മേപ്പാടി: ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തെരച്ചില്‍ നാളെയും തുടരുമെന്ന് മന്ത്രിസഭ ഉപസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും ജനകീയ തെരച്ചില്‍. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാകും തെരച്ചില്‍.
പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും. എട്ടുമണിയോടെ തെരച്ചില്‍ ആരംഭിക്കും. രാവിലെ ഒന്‍പത് മണിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തെരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ.
തെരച്ചിലില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണിത്. തിങ്കളാഴ്ച പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍നടത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങള്‍ എയര്‍ ലിഫ്റ്റ് ചെയ്തു. കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപം ആനയടിക്കാപ്പില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെയോടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ എയര്‍ ലിഫ്റ്റ് ചെയ്ത് മേപ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ദുഷ്കരമായ മലയിടുക്കില്‍ നിന്ന് ശ്രമകരമായാണ് മൃതദേഹങ്ങള്‍ എയര്‍ ലിഫ്്റ്റ് ചെയ്തത്.
രണ്ട് തവണ ഹെലികോപ്ടര്‍ സ്ഥലത്തെത്തിയെങ്കിലും പ്രതികൂലമായ സാഹചര്യത്തെ തുടര്‍ന്ന് തിരികെവരികയായിരുന്നു. ശനിയാഴ്ച വൈകീട്ട് കാന്തന്‍പാറയില്‍ നിന്ന് രണ്ട് ശരീരഭാഗങ്ങള്‍ കൂടികണ്ടെത്തി. ഇതോടെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 229 ആയി. 198 ശരീരഭാഗങ്ങളും വിവിധ ഇടങ്ങളില്‍ നിന്നായി കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: