കൊൽക്കത്ത : ബിജെപി ആഹ്വാനം ചെയ്ത 12 മണിക്കൂർ ബംഗാൾ ബന്ദിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുകാന്ത മജുംദാർ പ്രതിഷേധത്തിൽ പങ്കു ചേർന്നു. ബാഗിയാട്ടിയിൽ നടന്ന റാലിയിലാണ് ബിജെപി നേതാവ് പങ്കെടുത്തത്. കൊൽക്കത്ത ഹൈക്കോടതി അനുമതി നൽകിയതിനെ തുടർന്ന് ഓഗസ്റ്റ് 29 മുതൽ ഏഴ് ദിവസത്തെ ധർണ ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ സുകാന്ത മജുംദാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏഴ് ദിവസത്തെ ധർണയ്ക്ക് കൊൽക്കത്ത ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. നാളെ മുതൽ അത് ആരംഭിക്കും. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇവിടെ ജനാധിപത്യമില്ല, പോലീസിന് വെടിവയ്പ്പ് നിർത്താൻ കഴിയില്ല, പക്ഷേ ബിജെപിയുടെ പ്രതിഷേധം തടയാൻ കഴിയും. പോലീസിന് ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്യാം, പക്ഷേ പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ ദിവസം നബന്ന അഭിജൻ റാലിയിൽ പ്രതിഷേധക്കാർക്ക് നേരെ കൊൽക്കത്ത പോലീസ് ലാത്തി ചാർജും ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചതിനെ തുടർന്നാണ് ബിജെപി 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തത്. ആർജി കർ മെഡിക്കൽ കോളജ് ആശുപത്രി ബലാത്സംഗ-കൊലപാതക കേസിലെ പ്രതിഷേധങ്ങൾക്കിടയിൽ പശ്ചിമ ബംഗാൾ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് നബണ്ണയിലേക്ക് മാർച്ച് ചെയ്ത പ്രതിഷേധക്കാരെ ഹൗറ പാലത്തിൽ വച്ച് പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാർജ് ചെയ്യുകയുമായിരുന്നു.
ആഗസ്ത് 9 ന് ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ട്രെയിനി ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ദേശീയ രോഷത്തിന് കാരണമാവുകയും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിരവധി റാലികൾ നടക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിജെപിയുട പ്രതിഷേധവും കനക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: