തിരുവനന്തപുരം: ഓസ്ട്രിയ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ ജര്‍മ്മന്‍ ഭാഷാ മേഖലകളില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായും ഐടി, ഐടി ഇതര കമ്പനികളുമായും തന്ത്രപരമായ പങ്കാളിത്തം ഉണ്ടാക്കുന്നത് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ഓസ്ട്രിയന്‍ ട്രേഡ് കമ്മീഷണറും കൊമേഴ്സ്യല്‍ കൗണ്‍സിലറുമായ ഹാന്‍സ് ജോര്‍ഗ് ഹോര്‍ട്‌നാഗല്‍ പറഞ്ഞു. ടെക്നോപാര്‍ക്ക് സന്ദര്‍ശന വേളയില്‍ ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരുമായും ജി-ടെക്, കെഎസ് യുഎം, ഐസിടി അക്കാദമി പ്രതിനിധികളുമായും നടത്തിയ ആശയവിനിമയത്തിനിടെയാണ് ഹോര്‍ട്‌നാഗല്‍ ഇത് ചൂണ്ടിക്കാട്ടിയത്.
ഐടി, ഐടി ഇതര സേവനങ്ങളില്‍ ഓസ്ട്രിയയുടെ മികച്ച പങ്കാളിയാകാന്‍ ഇന്ത്യക്ക് കഴിയുമെന്നും ഒന്നര വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നുള്ള നാല് സ്റ്റാര്‍ട്ടപ്പ് പ്രതിനിധി സംഘങ്ങള്‍ ഓസ്ട്രിയ സന്ദര്‍ശിച്ചതായും അദ്ദേഹം പറഞ്ഞു.
ടെക്നോപാര്‍ക്കിലെ കസ്റ്റമര്‍ റിലേഷന്‍ഷിപ്സ് ഡിജിഎം വസന്ത് വരദ, ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കായ ടെക്നോപാര്‍ക്കിന്റെ നേട്ടങ്ങളെക്കുറിച്ചും സംസ്ഥാനത്തിന്റെ ഊര്‍ജ്ജസ്വലമായ ഐടി ആവാസവ്യവസ്ഥയെക്കുറിച്ചും വിശദമായ അവതരണം നടത്തി.
യുകെ കഴിഞ്ഞാല്‍ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ ഐടി വിപണി ജര്‍മ്മന്‍ സംസാരിക്കുന്ന മേഖലയാണെന്നും അതിന്റെ ഹൃദയമായി ഓസ്ട്രിയയെ കണക്കാക്കാമെന്നും ഹോര്‍ട്‌നാഗല്‍ പറഞ്ഞു. ഇന്ത്യയില്‍ വിവിധ മേഖലകളിലായി 150 ഓളം ഓസ്ട്രിയന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓട്ടോമോട്ടീവ് വിതരണ ശൃംഖലയും എഞ്ചിനുകളുടെ പ്രോട്ടോടൈപ്പുകളുടെ നിര്‍മ്മാണവുമാണ് ഓസ്ട്രിയയുടെ ശക്തമായ മേഖല. ജലവൈദ്യുത നിലയങ്ങള്‍, എയര്‍പോര്‍ട്ട് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ അഗ്നിശമന വാഹനങ്ങളുടെ വിതരണം തുടങ്ങിയ മേഖലകളിലും ഓസ്ട്രിയ സജീവമാണ്.
യുവാക്കള്‍ ജോലി ചെയ്യാന്‍ മടിക്കുന്നതും സമൂഹത്തിന്റെ വാര്‍ദ്ധക്യവുമാണ് കോവിഡ് 19 ന് ശേഷം യൂറോപ്പിലെ ഗുരുതരമായ പ്രശ്നമെന്ന് ഹോര്‍ട്‌നാഗല്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒമ്പത് മേഖലാ ചേംബറുകളുടെയും ഓസ്ട്രിയന്‍ ബിസിനസ് ഏജന്‍സിയുടെയും സഹായം ഉള്‍പ്പെടെയുള്ള പിന്തുണ ഓസ്ട്രിയ വാഗ്ദാനം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വിയന്ന സര്‍വകലാശാലയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ഹബ് സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് മാനേജ്മെന്‍റ്, ടോള്‍ സംവിധാനങ്ങള്‍, കാശി ക്ഷേത്രത്തിലെ കേബിള്‍ കാര്‍ പദ്ധതി, ഇ-വേസ്റ്റ് ടെക്നോളജി, ഗ്രീന്‍-ടെക് പ്രോജക്ടുകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലുടനീളമുള്ള വിവിധ പദ്ധതികളില്‍ ഓസ്ട്രിയന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഐസിടി അക്കാദമി കേരള സിഇഒ മുരളീധരന്‍ മണ്ണിങ്ങല്‍, സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഫെലോമാരായ വിഷ്ണു വി നായര്‍, ഭാമിനി, ദിവ്യ, പ്രജീത് പ്രഭാകരന്‍, ജി-ടെക് സിഇഒ ഈപ്പന്‍ ടോണി, ജി-ടെക് ബിസിനസ് ഫോക്കസ് ഗ്രൂപ്പിലെ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: