ഇസ്ലാമാബാദ് : ഖുറാൻ പേജുകൾ കത്തിച്ചെന്ന് ആരോപിച്ച് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ രണ്ട് മുസ്ലീം സ്ത്രീകൾക്കെതിരെ മതനിന്ദ കേസ് രജിസ്റ്റർ ചെയ്തു. കസൂർ ജില്ലയിലെ റായ് കലൻ ഗ്രാമത്തിൽ പ്രാദേശിക ഇമാം കാഷിഫ് അലിയാണ് പരാതി നൽകിയത്. പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ ഷഹനാസ് ഖാനും പാചകക്കാരി ഷാസിയ കറാമത്തിനും എതിരെ സെക്ഷൻ 295-ബി പ്രകാരം കേസെടുത്തു.
സംഭവത്തിന് ശേഷം സ്ത്രീകളും അവരുടെ കുടുംബങ്ങളും ഗ്രാമത്തിൽ നിന്ന് പലായനം ചെയ്തു. വലിയ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വൻ പൊലീസ് സന്നാഹത്തെ അവിടെ വിന്യസിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിനായി ജനക്കൂട്ടം വീട്ടിലേക്കും സ്കൂളിലേക്കും എത്തുന്നതിന് മുമ്പ് ഇരു വീട്ടുകാരും ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞയാഴ്ച, പഞ്ചാബ് പോലീസ് രണ്ട് ക്രിസ്ത്യൻ സഹോദരിമാർക്കെതിരെയും, മതനിന്ദ കുറ്റത്തിന് കേസെടുത്തിരുന്നു. . സമിയ , സോണിയ മസി എന്നിവർക്കെതിരെയാണ് കേസെടുത്തത് . എന്നാൽ ഇവർക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് മൈനോറിറ്റി അലയൻസ് പാകിസ്ഥാൻ പ്രസിഡൻ്റ് അഡ്വക്കേറ്റ് അക്മൽ ഭാട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: