കൊച്ചി: ഭരണകക്ഷി എംഎല്‍എ ആഭ്യന്തര വകുപ്പിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അതിനെതിരെ ശബ്ദിക്കാതെ എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് വലിയ പ്രശ്‌നമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്നുണ്ടാക്കിയ തിരക്കഥയുടെ ഭാഗമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്.
ബിജെപി എറണാകുളം ജില്ലാ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ പരസ്പരം ആര്‍എസ്എസ് ബന്ധം പറഞ്ഞ് പ്രതിരോധിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവായ വി.ഡി. സതീശനും ശ്രമിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും കൂട്ടുചേര്‍ന്ന് ആര്‍എസ്എസിന്റെ പേരില്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ഭയാശങ്ക സൃഷ്ടിക്കുകയാണ്. ഇവരുടെ കുപ്രചാരണം അവര്‍ തിരിച്ചറിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും ചേര്‍ന്ന് പല വിഷയങ്ങളിലും ധാരണയുണ്ടാക്കിയിട്ടുണ്ട്. അതാണ് ഇരുവരും പരസ്പരം കുറ്റപ്പെടുത്താതെ ആര്‍എസ്എസിന്റെ മേലില്‍ പ്രശ്‌നം ചാരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ ബിജെപി മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്ക് കടന്നുവരുന്നതായി ഇരുവര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന് തടയിടാനാണ് ഇരുവരും ഒത്തുചേര്‍ന്നിരിക്കുന്നത്. കൊലപാതകം, അഴിമതി, സ്വര്‍ണക്കടത്ത്, ഫോണ്‍ ചോര്‍ത്തല്‍ എന്നീ ആരോപണങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്ക് സംരക്ഷണം നല്‍കുന്ന വി.ഡി. സതീശന്‍ പിണറായി വിജയന്റെ ഗോള്‍ കീപ്പറായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഭരണകക്ഷി എംഎല്‍എ മുഖ്യമന്ത്രിയുടെ ഓഫീസിനും ക്രമസമാധാന ചുമതലയുളള എഡിജിപിക്കുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തങ്ങള്‍ ഇരകളോടൊപ്പമാണെന്നും വേട്ടക്കാര്‍ക്കൊപ്പമല്ലെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. ഇടതും വലതും ഈ വിഷയത്തില്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി മെമ്പര്‍ഷിപ്പ് കാമ്പെയിന്റെ ഭാഗമായി പാര്‍ട്ടി അംഗത്വമെടുക്കാനായി ഏവരേയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, ജില്ലാ പ്രസിഡന്റ അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത്കുമാര്‍, സംസ്ഥാന സമിതിയംഗം എന്‍.പി. ശങ്കരന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: