പാരീസ്: കരിയറിലെ അവസാന മത്സരത്തിനായി മലയാളി താരം ശ്രീജേഷ് ഇന്ന് പാരീസിലെ ഒളിംപിക് വേദിയിലെ ഫീല്‍ഡ് ഹോക്കി വേദിയിലിറങ്ങും. ഭാരത സമയം വൈകീട്ട് അഞ്ചരയ്ക്ക് നടക്കുന്ന മത്സരത്തില്‍ ഭാരതം വെങ്കല മെഡല്‍ നിലനിര്‍ത്താനിറങ്ങുന്ന മത്സരം പൂര്‍ത്തിയാകുന്നതോടെ 20 വര്‍ഷത്തോളം നീണ്ട ശ്രീയുടെ കരിയര്‍ പൂര്‍ത്തിയാകും. ഓളിംപിക്സിന് തൊട്ടുമുമ്പേ താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഇന്ന് പാരീസ് ഒളിംപിക്സിലെ വെങ്കല പോരിനായി സ്പെയിനെതിരെയാണ് ഭാരതം പോരാടുക. നിര്‍ണായകമായ സെമി പോരാട്ടത്തില്‍ ജര്‍മനിയോട് 3-2ന് ഭാരതം പരാജയപ്പെട്ടിരുന്നു. ആദ്യം മുന്നിലെത്തിയ ഭാരതം പിന്നെ രണ്ട് ഗോളുകള്‍ വഴങ്ങി. മൂന്നാം ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് ഒപ്പമെത്തി. എന്നാല്‍ മത്സരം തീരാന്‍ ആറ് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ജര്‍മനി വിജയഗോള്‍ സ്വന്തമാക്കി. ഭാരതം പിന്നീട് ആവുന്നത് ശ്രമിച്ചെങ്കിലും സമനില കണ്ടെത്താനായില്ല.
കഴിഞ്ഞ തവണ ടോക്കിയോയില്‍ ജര്‍മനിയെ തോല്‍പ്പിച്ചാണ് ഭാരതം വെങ്കലം നേടിക്കൊണ്ട് 41 വര്‍ഷത്തെ ഒളിംപിക് മെഡല്‍ വരള്‍ച്ച അവസാനിപ്പിച്ചത്. ആ മെഡല്‍ ലഭിച്ചതോടെ ശ്രീജേഷിലൂടെ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് കൈവന്നത്. മാനുവല്‍ ഫ്രെഡറിക്ക് എന്ന മലയാളിക്ക് ശേഷം ആദ്യമായി ഒളിംപിക് മെഡല്‍ നേടുന്ന കേരളീയന് ആണ് ശ്രീജേഷ്. ഇക്കുറി മെഡല്‍ നേടനായാല്‍ തുടരെ ഒളിംപിക് മെഡല്‍ നേടുന്ന മലയാളി താരമായി ശ്രീജേഷിന് അഭിമാന നിറവോടെ വിരമിക്കലിന് പൂര്‍ണത നല്‍കാനാകും. ഒപ്പം ഹോക്കിയില്‍ ഭാരതത്തിന് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനുള്ള പ്രചോദനവുമാകും ഈ മെഡല്‍ തുടര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: