പാലക്കാട്: എലുപ്പുള്ളി വോങ്ങോട് ചുരക്കാപ്പള്ളി വീട്ടിലേക്ക് അവിചാരിതമായി ഒരതിഥി. കുടുംബനാഥന് നാരായണന്റേയും ഭാര്യ വിശാലാക്ഷിയുടേയും സുഖവിവരം അന്വേഷിക്കാന്‍. അതീവ സുരക്ഷാ സംഘത്തിന്റെ അകമ്പടിയോടെ എത്തിയ അതിഥിയെ കണ്ട് സമീപവാസികള്‍ അത്ഭുതം കൂറി. കേരളീയ വേഷത്തില്‍ കസവുമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചെത്തിയ ബിജെപിയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ ജെ പി നദ്ദയായിരുന്നു ആ വിവിഐപി അതിഥി.
ജന്മനാടായ ഹിമാചലില്‍ തന്റെ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ കയ്യിലേന്തുന്ന സംഘടനാസെക്രട്ടറിയുടെ ജന്മഗൃഹത്തിലേക്കാണ് നദ്ദ എത്തിയത്. ആര് എസ് എസ് പ്രചാരകനും ഇപ്പോള്‍ ബിജെപി ഹിമാചല്‍ സംഘടനാ സെക്രട്ടറിയുമായ സിദ്ധാര്‍ത്ഥന്റെ മാതാ പിതാക്കളാണ് നാരായണനും വിശാലാക്ഷിയും. വീട്ടിലെത്തി ഉരുവരുടേയും സുഖവിവരം അറിഞ്ഞു മടങ്ങുക മാത്രമായിരുന്നു നദ്ദയുടെ യാത്രാ ഉദ്ദേശ്യം. സിദ്ധാര്‍ത്ഥനെ പോലും അറിയിക്കാതെയായിരുന്നു ദേശീയ അധ്യക്ഷന്റ അപ്രതീക്ഷിത സന്ദര്‍ശനം.
ആര് എസ് എസ് ദേശീയ സമന്വയ ബൈഠക്കില്‍ പങ്കെടുക്കുന്നതിനാണ് ജെ പി നദ്ദ പാലക്കാട് എത്തിയത്. സിദ്ധാര്‍ത്ഥന്റെ വീട്ടിലേക്ക് പോകണമെന്ന ആവശ്യം സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനോട് പറഞ്ഞത്. ഉടന്‍ തന്നെ അതിനുള്ള ക്രമീകരണം നടത്തി.
ചുരക്കാപ്പള്ളി വീട്ടിലേക്ക് ജെ പി നദ്ദയും കെ സുരേന്ദ്രനും ബിജെപി ജനറല്‍ സെക്രട്ടറി കൃഷ്ണകുമാറും എത്തിയപ്പോള്‍ കുടൂംബാംഗങ്ങള്‍ സ്വീകരിച്ചു. 33 വര്‍ഷമായി പൊതു പ്രവര്‍ത്തനത്തിനായി വീടു വിട്ടുപോയ മകന്റെ സുഖവിവരമായിരുന്നു നാരായണനും വിശാലാക്ഷിക്കും അറിയാനുണ്ടായിരുന്നത്. സിദ്ധാര്ത്ഥന് സുഖമായിരിക്കുന്നുവെന്നും ഹിമാചലില്‍ ഞങ്ങളുടെ നേതാവാണെന്നും നദ്ദ മറുപടി പറഞ്ഞു. അരമണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയും എടുത്തു.
1992 ല്ദല്ഹിയില് സ്ക്കൂളില്‍ ജോലിക്കായി പോയ സിദ്ധാര്ത്ഥന് അവിടെ വെച്ചാണ് ആര്‍എസ്എസ് പ്രചാരകനായി മാറുന്നത്. 1998 ല്‍ ദല്‍ഹിയില്‍ വിദ്യാര്‍ത്ഥി വിഭാഗിന്റെ ചുമതലയായിരുന്നു ആദ്യം. പിന്നീട് ദല്‍ഹി ഉത്തര- ദക്ഷിണ വിഭാഗിന്റെ പ്രചാരകനായി. 2015 ല്‍ ദല്‍ഹി സംസ്ഥാന സംഘടനാ സെക്രട്ടറിയായി ബിജെപിയുടെ ചുമതലയിലേക്ക് നിയോഗിക്കപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിമാചലില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടതിനെതുടര്‍ന്ന് സംഘടനാ ചുമതലകളില്‍ മാറ്റം വരുത്തിയതിന്റെ ഭാഗമായി 2023 ല്‍ ഹിമാചല്‍പ്രദേശ് സംഘടനാ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ സ്വന്തം തട്ടകത്തിലെ ഉത്തരവാദിത്വം സിദ്ധാര്ത്ഥന് നിറവേറ്റിയത് ലോകസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള നാലു സീറ്റും പാര്‍ട്ടിയെ വിജയിപ്പിച്ചാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: