ശ്രീനഗർ ; അടൂര-കുൽഗാം സർപഞ്ചിനെ കൊലപ്പെടുത്തിയ കേസിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരുടെ സഹായിയായ പ്രദേശവാസിയുടെ സ്വത്ത് ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി.ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ തെങ്പോറ ഗ്രാമവാസി നസീർ റാഷിദ് ഭട്ടിന്റെ വസതിയും, സ്വത്തുക്കളുമാണ് എൻഐഎ കണ്ടുകെട്ടിയത് . ജമ്മുവിലെ എൻഐഎ പ്രത്യേക ജഡ്ജിയുടെ ഉത്തരവനുസരിച്ച് 1947ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 33 (1) പ്രകാരമാണ് നടപടി.
ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരസംഘടനയിലെ മറ്റ് അംഗങ്ങൾക്കൊപ്പം 2022 മാർച്ച് 11 നാണ് നസീർ റാഷിദ് സർപഞ്ചിനെ കൊലപ്പെടുത്തിയത് . ജനങ്ങളിൽ ഭീതി പരത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു കൊലപാതകം. കുൽഗാം പോലീസിൽ നിന്ന് കേസ് ഏറ്റെടുത്ത എൻഐഎ നടത്തിയ അന്വേഷണത്തിൽ, ആക്രമണങ്ങളിലൂടെയും കൊലപാതകങ്ങളിലൂടെയും ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ഭംഗം വരുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കൊലപാതകമെന്ന് വ്യക്തമായി.
നസീർ റാഷിദ് ഭട്ട് തന്റെ ആൾട്ടോ കാർ തീവ്രവാദികൾക്ക് നൽകിയതായും എൻഐഎ കണ്ടെത്തി. സർപഞ്ചിന്റെ സാന്നിധ്യത്തെക്കുറിച്ച് തീവ്രവാദികളെ അറിയിക്കുന്നതിലും ഭട്ട് പങ്കാളിയായിരുന്നു. ആക്രമണം നടന്ന ദിവസം സർപഞ്ചിന്റെ വീടിന് ചുറ്റുമുള്ള പ്രദേശത്തേക്ക് അക്രമികളെ കൊണ്ടുപോയതും ഇയാളുടെ കാറിലായിരുന്നു. കേസിലെ ആറ് പ്രതികളെ നേരത്തെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു, അവർക്കെതിരായ വിചാരണ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: