വാഴ്‌സോ: ഉക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങള്‍ ഏറെ ആശങ്കാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധഭൂമിയിലൂടെ ഒരു പ്രശ്നത്തിനും പരിഹാരം കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണു വഴിയെന്നും മോദി പറഞ്ഞു. പോളണ്ടിലെ ദ്വിദിന സന്ദര്‍ശനത്തിനിടെ പോളിഷ് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
ചര്‍ച്ചകളും നയതന്ത്ര നീക്കങ്ങളുമാണ് സമാധാനത്തിനുള്ള വഴിയായി ഭാരതം കാണുന്നത്. സുഹൃദ് രാഷ്‌ട്രങ്ങളുമായി ചേര്‍ന്ന് സമാധാനത്തിനും സുസ്ഥിരതയ്‌ക്കുമായി എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. ഭീകരവാദമടക്കമുള്ള എല്ലാ വെല്ലുവിളികളെയും ഭാരതവും പോളണ്ടും യോജിച്ച് നേരിടുമെന്നും മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കുമെന്ന് പോളിഷ് പ്രസിഡന്റ് ആന്ദ്രേ ദുദയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷം പ്രധാനമന്ത്രി പറഞ്ഞു. നാലര പതിറ്റാണ്ടിന് ശേഷം എത്തുന്ന ഭാരത പ്രധാനമന്ത്രിക്ക് വലിയ വരവേല്‍പ്പു നല്കിയതിന് നന്ദി രേഖപ്പെടുത്തുന്നതായും മോദി പറഞ്ഞു. ഉക്രൈന്‍ സംഘര്‍ഷ വേളയില്‍ ഭാരത വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതപാതയൊരുക്കി രക്ഷപ്പെടുത്തിയതിന് പോളണ്ട് അധികൃതര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും മോദി പറഞ്ഞു.
പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യവേ, ഭാരതത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. ഡോബ്രി മഹാരാജ- കോലാപുര്‍- മോണ്ടെ കാസിനോ യുദ്ധ സ്മാരകങ്ങള്‍ ഇരുരാജ്യങ്ങളും അവിടത്തെ ജനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ഉജ്വല ഉദാഹരണങ്ങളാണ്. ഈ സവിശേഷ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനായി, പ്രധാനമന്ത്രി ജാംസാഹെബ് സ്മാരക യുവജന വിനിമയ പരിപാടി എന്ന പേരില്‍ പുതിയ സംരംഭം പ്രഖ്യാപിച്ചു. അതിനു കീഴില്‍ ഓരോ വര്‍ഷവും 20 പോളിഷ് യുവാക്കളെ ഭാരതത്തിലേക്ക് ക്ഷണിക്കും. ഗുജറാത്തിലെ ഭൂകമ്പ സമയത്തു പോളണ്ട് നല്കിയ സഹായവും അദ്ദേഹം അനുസ്മരിച്ചു.
പത്ത് വര്‍ഷത്തിനിടെ ഭാരതം കൈവരിച്ച വലിയ പുരോഗതിയെക്കുറിച്ചും മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനെപ്പറ്റിയും 2047 ഓടെ ഭാരതത്തെ വികസിത രാഷ്‌ട്രമാക്കുന്നതിനുള്ള കാഴ്ചപ്പാടുകളും അദ്ദേഹം പങ്കുവച്ചു. ലോകം ഏക കുടുംബമാണ് എന്ന ആശയം ഉള്‍ക്കൊള്ളുന്ന ‘വസുധൈവ കുടുംബകം’ എന്ന ഭാരതത്തിന്റെ സന്ദേശത്തെപ്പറ്റി പറഞ്ഞ മോദി, ആഗോള ക്ഷേമത്തിനു സംഭാവന നല്കാനും മാനുഷിക പ്രതിസന്ധികളില്‍ അതിവേഗം പ്രതികരിക്കാനും ഭാരതത്തെ പ്രചോദിപ്പിക്കുന്നത് ആ വീക്ഷണമാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: