ന്യൂദല്‍ഹി: ഭാരത ഹോക്കി ടീമിനും പാരീസ് ഒളിംപിക്സില്‍ ഭാരതത്തിന് മെഡല്‍ നേടിയ താരങ്ങള്‍ക്കും ഹോക്കി ഇന്ത്യ ഒരുക്കിയ ആദരിക്കല്‍ ചടങ്ങില്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷിനെ അധികൃതര്‍ വിശേഷിപ്പിച്ചത് അമാനുഷികനെന്ന്. ‘പിആര്‍ ശ്രീജേഷ്- ആധുനിക ഭാരത ഹോക്കിയിലെ ദൈവം’ എന്ന തലക്കെട്ടോടുകൂടിയ കൂറ്റന്‍ സ്ക്രീനിന് മുന്നില്‍ സജ്ജീകരിച്ച വേദിയിലാണ് ശ്രീജേഷിനും മറ്റ് ഒളിംപിക് താരങ്ങള്‍ക്കുമുള്ള സ്വീകരണ ചടങ്ങ് ഹോക്കി ഇന്ത്യ ഒരുക്കിയത്.
ഈ ചടങ്ങിലാണ് ശ്രീജേഷിന്റെ ജേഴ്സി നമ്പര്‍ 16 ഹോക്കി ഇന്ത്യ പിന്‍വലിച്ചത്. ഭാരതത്തിന് തുടര്‍ച്ചയായി രണ്ട് ഒളിംപിക്സിലും വെങ്കല മെഡല്‍ നേടുന്നതിലും ശ്രീജേഷിന്റെ സേവുകള്‍ പ്രധാന പങ്കുവഹിച്ചിരുന്നു. വരും തല മുറ ഈ താരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളേണ്ടത് ആത്യാവശ്യമാണെന്ന് ഹോക്കി ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ആദരത്തിനൊപ്പം 25 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും ശ്രീജേഷിന് നല്കി.
ഇരുപതു വര്‍ഷം ഭാരത ഹോക്കി ടീമിന്റെ നെടുംതൂണായി നിന്ന മലയാളി താരം പി.ആര്. ശ്രീജേഷിനുള്ള ആദരമായി ശ്രീജേഷ് അണിഞ്ഞ 16-ാം നമ്പര്‍ ജഴ്സി ഹോക്കി ഇന്ത്യ പിന്‍വലിച്ചു. സീനിയര്‍ ടീമിലെ ആര്‍ക്കും ഈ നമ്പര്‍ നല്‍കില്ലെന്നും ഹോക്കി ഇന്ത്യ അറിയിച്ചു. പാരീസ് ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയ ഹോക്കി ടീമിലെ ഗോള്‍ കീപ്പറും മുന്‍ ടീം ക്യാപ്റ്റനുമായ പി.ആര്. ശ്രീജേഷിന് നല്കിയ യാത്രയയപ്പിലാണ് ഈ പ്രഖ്യാപനം. ടീമില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷിനെ ജൂനിയര്‍ ടീം കോച്ചായി പ്രഖ്യാപിച്ചു.
ശ്രീജേഷിന്റെ കുടുംബാംഗങ്ങള്‍, ഹോക്കി ടീം അംഗങ്ങള്‍, മുന്‍ താരങ്ങള്‍, കോച്ചുമാര്‍, ഹോക്കി ഇന്ത്യ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങ് ശ്രീജേഷിനോടുള്ള സ്നേഹവും നന്ദിയും കടപ്പാടും പ്രകടിപ്പിക്കുന്നതായി. ഹോക്കി ടീം അംഗങ്ങളെല്ലാം ശ്രീജേഷ് എന്നെഴുതിയ ചുവന്ന 16-ാം നമ്പര്‍ ജഴ്സിയണിഞ്ഞാണ് പങ്കെടുത്തത്. ഭാരത ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി ഒരു താരത്തിന് നല്കിയ യാത്രയയപ്പ് എന്ന അപൂര്‍വതയും ചടങ്ങിനുണ്ടായി.
ഹോക്കി ഇന്ത്യയുടെ ഉപഹാരമായി ട്രോഫിയും 25 ലക്ഷം രൂപയുടെ ചെക്കും പ്രസിഡന്റ് ഡോ. ദിലിപ് ടിര്‍ക്കി, സെക്രട്ടറി ജനറല്‍ ബോലനാഥ് സിങ് എന്നിവര്‍ ചേര്‍ന്ന് ശ്രീജേഷിന് കൈമാറി. ഒളിംപിക്സില്‍ ഇരട്ട മെഡല്‍ നേടിയ മനു ഭാക്കര്‍, ഹോക്കി ടീം കോച്ച് ക്രെയ്ഗ് ഫുള്‍ട്ടണ്‍, ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, മന്‍പ്രീത് സിങ്, മുന്‍ കോച്ച് ഡോ. ഹരേന്ദ്ര സിങ്, സര്‍ദാര്‍ സിങ്, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ. അറുമുഖം തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീജേഷിന്റെ അച്ഛന് പി.വി. രവീന്ദ്രന്, അമ്മ ഉഷാ കുമാരി, ഭാര്യ ഡോ. അനീഷ്യ, മക്കളായ അനുശ്രീ, ശ്രീയാന്‍ഷ്, സഹോദരന് ശ്രീജിത്ത് തുടങ്ങിയവരും പങ്കെടുത്തു.
കേരളത്തില്‍ ഹോക്കിയുടെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ സഹായവും പിന്തുണയും തന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് ശ്രീജേഷ് പ്രതികരിച്ചു. ദല്‍ഹിയില്‍ നിന്ന് ശ്രീജേഷും കുടുംബവും നാളെ കൊച്ചിയിലെത്തും. നാല് ഒളിംപിക്സ്, നാല് ലോകകപ്പുകള്‍, മൂന്ന് ഏഷ്യന്‍ ഗെയിംസ്, മൂന്ന് കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ നിര്‍ണായക പ്രകടനം കാഴ്ച വച്ച താരത്തിന്റെ അനുഭവ സമ്പത്ത് ഇനി ജൂനിയര്‍ ഹോക്കി ടീമിന് കരുത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: