കൊല്‍ക്കത്ത ആര്.ജി. കര് മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍ അതിക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവം പശ്ചിമബംഗാളിലെ തൃണമൂ
ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായി പ്രതിഷേധത്തിന്റെ സുനാമികള്‍ സൃഷ്ടിക്കുകയാണ്. മനുഷ്യത്വം തൊട്ടുതീണ്ടാത്തവിധം അക്രമത്തെ ന്യായീകരിക്കുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരിനെതിരെ ബംഗാളിനകത്തും പുറത്തും പ്രതിഷേധം കത്തിക്കാളുകയാണ്. ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്നലെ രാജ്യവ്യാപകമായി നടന്ന സമരം കേരളത്തില്‍ സമ്പൂര്‍ണമായിരുന്നു. ബംഗാളില്‍ ഡോക്ടര്‍മാരെ സ്ഥലംമാറ്റി പ്രതിഷേധത്തില്‍നിന്ന് പിന്മാറ്റാന് മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ നടത്തിയ ശ്രമം തിരിച്ചടിയായിരിക്കുകയാണ്. കൊലചെയ്യപ്പെട്ട ഡോക്ടര്‍ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയിലെ ലോകപ്രസിദ്ധമായ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ ചിരവൈരികളായ ഫുട്ബോള്‍ ക്ലബുകള്‍- മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും- ഒന്നിച്ചത് പ്രതിഷേധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. പ്രതിഷേധം മുന്നില്‍ക്കണ്ട് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ക്ലബ്ബിന്റെ ആയിരക്കണക്കിന് ആരാധകര്‍ അത് കാര്യമാക്കിയില്ല. ‘നീതി വേണം’ എന്ന മുദ്രാവാക്യവുമായി പോലീസുമായി ഏറ്റുമുട്ടിയ അവര്‍ അക്രമവും അരാജകത്വവും പിടിമുറുക്കിയിരിക്കുന്ന ബംഗാളിന്റെ ഇപ്പോഴത്തെ അവസ്ഥയോടാണ് പ്രതിഷേധിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ അക്രമങ്ങള്‍ക്കും മമതാ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ വരുംനാളുകളില്‍ വന്‍ പ്രതിഷേധം ഉയരുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
മുപ്പത്തൊന്നുകാരിയായ വനിതാ ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത് ആത്മഹത്യയാക്കി മാറ്റാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും പി
ന്തുണയോടെ ആശുപത്രി അധികൃതര്‍ ശ്രമിച്ചത്. ആശുപത്രി അടിച്ചുതകര്‍ത്തതും ഡോക്ടറെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയതും തൃണമൂല്‍ കോണ്‍ഗ്രസ്സില്‍പ്പെടുന്നവരായതാണ് ഇതിനുകാരണം. കൊല്ലപ്പെട്ട യുവതിയുടെ വീട്ടുകാരെ സ്വാധീനിച്ച് കേസ് ദുര്‍ബലപ്പെടുത്താനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തി. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ ഇതിന് വഴങ്ങിയില്ല. സര്‍ക്കാരിന്റെ സഹായധനം സ്വീകരിക്കാനും അവര്‍ തയ്യാറായില്ല. അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്ത പോലീസില്‍നിന്ന് കേസ് സിബിഐ ഏറ്റെടുക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് ഇതിന് തിരിച്ചടിയായി. കോടതി ഉത്തരവുപ്രകാരം അന്വേഷണം ഏറ്റെടുത്ത സിബിഐ ആരോപണവിധേയരായ വമ്പന്മാരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. ഇതോടെ കൂടുതല്‍ പേര് അറസ്റ്റിലാവുകയും ചെയ്യും. ഇതിനിടെ ആഗസ്റ്റ് ഒന്‍പതിന് പുലര്‍ച്ചെ നടന്ന രാജ്യത്തെ നടുക്കിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത് മമതാ സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായി. കോളജിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗികപീഡനത്തിനിരയായെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെയാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്.
പ്രതിഷേധം നിയന്ത്രിക്കാനാവാതെ വന്നതോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മുഖ്യമന്ത്രി മമതാ ബാനര്‍ജി ഒരു ശ്രമം നടത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് മമത രംഗത്തുവന്നത് ഒരു നാടകമായിരുന്നു. ദല്‍ഹിയില്‍ ബലാല്‍സംഗത്തിനിരയായി കൊലചെയ്യപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ നിര്‍ഭയയുടെ അമ്മ ആശാദേവി രൂക്ഷമായ ഭാഷയിലാണ് ഇതിനെ വിമര്‍ശിച്ചത്. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിയമസംവിധാനത്തിന്റെയും മേല്‍ അധികാരമുള്ളപ്പോള്‍ ആര്‍ക്കെതിരെയാണ് ഈ മുഖ്യമന്ത്രി പ്രതിഷേധിക്കുന്നതെന്നാണ് ആശാദേവി ചോദിച്ചത്. ഓരോ ഭാരതീയനും നാണക്കേടുകൊണ്ട് മുഖം മറയ്ക്കണമെന്നും, കേസ് അന്വേഷണം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തണമെന്നും ഗായിക കെ.എസ്. ചിത്രയും പ്രതികരിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ വനിതാ ഡോക്ടറുടെ കൊലപാതകം ഒറ്റപ്പെട്ടതല്ല. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ഒരു പരമ്പര തന്നെയാണ് പന്ത്രണ്ട് വര്‍ഷത്തിലേറെയായി മമതാ ബാനര്‍ജിയുടെ ഭരണത്തിന് കീഴിലുള്ള ബംഗാളില്‍ നടന്നിട്ടുള്ളത്. സ്വന്തം പാര്‍ട്ടി നേതാക്കളും അണികളുമടങ്ങുന്ന കൊടും ക്രിമിനലുകളെ എന്തുവില കൊടുത്തും സംരക്ഷിക്കുകയെന്നതാണ് മമതയുടെ നയം. മൂന്നര പതിറ്റാണ്ട് കാലം നീണ്ട ഇടതു ഭരണത്തിന് അന്ത്യം കുറിക്കാനാണ് മമതയെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. എന്നാല്‍ ഒരു പതിറ്റാണ്ടുകൊണ്ടുതന്നെ മമതാ ഭരണത്തില്‍ ബംഗാള്‍ നരകമായിരിക്കുകയാണ്. മമത പോറ്റിവളര്‍ത്തുന്ന പാര്‍ട്ടി ക്രിമിനലുകളൊഴികെ മറ്റെല്ലാവരും ഇൗ ഭരണത്തിനെതിരായിരിക്കുന്നു. തൃണമൂല്‍ സ്വേഛാധിപത്യത്തിന്റെ അന്ത്യം അടുത്തിരിക്കുന്നു എന്നാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: