ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വീട്ടില്‍ നടന്ന ഗണേശ പൂജയില്‍ പങ്കെടുത്തത് പ്രതിപക്ഷം വിവാദമാക്കാനും ജുഡീഷ്യറിയെ വെല്ലുവിളിക്കാനുമുള്ള ആയുധമാക്കാന്‍ ശ്രമം നടത്തിയെങ്കിലും ബിജെപിയുടെ നയപരമായ ഇടപെടല്‍ മൂലം ചീറ്റിപോവുകയായിരുന്നു. ഇത് വിവാദമാക്കിയവര്‍ക്ക് ചുട്ടമറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
ഞാന്‍ ഗണപതി പൂജയില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണെന്നും അധികാരത്തോട് ആര്‍ത്തിയുള്ളവര്‍ക്കാണ് ഇത് പ്രശ്നമാകുന്നതെന്നും മോദി ഒഡിഷയിലെ ഭുവനേശ്വറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഗണപതിവിഗ്രഹത്തെ അഴിക്കുള്ളിലാക്കി. ബ്രിട്ടീഷ് കാലത്ത് ഗണേശോത്സവത്തിനെതിരെ പ്രശ്നമുണ്ടായിരുന്നു. ഇന്നും സമൂഹത്തെ വിഭജിക്കേണ്ടവര്‍ക്ക് ഗണേശോത്സവത്തോട് എതിര്‍പ്പുണ്ട്. ഈ വിദ്വേഷം രാജ്യത്തിന് ഭീഷണിയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
‘ഗണേശോത്സവം നമ്മുടെ രാജ്യത്തിന് കേവലം വിശ്വാസത്തിന്റെ ഉത്സവമല്ല. സ്വാതന്ത്ര്യ സമരത്തില്‍ അത് വളരെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലോകമാന്യ തിലക്, ഗണേശ പൂജയിലൂടെയാണ് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചത്. അക്കാലത്ത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയം പിന്തുടര്‍ന്ന ബ്രിട്ടീഷുകാര്‍ ഗണേശോത്സവത്തെ വെറുത്തു. സമൂഹത്തെ ഭിന്നിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുന്ന അധികാരമോഹികള്‍ക്ക് ഇന്നും ഗണേശപൂജയില്‍ പ്രശ്നങ്ങളുണ്ട്. ഞാന്‍ ഗണപതി പൂജയില്‍ പങ്കെടുത്തതില്‍ കോണ്‍ഗ്രസിന്റെ ഇക്കോ സിസ്റ്റം തന്നെ രോഷാകുലരാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഗണപതി വിഗ്രഹത്തെ അഴിക്കുള്ളിലാക്കിയിരിക്കുകയാണ്’ എന്നിങ്ങനെയായിരുന്നു മോദിയുടെ വാക്കുകള്‍.
സെപ്റ്റംബര്‍ 11ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വീട്ടില്‍ പ്രധാനമന്ത്രി ഗണപതി പൂജക്കെത്തിയതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. കോണ്‍ഗ്രസും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് കപില്‍ സിബലുമെല്ലാം നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ബിജെപി ഇതിനെതിരെ ശക്തമായ രീതിയില്‍തന്നെ മറുപടി നല്കി. പ്രതിപക്ഷത്തിന്റെ കാപട്യം തുറന്നുകാട്ടുന്ന മറ്റൊരു ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 2009 ല്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് വീട്ടില്‍ നടത്തിയ ഇഫ്താര്‍ വിരുന്നില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് പങ്കെടുത്തപ്പോള്‍ എടുത്തചിത്രം..ഇതേ വിരുന്നില്‍ എല്‍ കെ അദ്വാനി, ലാലുപ്രസാദ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയ രാഷ്ട്രീയനേതാക്കളും. സൗദി, പാക്കിസ്ഥാന് സ്ഥാനപതിമാരും പങ്കെടുത്തിരുന്നു. ഗണപതി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കണ്ടാല്‍ മതിയെന്നായിരുന്നു ബിജെപിയുടെ മറുപടി.
ചന്ദ്രചൂഡിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന ഗണപതി പൂജയിലാണു പ്രധാനമന്ത്രി മോദിയും പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവാദമാകുകയായിരുന്നു. പരമ്പരാഗത വസ്ത്രത്തില്‍ പ്രധാനമന്ത്രിയെ കൈകൂപ്പി സ്വീകരിക്കുന്ന ചന്ദ്രചൂഡിന്റെയും അദ്ദേഹത്തിന്റെ ഭാര്യ കല്പനാ ദാസിന്റെന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: