സെപ്റ്റോ എന്ന സ്റ്റാര്‍ട്ടപ് കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ കൈവല്യ വോറ ആണ് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ലിസ്റ്റില്‍ ഏറ്റവും പ്രായം കുറഞ്ഞവ്യക്തി. കൈവല്യ വോറയ്ക്ക് 21 വയസ്സാണ്. കൈവല്യ വോറയുടെ ആസ്തി 3600 കോടിയാണ്. സെപ്റ്റോ എന്ന കമ്പനിയുടെ സഹസ്ഥാപകന്‍ ആദിത് പാലിചയും ശതകോടീശ്വരനാണ്. പ്രായം 22 വയസ്സ്. ഇദ്ദേഹത്തിന്റെ ആസ്തി 4300 കോടി. ബെംഗളൂരു സ്വദേശിയായ കൈവല്യ വോറ 2021ല്‍ തന്നെ ഹുറുണ്‍ സമ്പന്നരുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിരുന്നു.
ഹുറുണ്‍ ഇന്ത്യ എന്ന കമ്പനി പ്രസിദ്ധീകരിച്ച ഇന്ത്യയിലെ 334 ശതകോടീശ്വരന്മാരുടെ ലിസ്റ്റിലാണ് കൈവല്യവോറയെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി എടുത്തുകാട്ടിയിരിക്കുന്നത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ബിസിനസിലേക്ക് പ്രവേശിക്കുകയായിരുന്നു.
2021ല്‍ കോവിഡ് മഹാമാരിയുടെ കാലത്താണ് ഇരുവരും ചേര്‍ന്ന് സെപ്റ്റോ എന്ന അതിവേഗ ഇ-കൊമേഴ്സ് കമ്പനി ആരംഭിക്കുന്നത്. അതിവേഗം അവശ്യസാധനങ്ങള്‍ കൈകൊണ്ട് സ്പര്‍ശിക്കാതെ വീട്ടുപടിക്കല്‍ എത്തിക്കുക എന്നതായിരുന്നു ഇവരുടെ ബിസിനസ് സംരംഭം. ഇത് വന്‍വിജയമായി. സെപ്റ്റോ ഇന്ന് ഇന്ത്യയിലെ നഗരങ്ങളായ ബെംഗളൂരു, ലഖ്നോ, ദല്‍ഹി, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഉണ്ട്. 2023ലേ ആസ്തി 140 കോടി ഡോളര്‍ എത്തുക വഴി സെപ്റ്റോ യൂണികോണ്‍ പദവിയിലെത്തിയ സ്റ്റാര്‍ട്ടപ് ആയി മാറിക്കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: