തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഇ.പി ജയരാജനെ നീക്കി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് സിപിഎമ്മിന്റെ അച്ചടക്ക നടപടിക്ക് കാരണമായത്. ഇന്ന് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഇ. പി ജയരാജൻ പങ്കെടുത്തില്ല. നടപടി ഉറപ്പായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
നാളെ മുതൽ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമാകും. അതിനു മുൻപായി പാർട്ടിയിലെ അച്ചടക്ക നടപടികൾ പൂർത്തിയാക്കാനാണ് പാർട്ടിയുടെ തീരുമാനം.
പ്രകാശ് ജവദേക്കർ-ഇ.പി ജയരാജൻ കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് സമയത്ത് വിവാദമായിരുന്നു. ദല്ലാൾ നന്ദകുമാറും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമായിരുന്നു ഇ.പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തയത്.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തിറങ്ങിയ ഇ.പി ജയരാജൻ ജാവദേക്കറെ കണ്ടെന്ന് സമ്മതിച്ചിരുന്നു. തന്റെ മകന്റെ വീട്ടില്‍ വന്ന് ജാവദേക്കര്‍ കണ്ടിരുന്നുവെന്ന് ജയരാജൻ സമ്മതിക്കുകയായിരുന്നു. ഇ.പി ജയരാജനെ നേരത്തെ സിപിഎം ന്യായീകരിച്ചിരുന്നു. ജയരാജനെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: