ന്യൂദല്‍ഹി: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഭാരതത്തിനെതിരെ വര്‍ഗീയ കലാപം ലക്ഷ്യമിട്ടുമുള്ള പ്രസ്താവനകള്‍ തുടരുന്നു. ഭാരതത്തില്‍ സിഖുകാര്‍ക്ക് തലപ്പാവ് ധരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പുതിയ പ്രസ്താവന. രാജ്യത്ത് സിഖുകാരെ അടിച്ചമര്‍ത്തുകയാണെന്ന തരത്തിലാണ് രാഹുല്‍ പ്രസംഗിച്ചത്.
സിഖുകാരെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ രാഹുലിനെതിരെ ബിജെപി ആഞ്ഞടിച്ചു. രാഹുലിന്റേത് അപകടകരമായ പ്രസ്താവനയാണ്. ഇത് തികച്ചും അപലപനീയമാണ്, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. പ്രതിപക്ഷ നേതാവാണെന്ന ഗൗരവം കണക്കിലെടുക്കാതെ എന്തും വിളിച്ചുപറയുകയാണ് രാഹുല്‍. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമാണിത്. ആറു പതിറ്റാണ്ടായി തലപ്പാവ് ധരിക്കുന്നയാളാണ് ഞാന്‍, ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് സിഖുകാരെ കൂട്ടക്കൊല ചെയ്യുകയായിരുന്നു കോണ്‍ഗ്രസ്. 1984ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് സിഖ് കൂട്ടക്കൊല അരങ്ങേറിയത്. അന്ന് നിരപരാധികളായ 3000 സിഖുകാരെയാണ് കൂട്ടക്കൊല ചെയ്തത്. രാഹുലിന്റെ കുടുംബം കൂട്ടക്കൊലയെ ന്യായീകരിക്കുകയായിരുന്നു. ഒരു വന്മരം വീഴുമ്പോള്‍ ഭുമികുലുങ്ങുമെന്നും അതിനടിയില്‍പ്പെട്ട് പലതും തകരുമെന്നാണ് രാജീവ് ഗാന്ധി കൂട്ടക്കൊലയെ ന്യായീകരിച്ചതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ സമൂഹത്തെ വഴിതെറ്റിക്കാനാണ് രാഹുല്‍ ശ്രമിക്കുന്നത്.
സിഖുകാരെ കൂട്ടക്കൊല നടത്തിയത് കോണ്‍ഗ്രസായിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ നടത്തിയ ഈ കൂട്ടക്കൊലയെക്കുറിച്ച് എന്തുകൊണ്ട് രാഹുല്‍ സംസാരിക്കുന്നില്ലെന്ന് ബിജെപി നേതാവ് ആര്.പി. സിങ് ചോദിച്ചു. രാഹുല്‍ ഭാരതത്തില്‍ വന്ന് ഈ പ്രസ്താവന നടത്തിയാല്‍ തീര്‍ച്ചയായും കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയി പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ ഒരിക്കലും വിദേശത്ത് വച്ച് ഭാരതത്തിനെതിരെ സംസാരിച്ചിരുന്നില്ലെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന് ചൂണ്ടിക്കാട്ടി. അഴിമതിയിലും കുംഭകോണങ്ങളിലും രാജ്യത്തെ വിഭവശേഖരം കൊള്ളയടിച്ചതും രാഹുലിന്റെ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണ ഉയരുന്ന സാഹചര്യത്തില്‍ അതിനൊപ്പം നില്ക്കാന് സാധിക്കാത്തതിനാല്‍ തെറ്റായ പ്രചാരണം നടത്തുകയാണ് രാഹുല്‍. ഒരു പ്രതിപക്ഷ നേതാവിന് ഒട്ടും ചേര്‍ന്നതല്ല, ഒരു വിദേശരാജ്യത്ത് ഉത്തരവാദിത്തരഹിതമായ പ്രസ്താവനകള്‍ നടത്തുന്നതെന്നും ബിജെപി എംപി പ്രവീണ്‍ ഖണ്ഡേവാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: