മേപ്പാടി: ഉറക്കമില്ലാത്ത രാത്രികള്‍, ഭക്ഷണത്തോട് വിരക്തി, ചെവിയില്‍ ഇപ്പോഴും വന്‍ ശബ്ദത്തിന്റെ മുഴക്കം… ചൂരല്‍മല ദുരന്തത്തില്‍ ജീവന് രക്ഷപ്പെട്ട് ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവര്‍ സാധാരണ ജീവിതത്തിലേക്ക് ഇനിയുംതിരിച്ചു വന്നിട്ടില്ല. തുടര്‍ച്ചയായ നിരീക്ഷണവും ആവശ്യമെങ്കില്‍ തുടര്‍ ചികിത്സയും വേണ്ടിവരുമെന്ന് വിദഗ്ദ്ധര്‍.
അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷന്, ദേവി ഡീ അഡിക്ഷന് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവിടിങ്ങളില്‍ നിന്നെത്തിയ ആറ് കൗണ്‍സിലര്‍മാര്‍ വിവിധയിടങ്ങളില്‍ ചൂരല്‍മല നിവാസികളെ നേരില്‍ കണ്ടതിന് ശേഷം പങ്ക് വച്ചത് മാനസിക സ്വാസ്ഥ്യം തിരിച്ചുപിടിക്കാന്‍ കഴിയാത്തവര്‍ ഏറെയുണ്ടെന്നാണ്. സംഭവം നടന്നിട്ട് മൂന്നാഴ്ചയ്ക്ക് ശേഷം മാത്രമേ ഇവര്‍ സ്വാഭാവിക നില കൈവരിച്ചോ എന്ന് പറയാനാകൂ.
പലര്‍ക്കും ഉറങ്ങാനാകുന്നില്ല. കണ്ണടച്ചാല്‍ അന്നത്തെ ഭീകര ദൃശ്യങ്ങള്‍ മനസില്‍ തികട്ടി വരുന്നവരുണ്ട്. ഇതൊക്കെക്കാരണം ശാരീരിക പ്രശ്നങ്ങളും ഭാരക്കുറവും അനുഭവിക്കുന്നവരുണ്ട്. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങള്‍ ഉള്ളവര്‍ക്ക് അത് വര്‍ധിച്ചിട്ടുണ്ട്. തുടര്‍ച്ചയായ നിരീക്ഷണവും കൗണ്‍സലിങ്ങും ആവശ്യമാണ്. ദുരിതബാധിതര്‍ക്ക് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസ് ഓര്‍ഡര്‍ (പിടിഎസ്ഡി) ബാധിച്ചിട്ടുണ്ടോയെന്ന് മൂന്നാഴ്ച കഴിഞ്ഞാലേ ഉറപ്പിക്കാനാകൂ. അട്ടപ്പാടി വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ ഹെല്‍ത്ത് പ്രൊജക്ട് മാനേജര്‍ അനന്തു. കെ.എസ് പറഞ്ഞു.
ക്യാമ്പ് കഴിഞ്ഞാലാണ് ഇവരുടെ യഥാര്‍ത്ഥ മാനസികാരോഗ്യത്തെക്കുറിച്ച് ശരിയായ വിലയിരുത്തലിലെത്താനാകൂവെന്ന് പാലക്കാട് ദേവി ഡി അഡിക്ഷന് സെന്ററിലെ കൗണ്‍സലര്‍ അക്ഷയ് കെ.എസ്. പറഞ്ഞു. ഗര്‍ഭിണികളായവര്‍ക്ക് പ്രസവശേഷം കുട്ടികളോട് വിരക്തി തോന്നാം. ചെറിയ കുട്ടികള്‍ പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ കൗമാരപ്രായക്കാരുടേത് സങ്കീര്‍ണ്ണമാകും. അദ്ദേഹം പറഞ്ഞു.
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം പ്രകാരമുള്ള സംവിധാനം മാത്രം തുടര്‍ പ്രവര്‍ത്തനത്തിന് മതിയാവില്ല. ആവശ്യമനുസരിച്ചുള്ള വിദഗ്ദ്ധര്‍ ഇതിലുണ്ടാവില്ല, അദ്ദേഹം പറഞ്ഞു. പ്രശ്നബാധിതമായ മൂന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് തുടര്‍ പ്രവര്‍ത്തനത്തിന് സന്നദ്ധമാണെന്ന് ഇവര്‍ പറഞ്ഞു.
കൗണ്‍സലര്‍മാരായ അഞ്ജന. എന്‍.എസ്, അഞ്ജന മനോജ്, ദീപ്തി. എസ്, സനൂജ. കെ.എസ് എന്നിവരും സംഘത്തിലുണ്ട്. തുടര്‍ ദിവസങ്ങളിലും സംഘം ദുരിതബാധിതരെ നേരില്‍ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: