ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ഭാരതത്തില്‍ അഭയം പ്രാപിച്ച ഇവരെ വേട്ടയാടുന്നതിന്റെ ഭാഗമായിട്ടാണ് കേസെടുത്തിരിക്കുന്നതെന്നാണ് സൂചന. ഷെയ്ഖ് ഹസീനയ്ക്ക് പുറമെ മറ്റ് ആറുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സര്‍ക്കാര്‍ വിരുദ്ധ കലാപത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ബംഗ്ലാദേശിലെ ഒരു പലചരക്ക് കടയുടമയായ അബ്ദുള്‍ സെയ്ത് കൊല്ലപ്പെട്ടിരുന്നു. ഇയാളുടെ ബന്ധുവാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ പരാതി നല്‍കിയത്. പോലീസ് വെടിവയ്പ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഒബൈദുള്‍ ക്വദര്‍, മുന്‍ ആഭ്യന്തരമന്ത്രി അസദുസമാന്‍ ഖാന് കമാല്‍, മുന്‍ ഐജി ചൗധരി അബ്ദുള്ള അല്‍ മാമുന്, മുന്‍ ഡിബി ചീഫ് ഹാരുണ്‍, ഡിഎംപി കമ്മിഷണര്‍ ഹബിബൂര് റഹ്മാന്, മുന്‍ ജോയിന്റ് കമ്മിഷണര്‍ ബിപ്ലബ് കുമാര്‍ സര്‍ക്കാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
അതേസമയം ഷെയ്ഖ് ഹസീനയുടെ ഭാരതത്തിലെ താമസം ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹീദ് ഹുസൈന് പറഞ്ഞു. ഒരാള്‍ മറ്റൊരു രാജ്യത്ത് താമസിക്കുന്നത് എങ്ങനെ ഉഭയകക്ഷി ബന്ധങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം വാര്‍ത്ത ഏജന്‍സിയുമായി സംസാരിക്കവെ ചോദിച്ചു. ഭാരതവും ബംഗ്ലാദേശും പൊതുതാത്പര്യങ്ങളുള്ള രാജ്യങ്ങളാണ്. അത് തുടരും. എല്ലാക്കാലവും ഭാരതവുമായി നല്ല ബന്ധമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച വിദേശകാര്യ മന്ത്രാലയത്തില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവെ, ഹസീനയെ തിരികെ എത്തിക്കുന്നതിന്റെ സാധ്യത വാര്‍ത്ത ലേഖകര്‍ ആരാഞ്ഞിരുന്നു. ഇക്കാര്യം നിയമ മന്ത്രാലയത്തിന്റെ പരിധിയില്‍ വരുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹിന്ദുക്കള്‍ക്ക് നേരെയുള്ള ആക്രമണം വ്യാപകമായ സാഹചര്യത്തില്‍ ഹിന്ദു നേതാക്കളുമായി ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയായ മുഹമ്മദ് യൂനുസ് കൂടിക്കാഴ്ച നടത്തി. ഹിന്ദുക്കള്‍ക്കെതിരെ യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനല്‍കി. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നവര്‍ ഗുണ്ടകളാണെന്നും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അത്തരക്കാരില്‍ നിന്നും പിഴ ഈടാക്കുമെന്നും ഇടക്കാല സര്‍ക്കാരിന്റെ മതകാര്യ ഉപദേഷ്ടാവ് ഖാലിദ് ഹുസൈന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: