തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ വൈകിയത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കണ്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. താന്‍ മന്ത്രിയായി മൂന്നര വര്‍ഷത്തിനിടയ്ക്ക് ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ല. ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമാ കളക്റ്റീവ്) പോലെയുള്ള സംഘടനകള്‍ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് മാസത്തിനകം സിനിമ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സിനിമ, സീരിയല്‍ മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും കോണ്‍ക്ലേവില്‍ വിശദമായി ചര്‍ച്ച ചെയ്യും. സിനിമയിലെ എല്ലാ മേഖലയിലെ പ്രതിനിധികളെയും കോണ്‍ക്ലേവില്‍ കൊണ്ടുവരുമെന്നും സജി ചെറിയാന് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വായിച്ചിട്ടില്ല, ശുപാര്‍ശ മാത്രമാണ് കണ്ടത്. റിപ്പോര്‍ട്ട് കൈയ്യില്‍ കിട്ടിയാല്‍ വായിക്കും. പുറത്തുവിടാത്ത ഭാഗം വായിച്ചിട്ടില്ലെന്നും സജി ചെറിയാന് പറഞ്ഞു.
റിപ്പോർട്ട് സർക്കാരിന്റെ മുൻപിൽ വന്നുകഴിഞ്ഞപ്പോൾ തന്നെ പുറത്തുവിടാൻ സാധിക്കില്ലെന്ന് പറഞ്ഞ് സീൽ ചെയ്ത് ബന്ധപ്പെട്ട ഇൻഫർമേഷൻ ഡിപ്പാർട്മെൻ്റിൽ പോയി. ഇൻഫർമേഷൻ ഡിപ്പാർട്മെൻ്റിൽ നിന്ന് ഞങ്ങളുടെ ആരുടേയും മുന്നിലേയ്ക്ക് ഈ ഫയൽ വന്നില്ല. നിർദ്ദേശങ്ങളും നിഗമനങ്ങളുമാണ് ഞങ്ങൾക്ക് ലഭിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഉൾപ്പടെയുള്ള ചില കാര്യങ്ങൾ അവിടെ ഉണ്ട്. ഉണ്ടെന്നുള്ളത് നമ്മുടെ മുന്നിൽ വന്ന വിഷയമാണ്. പക്ഷേ ആര്, എന്ത് എന്നുള്ളത് ഇതിലില്ല.
സർക്കാർ ഇരയോടൊപ്പമാണ്. അതിലൊരു സംശയവുമില്ല. വളരെ മാന്യമായി പ്രവർത്തിക്കുന്ന ഷൂട്ടിങ്ങ് സെറ്റുകളുമുണ്ട് . ജസ്റ്റിസ് ഹേമ ചൂണ്ടിക്കാണിച്ചത് പൊതുപ്രശ്നങ്ങളാണ്. കേരളത്തിലെ എല്ലാ സിനിമാക്കാരും കുഴപ്പക്കാരാണെന്ന് പറയാനാകില്ല. എത്രയോ മാന്യന്മാരുണ്ട്. ഒറ്റപ്പെട്ട എന്തെങ്കിലും കേസുകളുണ്ടാകാം. അവർക്ക് കോടതിയെയോ സർക്കാരിനെയോ സമീപിക്കാം. സർക്കാരിനെ സമീപിച്ചിട്ട് നടപടി എടുത്തില്ലെങ്കിൽ അവർ പറയട്ടെ. അങ്ങനെയൊരു പരാതി വന്നിട്ടില്ല. തെളിവുകൾ ഉണ്ടെന്ന് മാധ്യമങ്ങൾ പറയുന്നു. ഞങ്ങൾ കണ്ടിട്ടില്ല. വിവരാവകാശ കമ്മീഷൻ മാത്രമാണ് കണ്ടത്, പിന്നെ ഹേമ കമ്മിറ്റി അംഗങ്ങളും. ഞങ്ങളുടെ മുൻപിൽ ഈ വിഷയങ്ങൾ വന്നിട്ടില്ല.
സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഇതില്‍ ഒരു വിട്ടുവീഴ്ചയും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉണ്ടാവില്ല. ഈ കാര്യത്തില്‍ കൃത്യമായ നിയമ നടപടി സ്വീകരിക്കും. സിനിമാ മേഖലയില്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാനാണ് സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. പരാതിയുള്ളവര്‍ക്ക് നല്‍കാവുന്നതാണ്. എല്ലാ മേഖലയിലും പ്രബല വിഭാഗമുണ്ട്. അവര്‍ക്കെതിരെ നിര്‍ഭയമായി പരാതി നല്‍കാം. നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: