ബെംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ഈ വർഷം ഡിസംബറോടെ ഓടിത്തുടങ്ങും. സെപ്റ്റംബർ 20ന് ബെംഗളൂരു പ്ലാൻ്റിൽ നിന്ന് ട്രെയിൻ കോച്ചുകൾ പുറത്തിറങ്ങുമെന്നാണ് വിവരം.
ബെംഗളൂരുവിലെ ബിഇഎംഎൽ പ്ലാൻ്റിൽ നിന്നാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പുറത്തിറങ്ങുന്നതെന്ന് ബെംഗളൂരു സെൻട്രൽ നിയോജക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി പി.സി. മോഹൻ പറഞ്ഞു. ഈ വർഷം ഡിസംബറോടെ ട്രെയിൻ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ രണ്ട് മാസത്തിനുള്ളിൽ ട്രാക്കിലിറങ്ങുമെന്ന് കഴിഞ്ഞ ജൂണിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ഇത്തരം വന്ദേ ഭാരത് ട്രെയിനുകൾക്ക് യാത്രക്കാരിൽ നിന്ന് ലഭിച്ച മികച്ച സ്വീകാര്യതയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ വരവിന് കാരണമായത്.
മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ശേഷിയുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിലവിലെ രാജധാനി എക്സ്പ്രസിന് വെല്ലുവിളിയാകും. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾക്ക് പിന്നാലെയാകും മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ട്രാക്കിലെത്തുക. 2026ന് ശേഷമാകും ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക് ഓടിത്തുടങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: