നാഗ്പൂര്‍: ചെയ്യുന്ന പ്രവര്‍ത്തനം പൂര്ണവിജയമണിയുന്നത് കഠിനാധ്വാനത്തിലൂടെയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജനപ്രീതിയോ വിഭവസമൃദ്ധിയോ കാര്യവിജയത്തിന്റെ അടയാളങ്ങളല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പ്രചാരകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ദത്താജി ഡിഡോല്‍ക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനപരിപാടി നാഗ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനുകൂലവും പ്രതികൂലവുമായ ഏത് സാഹചര്യത്തിലും പ്രവര്‍ത്തകരുടെ ദിശ തെറ്റരുത്. സമൂഹത്തിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായേക്കാം, എന്നാല്‍ പ്രവര്‍ത്തനത്തിന് വഴി തെറ്റരുത്, അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിലും സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തകരെ സൃഷ്ടിക്കുകയാണ് ദത്താജി ചെയ്തത്. അദ്ദേഹത്തിന്റെ സംഘാടന പാടവം അതിശയിപ്പിക്കുന്നതാണ്. ദത്താജിയെ അറിഞ്ഞവരെല്ലാം അദ്ദേഹത്തെ സ്വന്തമായി കണ്ടു. അദ്ദേഹമാകാന്‍ പ്രയത്നിച്ചു. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനവും പഠിക്കുകയും ആ സംഘാടന കല ഉള്‍ക്കൊള്ളുകയും ചെയ്യുന്നത് അദ്ദേഹത്തിനുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയാണ്, സര്‍സംഘചാലക് പറഞ്ഞു.
ദത്താജി ഡിഡോല്‍ക്കര്‍ അജാതശത്രുവായിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാവരിലും ആദരവുളവാക്കി. സ്വന്തം ആദര്‍ശത്തെ ആളുകള്‍ പരിഹസിച്ചിരുന്ന കാലത്ത് അദ്ദേഹം വിദ്യാര്‍ത്ഥി പരിഷത്തിനായി ഉറച്ചുനിന്നു. മുന്നേ നടന്നവരുടെ എല്ലാ ഗുണങ്ങളും സ്വായത്തമാക്കി. സന്തോഷമൊഴുകുന്ന വഴിയല്ലെന്ന് അറിഞ്ഞിട്ടും തടസങ്ങള്‍ തരണം ചെയ്ത് അദ്ദേഹം ഇതേ പാതയില്‍ സഞ്ചരിച്ചു, സര്‍സംഘചാലക് പറഞ്ഞു.
നാഗ്പൂരിലെ കവിവര്യ സുരേഷ് ഭട്ട് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്വാമി ജിതേന്ദ്രനാഥ് മഹാരാജ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, എബിവിപി സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്, മുന്‍ രാജ്യസഭാ എംപി അജയ് സഞ്ചേതി, അരുണ്‍ കര്‍മാര്‍ക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഓഡിറ്റോറിയത്തിനും പാലത്തിനും ദത്താജിയുടെ പേര്
നാഗ്പൂര്‍ വിദ്യാപീഠത്തിന്റെ പുതിയ കോണ്വൊക്കേഷന് ഓഡിറ്റോറിയത്തിനും വിദ്യാപീഠം റോഡിലെ തെക്ഡി ഗണേശ ക്ഷേത്രത്തില്‍ നിന്നുള്ള പാലത്തിനും ദത്താജിയുടെ പേര് നല്‍കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സമഗ്രമായി അറിവും അറിവാനായുള്ള സമര്‍പ്പണവുമാണ് അദ്ദേഹത്തെ മഹാനായ സംഘാടകനാക്കിയത്. എന്റെ വ്യക്തിതത്തെ രൂപപ്പെടുത്തുന്നതില്‍ ദത്താജിക്ക് വലിയ സംഭാവനയുണ്ട്, നിതിന്‍ ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: