കോഴിക്കോട് : വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച കാഫിര്‍ പോസ്റ്റുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ളക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു
കാഫിര്‍ പോസ്റ്റ് ആദ്യം പ്രചരിപ്പിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണൊണ് ആരോപണം.എന്നാല്‍ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് ആരോപിച്ചാണ് റിബേഷ് രാമകൃഷ്ണന് പാറക്കല്‍ അബ്ദുള്ളക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്. തനിക്കെതിരെയുളള പ്രചരണം വഴി സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ പാറക്കല്‍ അബ്ദുള്ള ശ്രമിച്ചു എന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
പാറക്കല്‍ അബ്ദുള്ള പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് അഡ്വ രാംദാസ് മുഖാന്തരം അയച്ച നോട്ടീസിലെ ആവശ്യം. ടിപി വധക്കേസില്‍ സിപിഎമ്മിന് വേണ്ടി ഹാജരായ അഭിഭാഷകന് ആണ് അഡ്വ രാം ദാസ്.
എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊലീസിന്റെ സത്യവാങ്മൂലത്തിലുളള വിവരം മാത്രമാണ് പുറത്തു വന്നതെന്ന് പാറക്കല്‍ അബ്ദുളള പ്രതികരിച്ചു.അത് വ്യാജമാണെന്ന് റിബേഷിന് തോന്നുന്നുവെങ്കില്‍ ആഭ്യന്തര മന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമാണ് വക്കീല്‍ നോട്ടിസ് അയക്കേണ്ടതെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു.
കാഫിര്‍ പോസ്റ്റ് സി പി എം കേന്ദ്രങ്ങളില്‍ നിന്നാണ് പ്രചരിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്. എന്നാല്‍ ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് വേളയില്‍ കെ കെ ശൈലജയ്ക്ക് അനുകൂലമായി മുസ്ലീം വോട്ടുകള്‍ പോള്‍ ചെയ്യിക്കാനാണ് കാഫിര്‍ പോസ്റ്റ് പുറത്തുവിട്ടതെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: