തിരുവനന്തപുരം: കലോത്സവങ്ങള്‍ക്ക് അടിമുടി മാറ്റം വേണമെന്നും സംസ്ഥാനതലത്തിലെ മത്സരം ഒഴിവാക്കണമെന്നും ഡോ. എം.എ. ഖാദര്‍ കമ്മിറ്റിയുടെ രണ്ടാം റിപ്പോര്‍ട്ടില്‍ നിര്‍ദേശം. കലോത്സവവേദികള്‍ മത്സരത്തിന്റെ എല്ലാ ദോഷവശങ്ങളും ഉള്‍ക്കൊള്ളുന്നതായി മാറി. ജനശ്രദ്ധയാകര്‍ഷിക്കുന്ന ഇനങ്ങളെല്ലാം സമ്പന്നര്‍ക്കു മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളു എന്നും പരാമര്‍ശം.
സംസ്ഥാനതലത്തില്‍ മത്സരം വേണ്ടെന്നും സാംസ്കാരിക വിനിമയത്തിനുവേണ്ടി മാത്രം മതിയെന്നതുമാണ് പ്രധാന നിര്‍ദേശം. ജില്ലാ തലത്തോടെ മത്സരങ്ങള്‍ അവസാനിപ്പിക്കണം. പ്രൈമറി, സെക്കന്‍ഡറി തലം എന്നിങ്ങനെ രണ്ട് തലത്തിലുള്ള മത്സരം മതി. ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി എന്നിങ്ങനെ പ്രത്യേകം മത്സരം വേണ്ട. പ്രൈമറി വിഭാഗത്തിന്റെ മത്സരങ്ങള്‍ പഞ്ചായത്ത് തലത്തില്‍ അവസാനിപ്പിക്കണം.
സ്കൂള്‍ എജ്യൂക്കേഷന്‍ ഓഫീസ് പരിധി തൊട്ട് കലോത്സവങ്ങള്‍ ദൃശ്യകലകളും ശ്രാവ്യകലകളും ഒരു യൂണിറ്റായും ദൃശ്യശ്രാവ്യ-കലകള്‍ മറ്റൊരു യൂണിറ്റായും വേറിട്ട് നടത്തണം. കലോത്സവത്തെ മത്സരമാക്കി മാറ്റുന്നത് ഗ്രേസ് മാര്‍ക്കിന്റെ സ്വാധീനത്താലാണ്. പ്രോത്സാഹനം നല്‍കുന്നത് ഇപ്പോഴുള്ള രീതിയില്‍ ആണോ വേണ്ടതെന്ന് പുനരാലോചിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്.
റവന്യൂ ജില്ലാതലം മുതല്‍ നടത്തിപ്പ് ഉദ്യോഗസ്ഥ കേന്ദ്രീകൃതമാണ്. കണക്കുകള്‍ സുതാര്യമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താറില്ല. സംസ്ഥാനതല നടത്തിപ്പ് ഡിജിഇ ഓഫീസിന്റെ ചുമതലയിലാണ്. ഇത് അവസാനിപ്പിച്ച് റവന്യൂ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ചുമതല നല്‍കണം. കമ്മിറ്റികള്‍ അധ്യാപകസംഘടനകള്‍ വീതിച്ചെടുക്കുന്നരീതിയും അവസാനിപ്പിക്കണം. കലോത്സവങ്ങള്‍ എല്ലാവര്‍ഷവും നിശ്ചിത ദിനങ്ങളില്‍ നടത്തുകയാണെങ്കില്‍ വലിയതോതില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സാധിക്കും.
രക്ഷിതാക്കളും ചിലപ്പോള്‍ സ്ഥാപനങ്ങളും തമ്മിലുള്ള അനഭിലഷണീയമായ മത്സരങ്ങള്‍ക്കും വൈരാഗ്യങ്ങള്ളുടെയും വേദിയായായി മാറിയെന്നും സ്കൂള്‍തലം മുതല്‍ ഈ തെറ്റായ പ്രവണതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പല തലങ്ങളിലുള്ള അപ്പീലിലൂടെയും കോടതിവ്യവഹാരങ്ങളിലൂടെയും കലാവിദഗ്ധരുടെ വിലയിരുത്തലുകള്‍ അപ്രസക്തമാണ്. ജില്ലാ, സംസ്ഥാന മേളകള്‍ കൃത്യമായ ആസൂത്രണത്തോടെ നടത്താന്‍പോലും കഴിയുന്നില്ലെന്ന രൂക്ഷവിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: