സ്വതന്ത്രസ്ഥാനാർത്ഥികളാണ്. 23.27 ലക്ഷമാണ് വോട്ടർമാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: