ബംഗ്ലാദേശ് വിമോചനസമരവുമായി ബന്ധപ്പെട്ട സംവരണ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിലെ ഭരണം ആട്ടിമറിക്കപ്പെട്ടു. തുടര്‍ന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന ഭാരതത്തില്‍ അഭയം പ്രാപിച്ചു. വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന ആഭ്യന്തര-അന്താരാഷ്ട്ര രാഷ്ട്രീയങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ സംഭവം. സംവരണ വിഷയവും ബംഗ്ലാദേശിലെ സംഘടനകളും ജനങ്ങളും വെറും ഉപകരണങ്ങള്‍ മാത്രമാണ്. യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും വിജയമാണ് ഹസീനയുടെ പുറത്താക്കലിലൂടെ സാധ്യമായിരിക്കുന്നത്.
ചരിത്രത്തിന്റെ ആവര്‍ത്തനമോ?
ഇന്നുണ്ടായിരിക്കുന്ന സാഹചര്യം വ്യക്തമായി മനസ്സിലാകണമെങ്കില്‍ ബംഗ്ലാദേശ് ജന്മമെടുത്ത കാലഘട്ടത്തിലേക്ക് ഒന്ന് തിരികെ നടക്കണം. 1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധം അന്നത്തെ ശീതയുദ്ധത്തിന്റെ കൂടി പരീക്ഷണശാലയായിരുന്നു. സമരത്തിന് നേതൃത്വം നല്കിയ മുജീബൂര്‍ റഹ്മാന് വിജയം നേടിയത് അന്നത്തെ സോവിയറ്റ് യൂണിയന്റെയും ഇന്ദിര ഗാന്ധിയുടെയും പിന്തുണയിലായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വാതന്ത്രാനന്തരം മുജീബൂര്‍ റഹ്മാന് 1972ല്‍ സോവിയറ്റ് യൂണിയന് സന്ദര്‍ശിക്കുകയും പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തത്. അമേരിക്കയുമായി അകന്നതിനാല്‍ ഇക്കാലഘട്ടത്തില്‍ ഭാരതവും സോവിയറ്റ് യൂണിയനും അടുപ്പത്തിലായിരുന്നു. ഇതിന്റെ ഭാഗമായി 1971 ആഗസ്തിലാണ് സമാധാനം, സൗഹൃദം, സഹകരണത്തിനുമുള്ള കരാറില്‍ ഭാരതവും സോവിയറ്റ് യൂണിയനും ഒപ്പുവച്ചത്. സ്വാഭാവികമായും അമേരിക്കയുടെ സഖ്യകക്ഷിയായ പടിഞ്ഞാറന്‍ പാകിസ്ഥാന് അമേരിക്ക സൈനിക-സാമ്പത്തിക സഹായം നല്കിക്കൊണ്ടിരുന്നു. ബംഗ്ലാദേശ് മോചിതമായെങ്കിലും മുജീബൂര്‍ റഹ്മാന് 1975 ല്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ ചാരസംഘടനയായ സിഐഎയാണ് സൈന്യത്തെ ഉപയോഗിച്ചു കൊന്നതെന്നതാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. അന്ന് യൂറോപ്യന്‍ സന്ദര്‍ശനത്തിലായിരുന്ന ഷേഖ് ഹസീനയും സഹോദരി ഷേഖ് രഹാനയും ഒഴികെ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. തുടര്‍ന്നു വന്ന പല സര്‍ക്കാരുകള്‍ക്ക് കമ്മ്യൂണിസ്റ്റുകളും സൈന്യവും മുജീബൂര്‍ റഹ്മാന്റെ പിന്‍ഗാമികളും പലതവണ നേതൃത്വം നല്‍കിയെങ്കിലും അട്ടിമറി തുടര്‍ന്നു. ഈ അട്ടിമറികളെല്ലാം സൂക്ഷ്മമായി പരിശോധിച്ചാല്‍ വിദേശകരങ്ങള്‍ (പ്രത്യേകിച്ച് അമേരിക്കയുടേയും സോവിയറ്റ് യൂണിയന്റേയും) ഉണ്ടായിരുന്നതായി കാണാം. മുജീബൂര്‍ റഹ്മാന്റെ കൊലപാതകത്തിന് ശേഷമുള്ള ആദ്യ നാളുകളിലെ അട്ടിമറി സമയത്തെല്ലാം ഷേഖ് ഹസീന വിദേശരാജ്യത്ത് അഭയം തേടിയിരുന്നു. എന്നാല്‍ സ്വദേശത്ത് തിരിച്ചെത്തി ദേശീയ രാഷ്ട്രീയത്തില്‍ സജീവമായതിന് ശേഷം ഹസീനയെ കൊലപെടുത്താന്‍ 19 തവണയാണ് ശ്രമം നടന്നത്.
എന്തുകൊണ്ട് അമേരിക്ക
നിലവിലെ ആട്ടിമറിക്ക് പിന്നിലും വിദേശ ശക്തികളുടെ ഇടപെടലുകളുണ്ട്. അതില്‍ പ്രധാന രാജ്യമാണ് അമേരിക്ക. പഴയ സോവിയറ്റ് യൂണിയന് ഇന്നില്ല. എന്നാല്‍ ബംഗ്ലാദേശിലെ ചൈനയുടെ സാന്നിധ്യത്തിന് കുറവുണ്ടായിട്ടില്ല. മാത്രമല്ല സ്വാധീനം അതിവേഗം വളരുകയുമാണ്. ഒരിടവേളക്ക് ശേഷം പ്രത്യേകിച്ചു 2022ന് ശേഷം ബംഗ്ലാദേശില്‍ റഷ്യന്‍ സ്വാധീനവും വര്‍ധിക്കുന്നു. ബംഗ്ലാദേശിന്റെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള അമേരിക്കയ്ക്ക് ബംഗ്ലാദേശ് ചൈനയോടും റഷ്യയോടും അടുക്കുന്നതില്‍ അസംതൃപ്തിയുണ്ട്. ഇത് ചൈനയുടെ അതിക്രമം നിയന്ത്രിക്കുന്നതിന്
തങ്ങള്‍ രൂപപ്പെടുത്തിയ ഇന്‍ഡോ-പസഫിക് നയത്തിന് തിരിച്ചടിയുണ്ടാക്കുമെന്ന് അമേരിക്ക ഭയക്കുന്നു. അതിനാല്‍ ഈ മേഖലയില്‍ തങ്ങളോട് മമതയുള്ള സര്‍ക്കാര്‍ വേണമെന്നാണ് അമേരിക്കയുടെ ആഗ്രഹം. യുക്രൈന് യുദ്ധത്തിന് ശേഷം ഒന്നിച്ച, ഏകാധിപതികള്‍ ഭരിക്കുന്ന ചൈനയ്ക്കും റഷ്യയ്ക്കും ബംഗ്ലാദേശില്‍ വര്‍ധിച്ചുവരുന്ന സ്വാധീനത്തില്‍ ഭാരതത്തിനും താത്പര്യമില്ല. കൂടാതെ ജനാധിപത്യ രാജ്യങ്ങളായ ഭാരതവും അമേരിക്കയും തമ്മിലുള്ള ഇന്നത്തെ ബന്ധം ശക്തമാണ്. ഇന്‍ഡോ-പസഫിക്കിലെ നിര്‍ണായക ശക്തികളുമാണ്.
ഇപ്രകാരം പരിശോധിച്ചാല്‍ ഹസീനയും അമേരിക്കയുമായുള്ള പ്രശ്നങ്ങള്‍ 2011 മുതല്‍ തന്നെ കാണാന്‍ സാധിക്കും. തന്റെ പിതാവ് മുജീബൂര്‍ റഹ്മാനെ കൊലപ്പെടുത്തിയതിന് പി
ന്നില്‍ അമേരിക്കയാണെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് ഹസീന. അതിനാല്‍ തന്നെ അമേരിക്കയോടുള്ള അവരുടെ നയങ്ങളിലും ഇടപെടലിലും അത് പ്രതിഫലിച്ചിരുന്നു. അടുത്തകാലത്തായി അമേരിക്ക നടത്തിയ വിവിധ പ്രസ്താവനകള്‍ പരിശോധിച്ചാല്‍ ബംഗ്ലാദേശിലുണ്ടായ കലാപങ്ങളില്‍ അമേരിക്കയ്ക്ക് താത്പര്യമുണ്ടായിരുന്നതായി മനസിലാക്കാം. അതില്‍ പ്രധാനം ഹസീന ഭരണകൂടത്തെ താഴെയിറക്കുക എന്നതായിരുന്നു. ബംഗ്ലാദേശ് പൗരന്മാര്ക്ക് ‘സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശ’ മുണ്ടെന്നാണ് സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരിച്ചത്. ഇന്റര്‍നെറ്റ്, ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയ ഹസീനയുടെ നടപടികളെയും അമേരിക്ക നിശിതമായി വിമര്‍ശിച്ചു. ഇത് കൂടാതെ ബംഗ്ലാദേശില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളുടെ സുതാര്യതയെ സംബന്ധിച്ചും അമേരിക്കയും യൂറോപ്യന്‍ യൂണിയനും നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബംഗ്ലാദേശിലെ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയെ തുരങ്കം വയ്ക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് അതിനുത്തരവാദികളായ വ്യക്തികള്‍ക്കുമേല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിസ നിരോധനം പ്രഖ്യാപിച്ചു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം 2023 മേയില്‍ വഷളായി. എന്നാല്‍ ചൈനയും റഷ്യയും ഹസീനയുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുകയാണുണ്ടായത്.
ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക ഇടപെടുന്നുവെന്ന് സൂചിപ്പിക്കുന്ന നിരവധി മുന്‍കാല പരസ്യ പ്രസ്താവനകളിലും ഹസീനയ്ക്കും അമേരിക്കയ്ക്കും ഇടയിലുണ്ടായിരുന്ന രാഷ്ട്രീയ നീരസം പ്രകടമാണ്. ഭാരതത്തിന്റെയും നേപ്പാളിന്റെയും ബംഗ്ലാദേശിന്റെയും ചില ഭാഗങ്ങള്‍ ചേര്‍ത്തുകൊണ്ട് മേഖലയില്‍ ഒരു ക്രിസ്ത്യന്‍ രാജ്യം സ്ഥാപിക്കാന്‍ ഒരു വിദേശ രാജ്യം ശ്രമിക്കുന്നുവെന്ന് കുറച്ചുനാള്‍ മുന്‍പ് ഹസീന ആരോപിച്ചതും അമേരിക്കയെ ഉന്നംവച്ചാണ്. ഇതിനെ സന്തുലിതമാക്കാന്‍ റഷ്യയെയും ചൈനയെയും ഭാരതത്തെയും കൂട്ടുപിടിക്കാനാണ് ഹസീന ശ്രമം നടത്തിയത്. ഈ വര്‍ഷം തന്നെ രണ്ട് തവണ അവര്‍ ഭാരതം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുകയും ഒരാഴ്ചയ്ക്ക് ശേഷം ഔദ്യോഗിക സന്ദര്‍ശനവും അവര്‍ നടത്തി. സന്ദര്‍ശന വേളയില്‍ ബംഗ്ലാദേശിന്റെ റെയില്‍ ശൃംഖല ഉപയോഗിച്ച് ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാന്‍ ഭാരതത്തെ അനുവദിക്കുന്ന ഒരു റെയില്‍ കണക്ടിവിറ്റി കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. എന്നാല്‍ ടീസ്റ്റ നദിയിലെ ജലവിതരണം സംബന്ധിച്ചുള്ള തര്‍ക്കം ഇരു രാജ്യങ്ങള്‍ക്കിടയിലും ഇപ്പോഴും നിലനില്ക്കുന്നു. മാത്രമല്ല ടീസ്റ്റ നദിയില്‍ നിര്‍മിക്കുന്ന ജലസംഭരണിക്ക് പണം മുടക്കുന്നതിനായി ബെയ്ജിങ്ങിനെ ധാക്ക ക്ഷണിച്ചത് ന്യൂദല്‍ഹിയെ ചൊടിപ്പിക്കുകയും തുടര്‍ന്ന് ചൈനയേക്കാള്‍ ഭാരതത്തിന്റെ താത്പര്യങ്ങള്‍ക്കായിരിക്കും ഈ വിഷയത്തില്‍ ബംഗ്ലാദേശ് പ്രാധാന്യം കൊടുക്കുകയെന്ന് ഹസീന പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ അടുത്തിടെ ബംഗ്ലാദേശിലെ മോഗ്ല തുറമുഖം പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയും ഭാരതത്തിനു നല്കി. എന്നാലും ചൈനീസ്-റഷ്യന്‍ സാന്നിധ്യം ബംഗ്ലാദേശില്‍ ശക്തമാവുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്.
ജൂലൈയില്‍ ഹസീന നടത്തിയ ചൈന സന്ദര്‍ശനത്തിലെ നീക്കങ്ങള്‍ പരിശോധിച്ചാല്‍ അമേരിക്കയുടെ പങ്കിനെ സാധൂകരിക്കുന്ന മറ്റ് ചില തെളിവുകളും കണ്ടെത്താനാകും. സന്ദര്‍ശനം സാമ്പത്തികമായി അത്ര വിജയമല്ലെങ്കിലും ചൈനയ്ക്ക് തായ്വാന് മേലുള്ള അവകാശത്തെ ഹസീന പിന്തുണയ്ക്കുകയും, ചൈനയുടെ ‘വണ്‍ ബെല്‍റ്റ്’ പദ്ധതിക്ക് പച്ചക്കൊടി കാട്ടുകയും ചെയ്തു. സന്ദര്‍ശനവേളയില്‍ തന്നെ ബംഗ്ലാദേശില്‍ നടക്കുന്ന വിദേശ ഇടപെടലുകളെ ചൈന വിമര്‍ശിച്ചതും ഹസീനയ്ക്ക് രാഷ്ട്രീയപരമായ ആശ്വാസം നല്കി. ചൈന ഇത്തരത്തില്‍ വിമര്‍ശിക്കണമെങ്കില്‍ അത് ഭാരതമോ അമേരിക്കയോ ആവുമെന്നത് തീര്‍ച്ചയാണ്. 2023-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ഹസീനയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷവും ബംഗ്ലാദേശിന്റെ ‘ദേശീയ പരമാധികാരം, സ്വാതന്ത്ര്യം, അഖണ്ഡത എന്നിവ സംരക്ഷിക്കുന്നതിലും ബാഹ്യ ഇടപെടലുകളെ എതിര്‍ക്കുന്നതിലും ചൈന ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്നു’ വെന്ന പ്രസ്താവന ഇരു രാജ്യങ്ങളും ചേര്‍ന്ന് പുറപ്പെടുവിച്ചിരുന്നു. 2023 ഏപ്രിലില്‍ ഹസീന അമേരിക്കയ്ക്കെതിരെ നടത്തിയ പ്രസ്താവനയും ഇതിന്റെയൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ‘ഏത് രാജ്യത്തെയും സര്‍ക്കാരുകളെ താഴെയിറക്കാന്‍ യു.എസിന് അധികാരമുണ്ട്, പ്രത്യേകിച്ച് മുസ്ലീം രാജ്യങ്ങള്‍ കഠിനമായ പ്രയാസമാണ് ഇന്ന് അനുഭവിക്കുന്ന’തെന്നാണ് ഹസീന അന്ന് കുറ്റപ്പെടുത്തിയത്. ഇപ്പോള്‍ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപനത്തെ അമേരിക്ക സ്വാഗതം ചെയ്യുന്നതിനൊപ്പം അമേരിക്കയിലേക്കുള്ള ഹസീനയുടെ വിസയും റദാക്കിയിരിക്കുന്നു. അമേരിക്കന്‍ പിന്തുണയുള്ള ബംഗ്ലാദേശി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ബംഗ്ലാദേശില്‍ അധികാരമേറ്റത് കഴിഞ്ഞ ദിവസമാണ്. ആദ്യമെത്തിയ രാജ്യത്ത് തുടരാന്‍ ബ്രിട്ടനും ഹസീനയോടു ആവശ്യപ്പെട്ടു. ചുരുക്കത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഹസീനയെ കയ്യൊഴിഞ്ഞു. മാത്രമല്ല ഖാലീദ സിയയെ ജയില്‍ മോചിതയാക്കി ഒരു സഖ്യസര്‍ക്കാരിന്റെ രൂപീകരണത്തിലേക്ക് പാശ്ചാത്യ രാജ്യങ്ങള്‍ കടക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്.
ഭാരതത്തിന്റെ നിലപാട്
ബംഗ്ലാദേശില്‍ അരങ്ങേറിയ പ്രശ്നങ്ങള്‍ ആ രാജ്യത്തിന്റെ ‘ആഭ്യന്തര കാര്യ’മാണെന്നാണ് ഭാരതം വിശേഷിപ്പിച്ചത്. എന്നിരുന്നാലും ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത ആ രാജ്യവുമായി 4,156 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഭാരതം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടാണ് ഷേഖ് ഹസീന രാജ്യം വിട്ടപ്പോള്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭായോഗം ചേര്‍ന്നത്. ഭാരതത്തിലെത്തിയ ഹസീനയുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തിയതും.
ഇപ്പോള്‍ നടന്നിരിക്കുന്ന പ്രശ്നങ്ങള്‍ അമേരിക്കന്‍ പിന്തുണയോടെയാണ് നടന്നതെങ്കില്‍ അതിന് ഉപകരണമാക്കിയിരിക്കുന്നത് ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും മതമൗലികവാദികളെയാണ്. അതുകൊണ്ടാണ് ഹസീനയ്ക്ക് തന്നെ ജമാ-അത്-ഇസ്ലാമിയെ രാജ്യത്ത് നിരോധിക്കേണ്ടി വന്നത്. ഭാരതത്തെ സംബന്ധിച്ച് ഇതും പ്രധാനമാണ്. ജമാ-അത് ഇസ്ലാമിയെ പോലുള്ള തീവ്രവാദ സംഘടനകള്‍ പ്രതിഷേധങ്ങളുടെ മറവില്‍ ഹിന്ദുക്കളടങ്ങുന്ന ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്നു. ഹിന്ദുക്കളുടെ വീടുകളും കാളീ ക്ഷേത്രങ്ങളും ഇസ്കോണ്‍ ക്ഷേത്രമുള്പ്പടെയുള്ളവ തല്ലിത്തകര്‍ക്കപ്പെടുന്നു. ഭാരതത്തില്‍ സിഎഎ നിലവിലുള്ളതിനാല്‍ മനുഷ്യാവകാശം സംരക്ഷിക്കുവാന്‍ അതിന്റെ സാധ്യതകളും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുമെന്ന് കരുതാം. രാഷ്ട്രീയ അസ്ഥിരത മൂലം 1971 ലേതിന് സമാനമായി ഭാരതത്തിലേക്ക് അഭയാര്‍ത്ഥികളുടെ ഒഴുക്ക് ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കൂടാതെ ബംഗ്ലാദേശികള്‍ അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ക്ക് മുതിരാനും നുഴഞ്ഞുകയറാനുമുള്ള സാധ്യതയുമുണ്ട്. കൂടാതെ ഭാരതത്തിലെ ഇസ്ലാമിക മതമൗലിക വാദികള്‍ രാജ്യത്തിനെതിരെ തലയുയര്‍ത്താതെ നോക്കുകയും വേണം.
ചുരുക്കത്തില്‍, ഈ അട്ടിമറി ബംഗ്ലാദേശിലെയും പാകിസ്ഥാനിലെയും ഭീകരവാദ സംഘടനകളെ ഉപകരണമാക്കി അമേരിക്കയാണ് നടത്തിയിരിക്കുന്നതെങ്കില്‍ വിവിധ മേഖലകളില്‍ വളര്‍ച്ച കൈവരിച്ച ബംഗ്ലാദേശിന്റെ ശിഥിലീകരണമാകും ഫലം. ഇറാഖ് അഫ്ഗാനിസ്ഥാന്, പാകിസ്ഥാന് തുടങ്ങിയ രാജ്യങ്ങളെ പോലെ വലിയ തകര്‍ച്ചയാണ് ആ രാജ്യത്തെയും ജനങ്ങളെയും ഭാവിയില്‍ കാത്തിരിക്കുന്നത്. ഇതറിയാതെ സ്വന്തം രാജ്യത്തിന്റെയും തങ്ങളുടെയും തന്നെ അടിവേരിളക്കി ആഘോഷിക്കുകയാണ് അവര്‍. ഇതിനെ പിന്തുണച്ചുകൊണ്ട് ഭാരതത്തിലെ മതമൗലികവാദികളും കഥയറിയാതെ ആട്ടം കാണുകയാണ്.
(ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: