ന്യൂദല്‍ഹി: ദല്‍ഹിയില്‍ സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. ദല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ 27ന് രജീന്ദര്‍ നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിലുണ്ടായ വെള്ളക്കെട്ടില്‍പ്പെട്ട് മലയാളിയായ നെവില്‍ ഡാല്വിന് ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. കേസ് പരിഗണിക്കവേ കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമെന്നും കുറ്റപ്പെടുത്തി.
ബേസ്മെന്റിലെ വെള്ളക്കെട്ട് ഒറ്റ മിനിട്ടിനുള്ളില്‍ ഉണ്ടായതല്ല. സമയമെടുത്തിട്ടുണ്ടാകും. എന്നിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് എന്തുകൊണ്ട് രക്ഷപ്പെടാന്‍ സാധിച്ചില്ല. ബേസ്മെന്റില്‍ നിന്ന് പുറത്തേക്കുള്ള വാതില്‍ അടഞ്ഞു കിടക്കുകയായിരുന്നോ അല്ലെങ്കില്‍ സ്റ്റെയര്‍ കേസ് ഇടുങ്ങിയതായിരുന്നോ ഇക്കാര്യങ്ങളില്‍ പോലീസും ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും വ്യക്തത വരുത്തിയിട്ടില്ലെന്നും ദല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി അപകടത്തിന് കാരണമായിട്ടുണ്ടോയെന്നും അന്വേഷിക്കണം. കേസിന്റെ ഗൗരവം പരിഗണിച്ചാണ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നത്. ഒപ്പം സീനിയര്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷനോട് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: