കൊല്‍ക്കത്ത: ആര് ജി കാര്‍ മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് കൂടി അറസ്റ്റിലായതോടെ വനിതാഡോക്ടറുടെ ബലാല്സംഗക്കൊലക്കേസില് അന്വേഷണ നടപടികള്‍ പുതിയ വഴിത്തിരിവിലെത്തി.
പ്രതികളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഭരണകക്ഷിയും ആവുന്നതെല്ലാം ചെയ്യുന്നുവെന്ന ആരോപണം ശക്തമായിരിക്കെ, പ്രതികള്‍ രക്ഷപ്പെടാനിടനല്കരുതെന്നും അന്വേഷണം ത്വരിതപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ ഗവര്‍ണര്‍ ഡോ.സി.വി ആനന്ദബോസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഗവര്‍ണര്‍ അടുത്തദിവസംതന്നെ ആ കത്തുമായി ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രിക്ക് കൈമാറുകയും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദീകരിക്കുകയും ചെയ്തു. അതിന്റെ ഫലം നടപടികളില്‍ പ്രതിഫലിച്ചുതുടങ്ങി. മുഖ്യമന്ത്രിയാകട്ടെ പരാതി കിട്ടിയതായിപ്പോലും ഭാവിച്ചില്ല.
സന്ദേശ്ഖാലി സംഭവത്തിലും സമാനമായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍. പ്രധാനപ്രതി ഷെയ്ഖ് ഷാജഹാനെ തൃണമൂല്‍ പാര്‍ട്ടി ഒളിപ്പിച്ചു സംരക്ഷിച്ചപ്പോള്‍ 72 മണിക്കൂറിനുള്ളില്‍ അയാളെ പുറത്തുകൊണ്ടുവരാത്തപക്ഷം താന്‍ താമസം സന്ദേശ് ഖാലിയിലേക്ക് മാറ്റുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് പ്രതിയെ അറസ്റ്റുചെയ്യാനായത്.
ആര് ജി കാര്‍ സംഭവത്തിലും പ്രതികള്‍ ഭരണകക്ഷിയുടെയും സര്‍ക്കാരിന്റെയും സംരക്ഷണയിലാണെന്ന ആരോപണം ശക്തമായി നിലനില്‍ക്കെയാണ് ഡോക്ടറുടെ രക്ഷിതാക്കള്‍ ഗവര്‍ണറുടെ അടിയന്തര ഇടപെടലിനായി സമീപിച്ചത്. ഗവര്‍ണര്‍ അതുടന്‍ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്കൊണ്ടുവരികയുംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: