കോഴിക്കോട് : വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച കാഫിര്‍ സ്ക്രീന്‍ഷോട്ട് വിഷയത്തില്‍ കൂടുതല്‍ വിശദീകരണത്തിനില്ലെന്ന് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്. അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിബേഷ് രാമകൃഷ്ണന് പറഞ്ഞു.
സി പി എം സൈബറിടങ്ങളിലാണ് വര്‍ഗീയത പ്രചരിപ്പിക്കുന്ന കാഫിര്‍ സ്്ക്രീന്‍ ഷോട്ടിന്റെ ഉത്ഭവമെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്.കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എംഎല്‍പി സ്കൂള്‍ അധ്യാപകനായ റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കാസിം ആരോപിച്ചു. റിബേഷുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
സ്കൂള്‍ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്. റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിരിക്കുന്നത്. വര്‍ഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.
കാഫിര്‍ സ്ക്രീന്‍ഷോട്ട് കോണ്‍ഗ്രസ് ആണ് പ്രചരിപ്പിച്ചതെന്നാണ് സി പി എം ആരോപിച്ചത്. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് ഇത്തരം പ്രചാരണം ഉണ്ടായിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. അതിനിടെയാണ് സി പി എം കേന്ദ്രങ്ങളിലാണ് വര്‍ഗീയ പ്രചാരണത്തിന്റെ ഉത്ഭവമെന്ന പൊലീസ് റിപ്പോര്‍ട്ട്.
എന്നാല്‍ കെ കെ ശൈലജയുടെ വിജയത്തിനായി സി പി എം ആണ് സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചതെന്ന് വ്യക്തമായിട്ടും അത് പങ്കുവച്ച മുന്‍ എം എല്‍ എയും സി പി എം നേതാവും കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ ഭാര്യയുമായ കെ കെ ലതികയ്ക്കെതിരെ ഉള്‍പ്പെടെ കേസെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: