തിരുവനന്തപുരം : അധ്യാപക യോഗ്യതാ പരീക്ഷയിലെ മതവിവേചനം വിദ്യാഭ്യാസ മേഖലയെ വിഷമയമാക്കും എന്ന്നാഷണൽ ടീച്ചേർസ് യൂണിയൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ ന്യൂനപക്ഷ അധ്യാപകരെ കെ ടെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആവശ്യപ്രകാരം, സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിൽ കെ ടെറ്റ് യോഗ്യത ഇല്ലാത്തതിനാൽ നിയമനാംഗീകാരം ലഭിക്കാത്തവരുടെയും പ്രൊബേഷൻ അടക്കമുള്ള സർവീസ് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടപ്പെട്ടവരുടെയും കണക്കുകൾ വിദ്യാഭ്യാസ വകുപ്പ് സമാഹരിക്കുകയാണ്.
കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്താനായി 2009 ൽ പാർലമെൻറ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവട് പിടിച്ചാണ് അധ്യാപക നിയമനത്തിന് എലിജിബിലിറ്റി പരീക്ഷ നിർബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 2012 – 2013 വർഷം കെ ടെറ്റ് നിർബന്ധമാക്കിയെങ്കിലും സർക്കാർ അനുവദിച്ച ഇളവുകളുടെ പിൻബലത്തിൽ നിരവധി ഉദ്യോഗാർത്ഥികൾ അധ്യാപകരായി ജോലിയിൽ പ്രവേശിച്ചു. സർക്കാർ അനുവദിച്ച ഇളവുകൾ പ്രകാരം ജോലിയിൽ പ്രവേശിക്കുകയും, 2023 സെപ്തംബറിൽ നടന്ന വിശേഷാൽ പരീക്ഷയിലും ജയിക്കാനാകാതെ ഏകദേശം നാലായിരത്തോളം അധ്യാപകർ ഇപ്പോൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. നിയമനാംഗീകാരം ലഭിച്ചെങ്കിലും പ്രൊബേഷൻ പൂർത്തീകരിക്കാത്തവരും ഇൻക്രിമെൻറ്, ഗ്രേഡ് എന്നിവ ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. ചിലർക്ക് ചില ആനുകൂല്യങ്ങൾ ലഭിച്ചെങ്കിലും തിരിച്ചടക്കേണ്ടി വരുമെന്ന ഭീഷണി നേരിടുകയാണ്. അത്തരം ഗുരുതരമായ ഒരു സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുമ്പോഴാണ് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരെ മാത്രം കെ ടെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമം സർക്കാർ നടത്തുന്നത്.
ഗുണമേന്മാവിദ്യാഭ്യാസം ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന എലിജിബിലിറ്റി യോഗ്യതയിൽ നിന്ന് ചില പ്രത്യേക മതവിഭാഗക്കാരെ മാത്രം ഒഴിവാക്കണമെന്നാവശ്യപ്പെടാൻ ന്യൂനപക്ഷ കമ്മീഷനോ അത്തരമൊരാവശ്യം നടപ്പാക്കാൻ സംസ്ഥാന സർക്കാരിനോ നിയമപരമായി കഴിയുമോ എന്ന് സംശയമുണ്ട്. കേവലം ന്യൂനപക്ഷ പ്രീണനത്തിനപ്പുറം ദൂരവ്യാപക പ്രത്യാഘാതമുളവാക്കുന്നതാണ് സർക്കാർ നടപടി. കെ ടെറ്റ് യോഗ്യതയിൽ നിന്ന് സർവീസിലുള്ള അധ്യാപകർക്ക് ഇളവ് നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെങ്കിൽ മത വിവേചനം ഒഴിവാക്കി എല്ലാവർക്കും ഈ ആനുകൂല്യം അനുവദിക്കാൻ തയാറാകുകയാണ് വേണ്ടത്.” ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി എസ് ഗോപകുമാർ പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: