പാരീസ്: ഭാരതത്തിന്റെ ഇതിഹാസ ഗോള്‍ കീപ്പറായ പി.ആര്. ശ്രീജേഷ് ഹോക്കി ഗോള്‍ കീപ്പറുടെ വേഷം അഴിച്ചുവെച്ചു, ഭാരതത്തിന് ഒളിംപിക്സില്‍ തുടര്‍ച്ചയായ രണ്ടാം വെങ്കലം സമ്മാനിച്ച്. കഴിഞ്ഞ തവണ ടോക്കിയോയില്‍ ശ്രീജേഷ് ഉള്‍പ്പെടുന്ന ഭാരത ടീം വെങ്കലം നേടിയിരുന്നു. 1980നു ശേഷം ആദ്യമായിട്ടായിരുന്നു ഹോക്കിയില്‍ ഭാരതത്തിന്റെ ഒളിംപിക് മെഡല്‍. ടോക്കിയോയില്‍ സെമിയില്‍ ബല്‍ജിയത്തിനോടു തോറ്റ ശ്രീജേഷും സംഘവും വെങ്കലപ്പോരില്‍ ജര്‍മനിയെ 5-4ന് കീഴടക്കിയാണ് മെഡലണിഞ്ഞത്.
ഇന്നലെ നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഭാരതം വെങ്കലം സ്വന്തമാക്കിയത്. പാരീസില്‍ ഭാരതത്തിന്റെ നാലാം വെങ്കലമെഡലാണിത്.
ഒളിംപിക്സിനായി പാരീസില്‍ എത്തിയശേഷമാണ് പി.ആര്. ശ്രീജേഷ് ഒളിംപിക്സോടെ വിരമിക്കുമെന്ന് പ്രഖ്യാപിച്ചത്. അതിനു പിന്നാലെ ഭാരത ടീം നായകന് ഹര്‍മന്‍പ്രീത് സിങ് പറഞ്ഞത് കളി നിര്‍ത്തുന്ന ശ്രീജേഷിന് വേണ്ടി പാരീസില്‍ മെഡല്‍ നേടണമെന്നാണ്. നായകന്റെ ആ വാചകം സത്യമായി. വെങ്കലത്തിളക്കത്തോടെയാണ് ശ്രീജേഷിന് ഭാരത ഹോക്കി ടീം യാത്രയയപ്പ് നല്‍കുന്നത്. മിന്നും സേവുകളുമായി കളം നിറഞ്ഞ ശ്രീജേഷിന്റെ നിര്‍ണായക പ്രകടനങ്ങളാണ് പാരീസ് ഒളിംപിക്സില്‍ ഭാരതത്തെ വെങ്കലമണിയിക്കുന്നതില് പ്രധാന പങ്കുവഹിച്ചതെന്ന് ഉറപ്പിച്ചു പറയാം.
ഇന്നലെ നടന്ന കളിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ഭാരതത്തെ നായകന് ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളാണ് ഭാരതത്തെ വെങ്കലത്തിലേക്ക് നയിച്ചത്. 30, 33 മിനിറ്റുകളിലായിരുന്നു നായകന്റെ ഗോള്‍. 18-ാം മിനിറ്റില്‍ പെനല്‍റ്റി സ്ട്രോക്കില്‍നിന്ന് മാര്‍ക് മിറാലസ് സ്പെയിനെ ആദ്യം മുന്നിലെത്തിച്ചത്.
കളിയുടെ തുടക്കം മുതല്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. എന്നാല്‍ ആദ്യ ക്വാര്‍ട്ടറില്‍ ഗോള്‍ വിട്ടുനിന്നു. ആദ്യ ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ ഭാരതത്തിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും സുഖ്ജീത് സിംഗിന് അവസരം മുതലാക്കാന്‍ സാധിച്ചില്ല. അധികം കഴിയും മുന്‍പേ സ്പെയ്നിന് ലഭിച്ച അവസരം ശ്രീജേഷ് രക്ഷപ്പെടുത്തുകയും ചെയ്തു. ഇതോടെ ആദ്യ ക്വാര്‍ട്ടര്‍ ഗോള്‍രഹിതമായി. രണ്ടാം ക്വാര്‍ട്ടര്‍ തുടങ്ങി മൂന്ന് മിനിറ്റായപ്പോള്‍ ഭാരതത്തെ ഞെട്ടിച്ച് സപെയിന്‍ ലീഡ് നേടി. പെനാല്‍റ്റി സ്ട്രോക്കില്‍ നിന്നായിരുന്നു അവരുടെ ഗോള്‍. അമിത് രോഹിന്‍ദാസിന്റെ സ്റ്റിക് ബ്ലോക്കിനെതിരെയാണ് പെനാല്‍റ്റി വിധിച്ചത്. മിറാലസ് എടുത്ത കിക്ക് ശ്രീജേഷിനെ കീഴടക്കി വലയിലെത്തി. പിന്നാലെ രണ്ട് പെനാല്‍റ്റി കോര്‍ണര്‍ സ്പെയ്നിന് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 28-ാം മിനിറ്റില്‍ സ്പെയ്നിന്റെ മറ്റൊരു ശ്രമം പോസ്റ്റില്‍ തട്ടിത്തെറിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ്് ഭാരതം സമനില ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഭാരത നായകന് ഹര്‍മന്‍പ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്. ഇതോടെ ഇടവേളയ്ക്കു പിരിയുമ്പോള്‍ ഗോള്‍നില 1-1 എന്ന നിലയില്‍.
ഇടവേളയ്ക്കുശേഷം കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ഭാരതം ലീഡ് നേടി. 33-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് നായകന് ഹര്‍മന്‍പ്രീത് സിങ് തന്നെയാണ് ഗോള്‍ നേടിയത്. പിന്നീട് നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ഇതിനിടെ ഭാരതത്തിന്റെ മലയാള ഗോളി പി.ആര്. ശ്രീജേഷിന്റെ മിന്നുന്ന പ്രകടനം സ്പെയിന് മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി. കളി തീരാന്‍ ഒരുമിനിറ്റും 20 സെക്കന്‍ഡും മാത്രമുള്ളപ്പോള്‍ സ്പെയിനിനു ലഭിച്ച പെനാല്‍റ്റി കോര്‍ണറും 44 സെക്കന്‍ഡ് ബാക്കിയുള്ളപ്പോള്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറും ശ്രീജേഷ് രക്ഷപ്പെടുത്തി അവസാന നിമിഷത്തെ സമ്മര്‍ദം മറികടന്നതോടെ ഭാരതത്തിന് വെങ്കലം സ്വന്തമാവുകയായിരുന്നു.
ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അവരുടെ കഴിവിനെയും സ്ഥിരോത്സാഹത്തെയും ഒത്തൊരുമയെയും മോദി പ്രശംസിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“വരുംതലമുറകൾക്ക് മനസിൽ പരിലാളിക്കാനാകുന്ന നേട്ടം!
ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ തിളങ്ങി, വെങ്കല മെഡൽ സ്വന്തമാക്കി വരുന്നു! ഒളിമ്പിക്സിലെ അവരുടെ തുടർച്ചയായ രണ്ടാം മെഡലാണിത് എന്നതിനാൽ ഇത് ഏറെ സവിശേഷമാണ്.
അവരുടെ വിജയം കഴിവിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഒത്തൊരുമയുടെയും വിജയമാണ്. അവർ അപാരമായ മനോദാർഢ്യവും അതിജീവനശേഷിയും പ്രകടിപ്പിച്ചു. കളിക്കാർക്ക് അഭിനന്ദനങ്ങൾ.
ഓരോ ഇന്ത്യക്കാരനും ഹോക്കിയുമായി വൈകാരിക ബന്ധമുണ്ട്. ഈ നേട്ടം നമ്മുടെ രാജ്യത്തെ യുവാക്കൾക്കിടയിൽ കായികരംഗത്തെ കൂടുതൽ ജനപ്രിയമാക്കും.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: