തിരുവനന്തപുരം: മുന്‍ സ്പീക്കറും കേരള രാഷ്ട്രീയത്തിലെ അതികായനുമായിരുന്ന ഡി. ദാമോദരന്‍പോറ്റിയുടെ മകന് ഡി.ജീവന്‍കുമാര്‍ മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ അംഗത്വമെടുത്തു. 22 വര്‍ഷമായി യോഗക്ഷേമ സഭയുടെ പ്രവര്‍ത്തകനായ ജീവന്‍കുമാര്‍ യോഗക്ഷേമസഭ മാസികയായ ‘യജ്ഞോപവീത’ത്തിന്റെ എഡിറ്ററാണ്. കേരള യൂണിവേഴ്സിറ്റിയില്‍നിന്നു വിരമിച്ച ജീവന്‍കുമാറിന്റെ പിതൃസഹോദരിയാണ് യശ്ശശരീരയായ പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തര്‍ജനം.
ഡി. ദാമോദരന്‍പോറ്റി അയ്യപ്പസേവാസംഘത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന കാലത്താണ് നിലയ്ക്കലില്‍ കുരിശും ക്രിസ്ത്യന്‍ പള്ളിയും സ്ഥാപിക്കുന്നതിനുള്ള ശ്രമമുണ്ടാകുന്നത്. ഈ വിഷയത്തിന്റെ പേരില്‍ കേരളം സ്ഫോടനാത്മകമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ സമാധാനപരമായ ഒത്തുതീര്‍പ്പിനായി ബിഷപ്പ് മാര്‍ കൂര്‍ലോസും സ്വാമി സത്യാനന്ദ സരസ്വതിയും കുമ്മനം രാജശേഖരനുമുള്പ്പെടെയുള്ളവര് തന്റെ വീടിന്റെ പൂമുഖത്ത് തന്റെ പിതാവിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത് നേരില്‍ കണ്ട അനുഭവം ജീവന്‍കുമാര്‍ ഓര്‍ത്തെടുത്തു.
”ഓരോ തെരഞ്ഞെടുപ്പുകാലത്തും നിലം വിറ്റ് മത്സരിക്കാനിറങ്ങിയിരുന്ന അച്ഛന് രാഷ്ട്രീയത്തെ വരുമാനമാര്‍ഗമായി കണ്ടിരുന്നില്ല. കൂടെ നിന്നിട്ടും ഇടതുപക്ഷം അച്ഛനെ കാലുവാരിയത് ഏറെ വിഷമിപ്പിച്ചു.”
ഡി.ദാമോദരന്‍പോറ്റി സ്പീക്കറായിരിക്കെ തന്റെ കാസ്റ്റിംഗ് വോട്ടിന്റെ ബലത്തില്‍ അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി. പില്ക്കാലത്ത് സിപിഐ ദാമോദരന്‍പോറ്റിയെ കാലുവാരി. മുന്‍മന്ത്രി എം.എന്‍. ഗോവിന്ദന്‍നായരും മുന്‍ സ്പീക്കര്‍ ശങ്കരനാരായണന് തമ്പിയും വെളിയം ഭാര്‍ഗവനും അമടക്കമുള്ള ഇടതുനേതാക്കള്‍ തങ്ങളുടെ തറവാടായ കൊട്ടാരക്കര താലൂക്കിലെ വെട്ടിക്കവല പഞ്ചായത്തിലുള്ള കോട്ടവട്ടം എന്ന സ്ഥലത്തെ തെങ്ങുന്നത്തു മഠത്തില്‍ ഒളിവില്‍ താമസിച്ചിരുന്നവരാണ്. പില്ക്കാലത്ത് പോറ്റിയുടെ സിറ്റിംഗ് മണ്ഡലമായ ചടയമംഗലത്ത് സീറ്റ് നല്‍കിയില്ലെന്നു മാത്രമല്ല എം.എന്‍. ഗോവിന്ദന്‍നായര്‍ അദ്ദേഹത്തിനെതിരെ മത്സരിച്ച് തോല്‍പ്പിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് വി.കെ. കൃഷ്ണമേനോനെതിരെ മത്സരിച്ചപ്പോള്‍ മൂവരും ദാമോദരന്‍ പോറ്റിക്കെതിരെ പ്രവര്‍ത്തിച്ചു. പിന്നീട് തുഞ്ചന്‍സ്മാരക സമിതിയുടെയും അയ്യപ്പസേവാസംഘത്തിന്റെയും പ്രവര്‍ത്തനത്തില്‍ മുഴുകി. പി. കേരളവര്‍മ്മ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ഇലക്ഷന് കമ്മിറ്റിയുടെ കണ്‍വീനറായി പോറ്റി ചുമതലയേറ്റെടുത്തു.
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കേന്ദ്രസര്‍ക്കാര്‍ ഉേദ്യാഗം രാജിവച്ചാണ് ദാമോദരന്‍ പോറ്റി രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ അറസ്റ്റിലായി. തിരികെ കേരളത്തിലെത്തിയ അദ്ദേഹം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ (പിഎസ്പി) ചേര്‍ന്നു. 1954 ല്‍ തിരുവിതാംകൂര്‍ കൊച്ചി നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1954 മുതല്‍ 56 വരെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. 1957 ലെ വിമോചന സമരത്തിന്റെ മുന്നണി പോരാളിയായി. 1960 ല്‍ കേരള നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം പട്ടം താണുപിള്ളയുടെ മന്ത്രിസഭയില്‍ പൊതുമരാമത്തുവകുപ്പ് മന്ത്രിയായി. തുടര്‍ന്നുവന്ന ആര്. ശങ്കര്‍ മന്ത്രിസഭയിലും ദാമോദരന്‍പോറ്റി പൊതുമരാമത്തു വകുപ്പ് മന്ത്രിയായി. 1967 ല്‍ വീണ്ടും നിയമസഭാംഗമായപ്പോള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ട്രേഡ് യൂണിയന് രംഗത്തും സജീവമായിരുന്നു അദ്ദേഹം. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മനംമടുത്ത ദാമോദരന്‍പോറ്റി 20 വര്‍ഷത്തോളം സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്നു.
ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന കെ. ദാമോദരന്‍ പോറ്റിയുടെ മകനായിരുന്നു ഡി. ദാമോദരന്‍പോറ്റി. മൂന്ന് തലമുറകളുടെ രാഷ്ട്രീയ പാരമ്പര്യം ഉണ്ടെങ്കിലും ആദ്യമായാണ് താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകുന്നതെന്നും അതിനു കാരണം നരേന്ദ്രമോദി സര്‍ക്കാരിന്റെ സദ്ഭരണമാണെന്നും ഡി.ജീവന് കുമാര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: