കമ്മ്യൂണിസ്റ്റുപാര്‍ട്ടി സമ്മേളനം എന്നുപറഞ്ഞാല്‍ അതൊരു രസമാണ്. ആഗോള സോഷ്യലിസവും വര്‍ഗ ബഹുജന സമരവുമൊക്കെയാവും മുഖ്യ ചര്‍ച്ചാ വിഷയം. ഇന്നതൊക്കെ മാറി. ഇന്‍ക്വിലാബ് സിന്ദാബാദ് പക്ഷേ ഉപേക്ഷിച്ചിട്ടില്ല. അതുച്ചത്തില്‍ മുഴക്കും. വിപ്ലവം ആരെങ്കിലും നടത്തട്ടെ. ആഗോള സോഷ്യലിസം പോകാന്‍പറ എന്ന മട്ടിലാണ് ഒരുവിധത്തില്‍പെട്ട സഖാക്കളെല്ലാം. സിപിഎമ്മിന്റെ ബ്രാഞ്ച് സമ്മേളനങ്ങളാണ് ആരംഭിച്ചത്. അതുതന്നെ പലസ്ഥലത്തും ബഹിഷ്‌കരണവും ബഹളങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. പാര്‍ട്ടി സെക്രട്ടറി ജയിച്ച തളിപ്പറമ്പ് മണ്ഡലത്തില്‍ പോലും ബഹിഷ്‌കരണവും ഇറങ്ങിപ്പോക്കും വിട്ടുനില്‍ക്കലുമൊക്കെയായിമാറി. തളിപ്പറമ്പ് മണ്ഡലത്തിലെ മൊറാഴയില്‍ ബ്രാഞ്ച് സമ്മേളനം നടന്നില്ല. ദേവന്‍കുഞ്ഞ് അങ്കണവാടി വിഷയത്തിലെ തര്‍ക്കമാണ് പ്രശ്‌നം സൃഷ്ടിച്ചത്. തര്‍ക്കം മൂത്ത് അങ്കണവാടി പ്രവര്‍ത്തനം തന്നെ നിലച്ചു. ഇതേ തുടര്‍ന്ന് കുറ്റവാളികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന പാര്‍ട്ടി അറിയിപ്പ് നടക്കാതെ പോയി. അതാണ് പ്രശ്‌നം കൊഴുപ്പിച്ചത്. അതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് മറ്റ് പലസ്ഥലത്തും.
പോലീസ് ഭരണവും മുഖ്യമന്ത്രിയും മകളും തന്നെയാണ് ചര്‍ച്ചാവിഷയം. മുഖ്യമന്ത്രിയുടെ വകുപ്പായതിനാലും ആരോപണം ഉന്നയിച്ചത് ഭരണപക്ഷ എംഎല്‍എ ആയതിനാലും ജാഗ്രതയോടെയാണ് ഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. സമഗ്രമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറാന്‍ പരമാവധി തെളിവുകള്‍ ശേഖരിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍, സസ്‌പെന്‍ഷനിലുള്ള എസ്പി എസ്.സുജിത് ദാസ് എന്നിവര്‍ക്കെതിരെയാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. എഡിജിപി അജിത് കുമാറും ഡിജിപിയും തമ്മില്‍ ഏറെ നാളായി അകല്‍ച്ചയിലാണ്. അജിത് കുമാര്‍ സൂപ്പര്‍ ഡിജിപി ചമഞ്ഞതാണ് ഡിജിപിയെ ചൊടിപ്പിച്ചത്. അജിത് കുമാര്‍ ക്രമസമാധാനച്ചുമതല വഹിക്കുന്നതിനാല്‍ അദ്ദേഹത്തിനെതിരെയുള്ള അന്വേഷണത്തിന് തടസ്സങ്ങളുണ്ടാകാനുള്ള സാധ്യത സംഘം മുന്നില്‍ കാണുന്നുണ്ട്. അന്വേഷണ സംഘത്തിന് പുറത്തുള്ള വിശ്വസ്തരായ ഉദ്യോഗസ്ഥരില്‍നിന്ന് ഡിജിപി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. വിവാദ ഉദ്യോഗസ്ഥര്‍ ഒപ്പിട്ട ഫയലുകള്‍, ഉത്തരവുകള്‍, അതിലുണ്ടായ നടപടികള്‍, യാത്രാരേഖകള്‍ ഉള്‍പ്പെടെ ശേഖരിച്ച് പരിശോധിച്ച് മുഖ്യമന്ത്രിയെ ധരിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കമാണ് നടക്കുന്നത്. നീക്കങ്ങള്‍ ചോരരുതെന്നു സംഘത്തിലുള്ളവര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്.
പി.വി.അന്‍വര്‍ എംഎല്‍എയുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തിന്റെ പശ്ചാത്തലത്തില്‍ എസ്.പി.സുജിത്ദാസിനെ സസ്‌പെന്‍ഡ് ചെയ്തതും കൃത്യമായ തെളിവുകള്‍ ശേഖരിച്ചശേഷമാണ്. സുജിത്തിനെതിരെ ഡിഐജി അജിതാ ബീഗം അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു. ഗുരുതര അച്ചടക്കലംഘനം നടത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍ തുടങ്ങി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സുജിത് ദാസ് മലപ്പുറം എസ്പിയായിരുന്ന കാലത്തെ കൂടുതല്‍ വിവരങ്ങള്‍ ഡിജിപി ശേഖരിച്ചു. ഇക്കാര്യങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചതോടെയാണ് സുജിത്തിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്.അജിത്കുമാറിന് എതിരെ അന്വേഷണം നടത്തുന്ന സംഘത്തിലെ കീഴുദ്യോഗസ്ഥര്‍ ആശങ്ക അറിയിച്ചപ്പോഴും പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നാണ് ഡിജിപി ദര്‍വേഷ് സാഹിബ് മറുപടി നല്കിയത്. മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ പരിമിതിയുണ്ടെന്നും അതിനാല്‍ സംഘത്തില്‍നിന്ന് മാറ്റണമെന്നും ഡിജിപി വിളിച്ച യോഗത്തില്‍ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഡിജിപി ഉത്തരവാദിത്തം ഏറ്റെടുത്തതോടെ അന്‍വറിന്റെ ആരോപണങ്ങളില്‍ അന്വേഷണ നടപടി തുടങ്ങി. എസ്പിയായിരുന്ന എസ്.സുജിത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തതായി വീട്ടമ്മയുടെ ആരോപണമാണ് വന്നത്. പൊന്നാനി മുന്‍ എസ്എച്ച്ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗിക പീഡന ആരോപണം ഉയര്‍ത്തി. വീട്ടമ്മയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ഡിജിപിക്ക് പരാതി നല്‍കുമെന്നും നിലവില്‍ സസ്‌പെന്‍ഷനിലുള്ള സുജിത് ദാസ് പറഞ്ഞു.
കുടുംബ പ്രശ്‌നത്തെക്കുറിച്ച് പരാതി നല്‍കാനെത്തിയ തന്നെ എസ്പിയും സിഐയും ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. സുജിത് ദാസിനെതിരെ പി.വി.അന്‍വര്‍ എംഎല്‍എ വെളിപ്പെടുത്തല്‍ നടത്തിയ സാഹചര്യത്തിലാണ് താന്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തീരുമാനിച്ചതെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു. സുജിത്ദാസുമായി നടത്തിയ ഫോണ്‍ സംഭാഷണം അന്‍വര്‍ പുറത്തുവിട്ടതോടെയാണ് സുജിത്തിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സംഭാഷണത്തില്‍ എഡിജിപിക്കെതിരെയും മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വിവാദ പ്രസ്താവനകളുള്ള സാഹചര്യത്തിലായിരുന്നു സസ്‌പെന്‍ഷന്‍.
ഇതിനിടെയാണ് സ്വപ്‌ന സുരേഷും രംഗത്തിറങ്ങിയിട്ടുള്ളത്. മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനുമെതിരെ വീണ്ടും ഗുരുതര ആരോപണമുന്നയിച്ച് നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌നാ സുരേഷ് എത്തിയത്. ഒന്നാം നമ്പര്‍ ആളറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒന്നും നടക്കില്ല. ഇതു കേവലം പൊളിറ്റിക്കല്‍ സെക്രട്ടറിയിലോ എഡിജിപിയിലോ ഒതുങ്ങി നില്‍ക്കുന്നതല്ലെന്ന് മുന്‍പും പറഞ്ഞിരുന്നു. എഡിജിപി
എം.ആര്‍.അജിത് കുമാറിനെക്കുറിച്ച് ഒന്നര വര്‍ഷം മുന്‍പ് ഒരു വെളിപ്പെടുത്തല്‍ നടത്തിയതാണ്. ഷാജ് കിരണ്‍ എന്ന ഇടനിലക്കാരനെ തന്റെ അടുത്തേക്കു വിട്ടത് അന്നത്തെ വിജിലന്‍സ് മേധാവി എം.ആര്‍.അജിത്ത് കുമാറാണ്. സരിത്തിനെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതും എഡിജിപിയുടെ ഗുണ്ടാ സംഘമാണ്. തനിക്കെതിരെ കേസെടുത്തതും ഫോണ്‍ തട്ടിയെടുത്തു തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതും ഇതേ എഡിജിപിയുടെ നേതൃത്വത്തിലാണ്. എഡിജിപി ആര്‍ക്കുവേണ്ടിയാണു പ്രവര്‍ത്തിച്ചത് എന്നു വ്യക്തമാണ്. എഡിജിപിക്കും മുകളിലുള്ളവര്‍ക്കുമാണ് ഇതിന്റെ ലാഭം. കേരളത്തില്‍ നടക്കുന്നതു ഗുണ്ടായിസമാണ്. ഷാജ് കിരണിനെ ഉപയോഗിച്ച് തന്നെ നിരീക്ഷിക്കാനുള്ള നിര്‍ദേശം നല്‍കിയതും എഡിജിപി എം.ആര്‍.അജിത്കുമാറാണ്.
നയതന്ത്രമാര്‍ഗത്തിലൂടെ സ്വര്‍ണം കടത്തിയെന്ന കേസിലാണ് താന്‍ പ്രതി. ഇപ്പോള്‍ പുറത്തുവരുന്ന ആരോപണങ്ങളിലെ ലോക്കല്‍ സ്വര്‍ണക്കടത്ത് സംഘത്തെ അറിയില്ല. തന്നെ ഭീഷണിപ്പെടുത്തിയത് എം.ആര്‍.അജിത്കുമാറാണ്. കോടതിയില്‍ നല്‍കിയ 164 സ്‌റ്റേറ്റ്‌മെന്റ് എന്താണെന്ന് അറിയുകയായിരുന്നു അവരുടെ ഉദ്ദേശ്യം. വിവാദമുണ്ടായി മൂന്നു മാസത്തിനുശേഷം, ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി അജിത്കുമാര്‍ തിരിച്ചുവന്നത് അതിശയകരമാണ്.
ആരാണ് ഇതിന്റെ പിന്നിലെന്നു വ്യക്തം. തന്റെ കയ്യില്‍ തെളിവുകള്‍ ഉള്ളതുപോലെ, അന്‍വറിന്റെ കയ്യിലും തെളിവുണ്ടാകാം. ഒരുപാടു കാര്യങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളെക്കുറിച്ചും ഇനി ചില നിര്‍ണായക തെളിവുകള്‍ പുറത്തു വരും. ഒന്നാം നമ്പര്‍ ആളുടെ തീരുമാനമില്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഒന്നും നടക്കില്ല. ഇത് പൊളിറ്റിക്കല്‍ സെക്രട്ടറിയില്‍ ഒതുങ്ങി നില്‍ക്കുന്ന വിഷയമല്ല. ആരെയെങ്കിലും മുന്‍പില്‍ കൊണ്ടുവന്നു നിര്‍ത്തി മുഖ്യമന്ത്രി നിരപരാധി എന്നു വരുത്തിത്തീര്‍ക്കാനാണു ശ്രമം. അതാണ് അവരുടെ പ്രവര്‍ത്തന രീതി.
നേരത്തേ സ്വപ്‌നാ സുരേഷില്‍ ഒതുക്കി നിര്‍ത്താന്‍ നോക്കി. അതു നടന്നില്ല. പിന്നീട് ശിവശങ്കറിന്റെ അറസ്റ്റിലേക്കുവരെ കാര്യങ്ങള്‍ നീങ്ങി. ഇടയ്‌ക്ക് സി.എം.രവീന്ദ്രനെ ചോദ്യം ചെയ്‌തെങ്കിലും അത് അവിടെ നിന്നു. ഇപ്പോള്‍ പി.ശശിയില്‍ വന്നു നില്‍ക്കുന്നു. അതിനു മുകളിലേക്കുള്ള ഒന്നാം നമ്പര്‍ ആളിലേക്ക് ഇത് എത്താതെ നോക്കുകയെന്നതാണ് അവരുടെ ലക്ഷ്യമെന്നാണ് സ്വപ്‌ന പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: