ന്യൂദല്‍ഹി: സിനിമ എന്ന മാധ്യമത്തെ തന്റെ രാഷ്‌ട്രീയ ആശയപ്രചാരണത്തിനും കൂടി ഉപയോഗിച്ച് കങ്കണ എന്ന ധീരയായ നടി വീണ്ടും വ്യത്യസ്തയാവുകയാണ്. ഏറ്റവും പുതിയ സിനിമയായ അടിയന്തരാവസ്ഥയുടെ അകക്കാമ്പ് തേടുന്ന എമര്‍ജന്‍സി എന്ന സിനിമയില്‍ ഇന്ദിരാഗാന്ധിയായി പ്രത്യക്ഷപ്പെടുകയാണ് കങ്കണ. ബുധനാഴ്ച പുറത്തുവന്ന സിനിമയുടെ ട്രെയിലര്‍ മികച്ച അഭിപ്രായം തേടി മുന്നേറുകയാണ്.
കങ്കണയുടെ ഇന്ദിരാഗാന്ധിയായുള്ള ഭാവപ്പകര്‍ച്ച എല്ലാവരേയും അമ്പരപ്പിക്കുന്നതാണ്. ഇന്ദിരാഗാന്ധി തന്നെയോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് അവരുടെ അഭിനയം. ഇന്ദിരാഗാന്ധിയുടെ ഭാവങ്ങളും നോട്ടങ്ങളും നടത്തവും ശരീരഭാഷയും അതുപോലെ ആവാഹിച്ചിരിക്കുകയാണ് കങ്കണ റണാവത്ത്. ഇന്ദിരാഗാന്ധിയെക്കുറിച്ച് വര്‍ഷങ്ങളെടുത്ത് പഠിച്ചതിന്റെ ഫലമാണ് തനിമ ചോരാതെയുള്ള അഭിനയവും ഭാവപ്രകടനങ്ങളും എന്ന് പറയാതെ വയ്യ.
വലിയ ബജറ്റില്‍ ഒരുക്കിയ ചിത്രം ഇന്ദിരാഗാന്ധി ഭരിച്ച ഇന്ത്യയുടെ നേര്‍ക്കാഴ്ചയാണ്. അടിയന്തരാവസ്ഥയ്‌ക്ക് പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ സിനിമ അന്വേഷിക്കുന്നു. ഇന്ദിരാഗാന്ധി എന്ന പ്രധാനമന്ത്രി, ഇന്ദിരാഗാന്ധി എന്ന അമ്മ എല്ലാം ഈ സിനിമയില്‍ കാണാം. അടിയന്തരാവസ്ഥയുടെ അമ്പരപ്പിക്കുന്ന ക്രൂരതകളും കാണാം. ട്രെയ്ലറില്‍ അതിന്റെ സൂചനകള്‍ ഉണ്ട്. രണ്ട് മിനിറ്റ് 53 സെക്കന്‍റുകളുള്ള ട്രെയ് ലര്‍ ഏതാനും മണിക്കൂറില്‍ രണ്ടരലക്ഷം പേര്‍ കണ്ടു. നിരവധി കമന്‍റുകളും വരുന്നു. കങ്കണയുടെ സ്വന്തം കമ്പനിയായ മണികര്‍ണികയും സീ ഫിലിംസും മണികര്‍ണികാ ഫിലിംസും ഈസിമൈ ട്രിപ്പും ചേര്‍ന്നാണ് ചിത്രം പുറത്തിറക്കുന്നത്. കങ്കണ റണാവത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണക്കമ്പനിയാണ് മണികര്‍ണികാ ഫിലിംസ്.
പൊളിറ്റിക്കല്‍ ബയോഗ്രഫി എന്ന ഴോണറില്‍ ഉള്‍പ്പെടുന്നതാണ് ഈ സിനിമ. ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തിലെ വ്യക്തിത്വങ്ങളായ ജയപ്രകാശ് നാരായണ്‍ (അനുപം ഖേര്‍), വാജ് പേയി (ശ്രേയസ് താല്‍പാഡെ) പുപുല്‍ ജയകര്‍(മഹിമ ചൗധരി) മൊറാര്‍ജി ദേശായി (അശോക് ഛബ്രെ), ജഗ് ജീവന്‍ റാം (സതീഷ് കൗശിക്) സാം മനേക്ഷാ (മിലിന്ദ് സോമന്‍) കമലാ നെഹ്രു (സെബാ ഹുസൈന്‍) എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു. 78ാം ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ട്രെയ് ലര്‍ പുറത്തിറക്കിയതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: