സംഗീത സംവിധായകന് മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നു. തൃശൂരില്‍ ഏഴ് ലക്ഷം പേരെ ബിജെപിയില്‍ ചേര്‍ക്കാനാണ് നീക്കം. സുരേഷ് ഗോപിയ്ക്ക് ശേഷം തൃശൂരില്‍ ബിജെപി ഒരു പുത്തന്‍ ഉണര്‍വ്വിലാണ്.
ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാറാണ് അംഗത്വം നല്‍കിയത്. ബിജെപി തൃശൂര്‍ ജില്ലാതല അംഗത്വ ക്യാമ്പയിന് തുടക്കം കുറിച്ചാണ് മോഹന്‍ സിതാരയ്ക്ക് അംഗത്വം കൈമാറിയത്. ജില്ലയില്‍ ഒക്ടോബര്‍ 15 വരെയാണ് ബിജെപിയുടെ അംഗത്വ പ്രചാരണം.
തൃശൂരില്‍ ഏഴ് ലക്ഷം പേരെ പുതുതായി അംഗങ്ങളാക്കാനാണ് ശ്രമമെന്ന് അനീഷ് കുമാര്‍ പറഞ്ഞു. ചടങ്ങില്‍ തൃശൂര്‍ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി മേനോന്, സംസ്ഥാന കമ്മിറ്റി അംഗം മുരളി കൊളങ്ങാട്ട് എന്നിവര്‍ പങ്കെടുത്തു.
1959-ൽ തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂരിൽ പരേതരായ കല്ലത്തോട്ടിൽ കുമാരന്റെയും ദേവകിയുടേയും മകനായി ജനിച്ച മോഹൻ സിതാര അനുഗൃഹീത സംഗീതസംവിധായകനാണ്. സ്കൂൾ വിദ്ധ്യാഭ്യാസത്തിനു ശേഷം വയലിൻ പഠിക്കുവാനായി സംഗീത പാഠശാലയിൽ ചേർന്നു. തിരുവനന്തപുരത്തെ നിസരി എന്ന സംഗീത വിദ്യാലയത്തിൽ നിന്ന് പാശ്ചാത്യ സംഗീതവും പഠിച്ചു. ഇക്കാലത്തു തന്നെ തിരുവനന്തപുരത്തെ ഗാനമേള ട്രൂപ്പായ സിതാരയിൽ വയലനിസ്റ്റായി ജോലിചെയ്തു. ഇതിനെത്തുടർന്നാണ് അദ്ദേഹം ‘മോഹൻ സിത്താര’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. സംഗീതസംവിധായകന് എന്ന നിലയില്‍ അവിസ്മരണീയമായ ഒട്ടേറെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. ഇലകൊഴിയും ശിശിരത്തിൽ (വർഷങ്ങൾ പോയതറിയാതെ), പുതുമഴയായ് പൊഴിയാം (മുദ്ര), നീൾമിഴിപ്പീലിയിൽ (വചനം) ഉണ്ണി വാവാവോ, സ്വരകന്യകമാര്‍ വീണ മീട്ടുകയായ് (സാന്ത്വനം), ഇരുളിൽ മഹാനിദ്രയിൽ (ദൈവത്തിന്റെ വികൃതികൾ), സ്നേഹത്തിൻ പൂനുള്ളി, സിന്ദൂര സന്ധ്യേ പറയൂ, എന്റെ ഉള്ളുടുക്കും കൊട്ടി (ദീപസ്തംഭം മഹാശ്ചര്യം), ആലിലക്കണ്ണാ (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും), കണ്ണീർ മഴയത്ത്, എന്തുഭംഗി നിന്നെക്കാണാൻ (ജോക്കര്‍) , ചഞ്ചല ദ്രുതപദ താളം, കണ്ടു കണ്ടു കണ്ടില്ല ( ഇഷ്ടം), സഹ്യസാനുശ്രുതി ചേർത്ത് വച്ച, കൈകൊട്ട് പെണ്ണെ ( കരുമാടി കുട്ടൻ) തുടങ്ങി ഒട്ടേറെ ജനപ്രിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. ഏകദേശം എഴുനൂറ്റിയമ്പതോളം ഗാനങ്ങൾക്ക് സംഗീതം സംവിധാനം നിർവഹിച്ചു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: