സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്ട്ടിന്മേല് നടപടിയെടുക്കുന്നില്ലെങ്കില്‍ അതുകൊണ്ട് എന്താണ് പ്രയോജനമെന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാണ്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമ നടപടി ആവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ജനങ്ങള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യം കോടതിയുടെ ഡിവിഷന് ബെഞ്ച് ഉയര്‍ത്തിയിരിക്കുന്നത്. സ്വകാര്യതയുടെ പേരില്‍ ഒഴിവാക്കിയ ഭാഗങ്ങളുള്‍പ്പെടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച് നാലര വര്‍ഷക്കാലവും, വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് വെളിപ്പെട്ടശേഷവും ഓരോരോ തൊടുന്യായങ്ങള്‍ പറഞ്ഞ് കുറ്റാരോപണം നേരിടുന്നവര്ക്കെതിരെ നടപടിയെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍ ചെയ്തത്. കോടതിയുടെ ഇടപെടലോടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ നിലപാടുകള്‍ പരിഗണിക്കുമെങ്കിലും ഹേമ കമ്മിറ്റിക്കു മുന്‍പാകെ തിരിച്ചറിയാവുന്ന കുറ്റങ്ങള്‍ വെളിപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി വേണമോയെന്നത് കോടതി തീരുമാനിക്കുമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് മനു എന്നിവരടങ്ങുന്ന ബെഞ്ച് മുന്നറിയിപ്പ് നല്കിയിരിക്കുന്നു. റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുള്ളവരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികള്‍ പൊളിക്കാന്‍ പോന്നതാണിത്. ലൈംഗിക ചൂഷണത്തിന് ഇരയായവരെ എങ്ങനെ സംരക്ഷിക്കാം, കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടിയെടുക്കാം തുടങ്ങിയ വിഷയങ്ങള്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞിരിക്കുന്നത് പ്രതീക്ഷ നല്കുന്നു.
ഒരു പ്രമുഖ സിനിമ നടി കാറില്‍ ലൈംഗികമായ അതിക്രമം നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ വ്യാപകമായ പരാതികള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. പരാതികള്‍ പരിശോധിക്കുകയും, ഇരകളായ പലരില്‍നിന്നും മൊഴിയെടുക്കുകയും ചെയ്ത് അതീവ രഹസ്യമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ കളംമാറ്റി ചവിട്ടി. ആരോപണവിധേയര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞുകൊണ്ടിരുന്നതല്ലാതെ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ല. പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ തന്ത്രപരമായ നിലപാട്. റിപ്പോര്‍ട്ടില്‍ പവര്‍ഗ്രൂപ്പ് എന്നു വിമര്‍ശിക്കപ്പെടുന്നവര്‍ക്കെതിരെ പരാതി സമര്‍പ്പിക്കാന്‍ ആരും ധൈര്യപ്പെടില്ലെന്നു കരുതിയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു കള്ളക്കളി കളിച്ചത്. സ്വകാര്യതയുടെ ലംഘനമാകുമെന്നു പറഞ്ഞ് റിപ്പോര്‍ട്ട് ഭാഗികമായി പുറത്തുവിട്ടതിനു പിന്നിലും വേട്ടക്കാരും സര്‍ക്കാരും തമ്മിലെ ഒത്തുകളിയാണുള്ളത്. ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന ഒരു സംവിധായകനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാവുന്ന ഒരു പരാതി പോലീസിന് ലഭിച്ചിട്ടും ഇടതുമുന്നണി സര്‍ക്കാര്‍ നടപടിയെടുത്തില്ല. പ്രശ്നം പറഞ്ഞു തീര്‍ത്തതാണെന്ന ഈ സംവിധായകന്റെ നിലപാട് പോലീസ് ശരിവയ്ക്കുകയായിരുന്നു. യാതൊരു പോറല്‍ പോലുമേല്‍ക്കാതെ ഈ സംവിധായകന് സര്‍ക്കാരിന്റെ തണലില്‍ ഇപ്പോഴും സാംസ്കാരിക നായകനായി വിലസുകയാണ്.
ഗുരുതരമായ വെളിപ്പെടുത്തലുകളുള്ള ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേല് നടപടിയെടുക്കുന്നതിനു പകരം കമ്മിറ്റി റിപ്പോര്‍ട്ടാണ്, കമ്മീഷന് റിപ്പോര്‍ട്ടല്ല, ജുഡീഷ്യല്‍ അധികാരമില്ല എന്നൊക്കെ പറഞ്ഞ് തെറ്റിദ്ധാരണ പരത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്ന അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുവേണം റിപ്പോര്‍ട്ട് പുറത്തുവിടാനെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞത് വളച്ചൊടിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. കമ്മിറ്റി റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്തുവരരുതെന്ന് ആഗ്രഹിച്ചവര്‍ ആ പക്ഷപാതം മൂടിവയ്ക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയായിരുന്നു. ജസ്റ്റിസ് ഹേമ റിപ്പോര്‍ട്ട് പുറത്തുവരികയും, ഗുരുതരമായ കുറ്റങ്ങള്‍ വെളിപ്പെടുകയും ചെയ്തതോടെ വേട്ടക്കാരെയും ഇരകളെയും ഒരുമിച്ചിരുത്തി പ്രശ്നം പരിഹരിക്കാനാണത്രേ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനുവേണ്ടിയാണ് സിനിമാ കോണ്‍ക്ലേവുമായി രംഗത്തുവരുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ ഇടപെടലോടെ സര്‍ക്കാരിന്റെയും ഒരു വിഭാഗം സിനിമക്കാരുടെയും കള്ളക്കളികള്‍ പൊളിയുകയാണ്. സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍പ്പോലും അഭിപ്രായ ഭിന്നതകള്‍ വന്നിരിക്കുന്നു. സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ യാതൊരു നടപടിയുമെടുക്കാന്‍ പോകുന്നില്ല. കോടതിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. ജനങ്ങള്‍ അത് ആഗ്രഹിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: