ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം ശക്തമാക്കിയതായി ഇസ്രയേൽ സൈന്യം. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത് . അതേസമയം തങ്ങളുടെ കമാൻഡർ ഫവാദ് ഷുക്കറിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ആരംഭിച്ചതായണ് ഹിസ്ബുള്ളയുടെ പ്രഖ്യാപനം. ആക്രമണത്തിന്റെ ആദ്യ ഘട്ടത്തിൽ 300 ലധികം റോക്കറ്റുകൾ ഹിസ്ബുള്ള തൊടുത്തുവിട്ടതായാണ് റിപ്പോർട്ട് . ഈ ആക്രമണത്തിന് ശേഷം ഇസ്രയേലിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
അപകടസാധ്യത കണക്കിലെടുത്ത്, ഇസ്രായേൽ വിമാനങ്ങൾ റദ്ദാക്കുകയും ബീച്ചുകളിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു. ഗ്രേറ്റർ ടെൽ അവീവ്, വടക്കൻ, തെക്ക് അധിനിവേശ ഗോലാൻ കുന്നുകൾ, അൽ-ജലീൽ, ജോർദാൻ താഴ്വര, കാർമൽ എന്നിവിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചു.
ഹിസ്ബുള്ളയുടെ ആക്രമണത്തിന് ശേഷം, ഞായറാഴ്ച രാവിലെ ഇസ്രായേൽ സുരക്ഷാ കാബിനറ്റ് അടിയന്തര യോഗം വിളിച്ചു, അതേസമയം ഇന്ന് നടക്കാനിരുന്ന പ്രതിവാര സർക്കാർ യോഗം മാറ്റിവച്ചു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഇസ്രയേൽ അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ സൈനിക സ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്നും തങ്ങളുടെ ആക്രമണം വിജയകരമായിരുന്നുവെന്നും ഹിസ്ബുള്ള അവകാശപ്പെട്ടു. കൂടാതെ, തങ്ങളുടെ ആക്രമണം തുടരുമെന്നുമാണ് ഹിസ്ബുള്ളയുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: