ന്യൂദൽഹി : സംവരണത്തെക്കുറിച്ചുള്ള പരാമർശത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷാ. ബിജെപി ഉള്ളിടത്തോളം ആർക്കും സംവരണം നിർത്തലാക്കാനോ രാജ്യസുരക്ഷയെ തകർക്കാനോ കഴിയില്ലെന്ന് രാഹുൽ ഗാന്ധിക്ക് മറുപടിയായി ഷാ പറഞ്ഞു.
ഇന്ത്യയിൽ സംവരണം ഇല്ലാതാക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് ആലോചിക്കുമെന്ന് രാഹുൽ യുഎസിലെ ജോർജ്ജ്ടൗൺ സർവകലാശാലയിലെ വിദ്യാർത്ഥികളോട് പറഞ്ഞതിന് പിന്നാലെയാണ് ഷായുടെ പരാമർശം. രാജ്യത്തെ വിഭജിക്കാൻ ഗൂഢാലോചന നടത്തുന്ന ശക്തികൾക്കൊപ്പം നിൽക്കുകയും ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നത് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കും ഒരു ശീലമായി മാറിയിരിക്കുന്നുവെന്ന് എക്സിലെ ഒരു പോസ്റ്റിൽ ഷാ പറഞ്ഞു.
ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിന്റെ ജമ്മു കശ്മീരിലെ ദേശവിരുദ്ധവും സംവരണ വിരുദ്ധവുമായ അജണ്ടയെ പിന്തുണച്ചും വിദേശ പ്ലാറ്റ്ഫോമുകളിൽ ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയും രാഹുൽ ഗാന്ധി എല്ലായ്പ്പോഴും രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ രാഹുൽ വികാരങ്ങളെ വ്രണപ്പെടുത്തി. പ്രാദേശികത, മതം, ഭാഷാപരമായ വ്യത്യാസങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന കോൺഗ്രസിന്റെ രാഷ്ട്രീയത്തെയാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു.
രാജ്യത്ത് സംവരണം നിർത്തലാക്കുന്നതിനെ കുറിച്ച് സംസാരിച്ചതിലൂടെ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ സംവരണ വിരുദ്ധ മുഖം ഒരിക്കൽ കൂടി മുന്നിൽ കൊണ്ടുവന്നു. ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ മനസ്സിലുണ്ടായിരുന്ന ചിന്തകൾ ഒടുവിൽ വാക്കുകളായി മാറിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
എന്നാൽ ബിജെപി ഉള്ളിടത്തോളം കാലം ആർക്കും സംവരണം നിർത്തലാക്കാനോ രാജ്യത്തിന്റെ സുരക്ഷയിൽ ആർക്കും കുഴപ്പമുണ്ടാക്കാനോ കഴിയില്ലെന്ന് രാഹുൽ ഗാന്ധിയോട് പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: