തിരുവനന്തപുരം: . മുന്നണിക്കുള്ളില്‍ നിന്നു തന്നെ രാജി ആവശ്യം ഉയര്‍ന്നതോടെ തിരക്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച് നടനും എംഎല്‍എയുമായ എം മുകേഷ്. പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുകേഷ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
പരാതിക്കാരി പണം തട്ടാന്‍ ശ്രമിച്ചതിനുള്ള തെളിവുകളും മുഖ്യമന്ത്രിക്ക് കൈമാറി. ബലാത്സംഗ കേസില്‍ മുകേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കില്ലെന്നാണ് സൂചന. തന്റെ പക്കല്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന തെളിവുകള്‍ നിരത്തി നിയമപരമായി നേരിടാനാണ് മുകേഷിന് നിയമോപദേശം ലഭിച്ചത്. അതിനാല്‍ തല്ക്കാലം ഹൈക്കോടതിയെ സമീപിക്കില്ല.
കൊച്ചി സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആരോപണത്തില്‍ കേസെടുത്തതോടെ മുകേഷ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കണമെന്ന ആവശ്യം ശക്തമായി. മുകേഷ് രാജിവെച്ച് അന്വേഷണത്തെ നേരിടുന്നതാണ് ധാര്‍മ്മികതയെന്ന് സിപിഐ അഭിപ്രായപ്പെട്ടു. രാജി ആവശ്യവും പ്രതിപക്ഷ പ്രതിഷേധവും ശക്തമായതോടെ മുകേഷിന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി. കുമാരപുരത്തെ വീട് ശക്തമായ പോലീസ് സംരക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: