ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ അറിയില്ല, നടന് വിജയിയെ തനിക്ക് അറിയാമെന്ന് ഒളിമ്പിക്സ് മെഡല്‍ താരം ഷൂട്ടർ മനു ഭാക്കർ. തമിഴ്നാട് നോളമ്പൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം. വിദ്യാർത്ഥികളുടെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെ വിജയ്യെ കുറിച്ചുള്ള മനു ഭാക്കറുടെ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ മനു ഭാക്കര്‍ അവർക്കൊപ്പം പാട്ടും നൃത്തവും ആസ്വദിക്കുകയും ചെയ്തു.
തമിഴ് വിഭവമായ പൊങ്കൽ കഴിച്ചിട്ടുണ്ടോയെന്നായിരുന്നു ആദ്യ ചോദ്യം. പൊങ്കൽ കഴിച്ചിട്ടുണ്ടെന്നും സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ തനിക്ക് ഇഷ്ടമാണെന്നും മനു മറുപടി പറഞ്ഞു.
മഹാബലിപുരം, മീനാക്ഷിയമ്മൻ ക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അറിയുമോ എന്ന ചോദ്യത്തിനും മനു ഇല്ലെന്ന് മറുപടി പറഞ്ഞു. ചെസ് സൂപ്പർ താരം പ്രഗ്നാനന്ദയെ അറിയുമോയെന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു താരത്തിന്റെ മറുപടി.
നിങ്ങൾ കഠിനാധ്വാനം ചെയ്താൽ വലിയ കാര്യങ്ങൾ നേടാനാകുമെന്ന് താരം പറഞ്ഞു. പരാജയപ്പെട്ടാലും നാം തളരരുത്. ധാരാളം തൊഴിലവസരങ്ങളുണ്ട്, ഡോക്ടർ, എഞ്ചിനീയർ മാത്രമല്ല, അതിനപ്പുറം നിരവധി തൊഴിലവസരങ്ങളുണ്ട്, പ്രത്യേകിച്ച് കായിക മേഖലയിൽ, ലോകമെമ്പാടും സഞ്ചരിക്കാൻ കായിക മേഖല തിരഞ്ഞെടുക്കാമെന്നും മനു പറഞ്ഞു.
നമ്മുടെ പശ്ചാത്തലത്തിൽ ഒരിക്കലും ലജ്ജിക്കരുത്. എവിടെ നിന്നാണ് വന്നതെന്നത് പ്രശ്നമല്ല, എനിക്ക് ഇംഗ്ലീഷ് അറിയില്ല, എനിക്ക് പലതും അറിയില്ല, ഞാൻ പിന്നീട് പഠിച്ചു. അവർ പഠിപ്പിച്ചു. എന്റെ വിജയത്തിന് ഒരാൾക്ക് മാത്രം ഉത്തരവാദിയാകാൻ കഴിയില്ല, എന്റെ കുടുംബം, പരിശീലകര്‍, സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റി മറ്റുള്ള എല്ലാവരുടേയും സംഭാവനയാണ്. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്ന് താരം വ്യക്തമാക്കി. വിനേഷ് ഫോഗട്ടിനെ എപ്പോഴും ഒരു പോരാളിയായാണ് ഞാന്‍ കാണുന്നത്. അവൾക്ക് എല്ലാം തരണം ചെയ്യാൻ കഴിവുണ്ടെന്നും മനു പറഞ്ഞു.
സ്കൂൾ കാലത്ത് ഷൂട്ടിങ്ങിനോട് താൽപ്പര്യമുണ്ടായിരുന്നു. പഠനസമയത്ത് തന്നെ ദേശീയ ഷൂട്ടിങ് ടീമിൽ ഇടം നേടാനുള്ള അവസരം ലഭിച്ചു. അതായിരുന്നു എന്റെ ആദ്യ ചുവടെന്ന് മനു ഭാക്കര്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ ചെന്നിട്ട് ഇങ്ങനെ പറയാമോ എന്നാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ നിറയുന്നത്. അതേസമയം വിജയ് ആരാധകര്‍ സന്തോഷത്തിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: