ഷിബു ചക്രവര്‍ത്തി എന്ന ഗാനരചയിതാവിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയതാണ് ഈ പാട്ട്. തനി ഗ്രാമീണ സങ്കല്പങ്ങള് തനിമ ചോരാതെ നിറഞ്ഞുനില്ക്കുന്ന വരികള്‍….ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘ധ്രുവ’ത്തിലെ ഗാനം.
കറുക വയല്‍ കുരുവീ
മുറിവാലന് കുരുവീ
കതിരാടും വയലിന്
ചെറു കാവല്‍ക്കാരി
തളിര്‍വെറ്റിലയുണ്ടോ
വരദക്ഷിണവെയ്ക്കാന്‍
ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘ധ്രുവ’ത്തിലെ ഗാനം:
ചെന്നൈയിലെ അഡയാറിലായിരുന്നു ധ്രുവം സിനിമയുടെ ഷൂട്ടിങ്ങ്. നെറ്റിയില്‍ ചുവന്ന കുറിയണിഞ്ഞ് നരസിംഹ മന്നാഡിയാറായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം. ഹൈന്ദവതയുടെ ധീരതയും വിജയവും കൊട്ടിഘോഷിക്കുന്ന ചിത്രമായിരുന്നു അത്. ഹൈദര്‍ മരക്കാരുടെ ആധിപത്യത്തെ എന്നെന്നേയ്ക്കുമായി നരസിംഹമന്നാഡിയാര്‍ തകര്‍ത്തെറിയുന്ന സിനിമ.
പക്ഷെ ഈ സിനിമയില്‍ പ്രണയത്തിന്റെയും സ്നേഹബന്ധത്തിന്റെയും ആര്‍ദ്രത നിറയ്ക്കാന്‍ സംവിധായകന് കൂട്ടുപിടിച്ചത് ഗാനങ്ങളെയാണ്. അത് ഷിബു ചക്രവര്‍ത്തി മനോഹരമാക്കുകയും ചെയ്തു. എസ്. പി. വെങ്കിടേഷ് എന്ന സംഗീത സംവിധായകന് ആ വരികളുടെ തനിമ ചോരാതെ ഗ്രാമീണമായ ഈണം വരികളില്‍ നിറയ്ക്കുകയും ചെയ്തു. സിനിമയില്‍ മമ്മൂട്ടി ചെയ്യുന്ന നരസിംഹ മന്നാഡിയാര്‍ ഒരു ഗ്രാമീണപെണ്കോടിയായ നടി ഗൗതമിയെ വിവാഹം കഴിക്കുന്ന ഗാനരംഗമാണ്. ഈ ഗാനത്തിന് മുന്‍പ് ടച്ചിങ്ങായ ഒരു നീണ്ട സീക്വന്‍സുണ്ട്. അതില്‍ ദരിദ്രയായ പെണ്‍കുട്ടിയോട് മമ്മൂട്ടിയുടെ കഥാപാത്രമായ നരസിംഹ മന്നാടിയാര്‍ ചോദിക്കുന്നുണ്ട് ;”നരസിംഹമന്നാടിയാരുടെ ഭാര്യയായിരിക്കാന്‍ നിനക്ക് സമ്മതമാണോ” എന്ന്. ഗൗതമിയുടെ കരയുന്ന മുഖത്ത് നനവാര്‍ന്ന ഒരു അര്ധപുഞ്ചിരി അപ്പോള്‍ വിടരും. കെ.എസ്. ചിത്രയുടെയും വേണുഗോപാലിന്റെയും ശബ്ദം കൂടി ചേര്‍ന്നപ്പോള്‍ കേള്‍ക്കുന്നവരുടെ മനസ്സിലും ഈണം പൂത്തുലഞ്ഞുനിന്നു. ആ ഗാനം സൂപ്പര്‍ ഹിറ്റായി.
ഒരിയ്ക്കലും മടുപ്പില്ലാതെ എത്ര തവണ വേണമെങ്കിലും കേട്ടിരിയ്ക്കാവുന്ന ഗാനം എന്നാണ് കറുകവയല്‍ക്കുരുവീ എന്ന ചിത്ര പാടിയ ഈ ഗാനത്തെക്കുറിച്ച് ജോഷി സാര്‍ പറഞ്ഞിരിക്കുന്നതെന്ന് ഷിബു ചക്രവര്‍ത്തി. “ചില പാട്ടുകള്‍ കുറച്ചുകേട്ടുകഴിഞ്ഞാല് മടുക്കും. പാട്ട് ഷൂട്ട് ചെയ്യുമ്പോള്‍ ഷോട്ടുകള്‍ ഡിവൈഡ് ചെയ്യേണ്ടി വരുമ്പോഴും ഒരു പാട്ട് തന്നെ പല കുറി കേള്‍ക്കേണ്ടതായി വരും. പക്ഷെ ഈ പാട്ട് എത്ര കേട്ടാലും മടുക്കുന്നില്ല..” – ഒരു ദിവസം അഡയാറിലെ ഷൂട്ടിംഗ് സെറ്റിലേക്ക് പോകുമ്പോള്‍ സംവിധായകന് ജോഷി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്ന് ഷിബു ചക്രവര്‍ത്തി.
ജോഷിയുടെ ഈ അഭിനന്ദനം കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്ന് നല്കിയപ്പോള് തന്നിലെ കാമുകന് ചിറക് മുളപ്പിയ്ക്കാം എന്ന് തന്നെ ഷിബു ചക്രവര്‍ത്തി തീരുമാനിച്ചു. കാരണം ഷിബു തന്റെ കാമുകിയെക്കുറിച്ച് എഴുതിയ വരികളായിരുന്നു ഇവ. ഈ വരികള്‍ ആദ്യം പാടിക്കേള്‍പ്പിച്ചത് കാമുകിയുടെ കാതില്‍ തന്നെയായിരുന്നു.
ആദ്യപ്രണയത്തിന്റെ മുഗ്ധസങ്കല്പങ്ങള് ഈ അനുപല്ലവിയിലെ വരികളില്‍ ഉണ്ട്:
പുതുപുലരൊളിനിൻ തിരുനെറ്റിക്കൊരു
തൊടുകുറിയണിയിക്കും..
ഇളമാൻ തളിരിൻ
നറുപുഞ്ചിരിയിൽ
കതിർമണ്ഡപമൊരുങ്ങും
അവനെന്റെ പ്രാണനിൽ പരിമളം
നിറയ്ക്കും.. [കറുകവയൽ കുരുവീ….]
ഷിബു ചക്രവര്‍ത്തിയുടെ പ്രണയം നാട്ടില്‍ പാട്ടായിരുന്നു. പലരും ആ പ്രണയ കഥ പറഞ്ഞു നടന്നിരുന്നു. അത് ഈ പല്ലവിയില്‍ വായിച്ചെടുക്കാം:
നടവഴിയിടകളില്‍
നടുമുറ്റങ്ങളില്‍
ഒരു കഥ നിറയുകയായ്
ഒരു പിടിയവലിന് കഥപോലിവളുടെ
പരിണയ കഥ പറഞ്ഞു
പാട്ട് റെക്കോഡ് ചെയ്ത് തീര്‍ന്നതും നേരെ കാമുകിയെ ചെന്ന് കണ്ടു. വിവാഹം കഴിച്ചു. പാട്ടില്‍ പറഞ്ഞതുപോലെ കാമുകിയുമായുള്ള പ്രണയം പലരോടും പറഞ്ഞുനടന്നിരുന്നു. ആരെയും അറിയിക്കാതെയായിരുന്നു വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: