പാര്‍ട്ടി കോണ്‍ഗ്രസിന് ഒരുങ്ങുകയാണ് സിപിഎം. കൊട്ടും കുരവയുമായി ഒരുങ്ങുന്നതിനിടയിലാണ് നടപടികളും. പത്തനംതിട്ടയില്‍ ഒരു ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ താക്കീത്. ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചതിനാണ് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.കെ.ശ്രീധരനെ താക്കീത് ചെയ്തത്. കൊടുമണ്‍ പഞ്ചായത്തിലെ ഓടനിര്‍മാണത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫ് വഴിവിട്ട ഇടപെടല്‍ നടത്തിയതിനെതിരെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയടക്കം പരാതി പോയതാണ്. കോണ്‍ഗ്രസുകാര്‍ സമര കോലാഹലം തന്നെ നടത്തി. 12 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡാണ് പ്രശ്നം. റോഡിന്റെ വീതികുറയുംവിധം ഓട നിര്‍മിച്ചുവെന്നാണ് പരാതി. അനധികൃതമായി റോഡിന്റെ വീതി കൂട്ടിയെന്നാണ് ജോര്‍ജിന്റെ വാദം. ഒടുവില്‍ ജോര്‍ജ് ജോസഫിന്റെ വാദത്തിനാണ് പാര്‍ട്ടിയുടെ പിന്‍ബലം. അങ്ങനെ പഞ്ചായത്ത് പ്രസിഡന്റ് എന്തായി? നടപടി നേരിടേണ്ടിയും വന്നു.
ഇതുപോലൊരു പൊല്ലാപ്പാണ് മണ്ണാര്‍ക്കാട്ടും ഉണ്ടായത്. പ്രതിക്കൂട്ടില്‍ മുന്‍ എംഎല്‍എ പി.കെ.ശശി. സാമ്പത്തിക ക്രമക്കേടാണ് ഇപ്പോഴത്തെ ആരോപണം. പെണ്ണുകേസിലും ആരോപണ വിധേയനായിരുന്നു. അതൊക്കെ നിലനില്‍ക്കെയാണ് മുന്തിയസ്ഥാനം. അതായത് കെടിഡിസി ചെയര്മാന് സ്ഥാനം നല്കി ശശിയെ പാര്‍ട്ടി കൊമ്പത്തിരുത്തിയത്. ആ പാര്‍ട്ടിയെയാണ് ഇപ്പോള്‍ പാര്‍ട്ടി തന്നെ ശരിയാക്കിയിരിക്കുന്നത്. പാര്‍ട്ടി കമ്മിറ്റി തന്നെ പിരിച്ചുവിട്ടിരിക്കുന്നു.
പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പി.കെ ശശിയെ നീക്കി. ഞായറാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.
ജില്ലാ നേതൃത്വത്തിന്റെ ഈ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നതോടെ നടപടി നിലവില്‍വരും. ഇത് മൂന്നാം തവണയാണ് പി.കെ. ശശിക്കെതിരേ പാര്‍ട്ടി നടപടി വരുന്നത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി. വിഭാഗീയപ്രശ്നങ്ങളെത്തുടര്‍ന്ന് യു.ടി. രാമകൃഷ്ണന് സെക്രട്ടറിയായ മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. പി.കെ. ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളജ് നിയമനത്തിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.
സിഐടിയു ജില്ലാ പ്രസിഡന്റും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമാണ് പി.കെ. ശശി. ഈ പദവികള്‍ നഷ്ടമാകും. തരംതാഴ്ത്തല്‍ നടപടിയും ഉണ്ടാകും. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ വിഷയത്തില്‍ അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ട് എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു.
സി.പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗം ടി.എം. ശശിക്ക് ഏരിയാ കമ്മിറ്റിയുടെ താത്കാലിക ചുമതല നല്‍കിയിട്ടുണ്ട്. സമ്മേളനക്കാലത്തേക്ക് കടക്കാനിരിക്കെ ഉണ്ടായ ശക്തമായ ഈ നടപടി കടുത്ത നിലപാടുകളുണ്ടാവുമെന്ന സൂചനയാണ് നല്‍കുന്നത്. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്ന് ആറുമാസത്തേക്ക് സസ്പെന്‍ഷനിലായിരുന്ന ശശി സസ്പെന്ഷന് കാലാവധിക്കുശേഷം ജില്ലാകമ്മിറ്റിയിലും തുടര്‍ന്ന് സെക്രട്ടേറിയറ്റിലും തിരിച്ചെത്തിയിരുന്നു. പിന്നീട് ജില്ലാസെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാകമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടിരുന്നു. ഇത്തവണ നടപടി വരുന്നത് സമ്മേളനക്കാലത്തിന് തൊട്ടുമുമ്പാണ്. നടപടി നേരിടുന്നവരെ തൊട്ടടുത്ത സമ്മേളനത്തില്‍ മത്സരിക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന നേതൃത്വത്തിന്റെ കഴിഞ്ഞ സമ്മേളനത്തിലെ നിര്‍ദേശം പി.കെ. ശശിയെയും ബാധിച്ചേക്കും.
ഈ റിപ്പോര്‍ട്ടുകള്‍ ശക്തമായ നടപടികള്‍ക്ക് ജില്ലാനേതൃത്വത്തിന് കരുത്തു നല്കി. പി.കെ. ശശി പാര്‍ട്ടിയുടെ പ്രാഥമിക അംഗം മാത്രമായി മാറുന്നതോടെ മണ്ണാര്‍ക്കാട്ട് ഏരിയയിലെ അദ്ദേഹത്തിന്റെ അപ്രമാദിത്വത്തിനു കടിഞ്ഞാണിടാന്‍ നേതൃത്വത്തിനാവും. പി.കെ. ശശി പ്രവര്‍ത്തിക്കേണ്ട ബ്രാഞ്ച് കമ്മിറ്റി സ്വാഭാവികമായും അദ്ദേഹത്തിന്റെ വീട് നില്ക്കുന്ന ശ്രീകൃഷ്ണപുരം മേഖലയിലേക്ക് മാറുകയും ചെയ്യാം.
പാര്‍ട്ടിസമ്മേളനത്തിന്റെ പണപ്പിരിവിന്റെ കണക്ക് അവതരിപ്പിച്ചില്ല, സഹകരണ സ്ഥാപനത്തെക്കൊണ്ട് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഓഹരിയെടുപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പി.കെ. ശശിക്കെതിരേ എതിര്‍വിഭാഗം ഉയര്‍ത്തിയിരുന്നത്.
കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനവും സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാവും. ജില്ലാസെക്രട്ടേറിയറ്റ് അംഗം ടി.എം. ശശിക്ക് ഏരിയാ കമ്മിറ്റിയുടെ ചുമതല നല്‍കിയതിലൂടെ അടുത്ത സമ്മേളനക്കാലം നിയന്ത്രിക്കുന്നത് ജില്ലാനേതൃത്വം നേരിട്ടാവുമെന്ന സന്ദേശമാണ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. അടുത്ത സമ്മേളനത്തില്‍ പി.കെ. ശശി മത്സരിച്ച് കയറിവരാനുള്ള വാതിലുകള്‍ എല്ലാം കൃത്യമായി അടച്ചിടുന്നതാണ് ജില്ലാനേതൃത്വത്തിന്റെ നടപടി. കൃത്യമായ റിപ്പോര്‍ട്ടുകളുടെ പിന്‍ബലവുമുണ്ടായി. പതിനൊന്നംഗ കമ്മിറ്റിയെയും ഇവിടെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാലിങ്ങനെ ഒരു തീരുമാനമെടുത്തിട്ടില്ലെന്നാണ് എം.വി. ഗോവിന്ദന്റെ ഭാഷ്യം. അങ്ങനെ ഒരു വിഷയം അറിഞ്ഞതേയില്ലെന്ന് മന്ത്രി എം.ബി.രാജേഷും പറയുന്നു. എങ്ങനെയുണ്ട് സംഗതി. ശശിയുടെ കാര്യം കട്ടപ്പൊക എന്ന് കരുതിയവരെ നിരാശരാക്കുന്ന പ്രതികരണമല്ലെ ഇതൊക്കെ. പി.കെ. ശശിയെ വീണ്ടും ശശിയാക്കുകയാണോ നേതൃത്വം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: