ബാരാന്‍ക്വില്ല(കൊളംബിയ): ഫിഫ ലോകകപ്പ് ഫുട്ബോള്‍ 2026 യോഗ്യതാ മത്സരങ്ങളില്‍ വമ്പന്മാരായ അര്‍ജന്റീനയ്ക്കും ബ്രസീലിനും തോല്‍വി. വിവാദ പെനല്‍റ്റിയുടെ പേരില്‍ മെസിയില്ലാത്ത അര്‍ജന്റീന കൊളംബിയയോട് 2-1ന് പരാജയപ്പെട്ടപ്പോള്‍ പ്രതിഭയും കരുത്തും നിറഞ്ഞ ബ്രസീല്‍ പട ആത്മവിശ്വാസമില്ലാതെ പരാഗ്വേയോട് അടിയറ പറഞ്ഞു.
കൊളംബിയയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന കളിയില്‍ ആദ്യം സ്കോര്‍ ചെയ്തത് ആതിഥേയരാണ്. ഹാമേസ് റോഡ്രിഗസിന്റെ ക്രോസില്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് വുള്‍വ്സ് താരം യെഴ്സണ്‍ മൊസ്ക്വേറ ഗോളടിച്ചു. കളിയുടെ 25-ാം മിനിറ്റില്‍ കൊളംബിയ മുന്നിലെത്തി. ആദ്യ പകുതി അവര്‍ മുന്നിട്ടു നിന്നു. വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. രണ്ടാം പകുതി മത്സരത്തിന് മൂന്ന് മിനിറ്റായപ്പോള്‍ തന്നെ ലോക ജേതാക്കള്‍ സമനില കണ്ടെത്തി. നിക്കോലാസ് ഗോന്സാലെസ് ആണ് ഗോളടിച്ചത്. ഇതിന് ശേഷമാണ് കളിയിലെ ട്വിസ്റ്റ് വന്നത്. മത്സരത്തിന്റെ 60-ാം മിനിറ്റില്‍ കൊളംബിയന്‍ സൂപ്പര്‍ താരം ഹാമേസ് റോഡ്രിഗസ് വിജയഗോള്‍ നേടി. പരിചയ സമ്പന്നനായ അര്‍ജന്റൈന്‍ പ്രതിരോധ താരം നിക്കോളാസ് ഒട്ടോമെന്‍ഡിയുടെ പിഴവില്‍ ലഭിച്ച സ്പോട്ട് കിക്ക്. ഘത്തര്‍ ലോകകപ്പിലെ മികച്ച ഗോളി എമിലിയാനോ മാര്‍ട്ടിനെസിനെ കീഴടക്കി റോഡ്രിഗസ് കൊളംബിയയെ വിജയത്തിലേക്ക് നയിച്ചു.
പെനല്‍റ്റി അല്ലെന്ന വാദഗതി ഉയര്‍ന്നിരുന്നു. വാര് പരിശോധനയിലൂടെയാണ് സ്പോട്ട് കിക്ക് അനുവദിച്ചത്. എങ്കിലും മത്സര ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പെനല്‍റ്റി അനുവദിച്ചത് ശരിയല്ലെന്ന നിലപാടില്‍ അര്‍ജന്റീന പരിശീലകന് ലയണല്‍ സ്കലോനി ഉറച്ചു നിന്നു. പരിക്കിനെ തുടര്‍ന്നാണ് സൂപ്പര്‍ താരം മെസി കളത്തിലിറങ്ങാതിരുന്നത്.
പരാഗ്വേയ്ക്കായി കളിയുടെ 20-ാം മിനിറ്റില്‍ വലത് വിങ്ങര്‍ ഡീഗോ ഗോമെസ് ആണ് വിജയഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: