പാരിസ് : അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫൊഗാട്ടിനെ ഫൈനലില്‍ മത്സരിപ്പിക്കാന്‍ എല്ലാ വഴികളും നോക്കുന്നുണ്ടെന്ന് പി.ടി. ഉഷ. ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ പ്രവേശിച്ച വിനേഷ് ഫൊഗാട്ട് ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കപ്പെട്ട സംഭവത്തില്‍ ഏത് വിധേനെയും വിനേഷിന് ഫൈനലില്‍ മത്സരിക്കാനുള്ള അവസരമുണ്ടാക്കണമെന്ന് മോദി പി.ടി. ഉഷയോട് ആവശ്യപ്പെട്ടിരുന്നു. വിനേഷ് ഫൊഗാട്ടിനെ ഫൈനലില്‍ മത്സരിപ്പിക്കാനുള്ള എല്ലാവിധ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്ന് പി.ടി. ഉഷ പറഞ്ഞു.
വിനേഷ് ഫൊഗാട്ടിന് കമ്മിറ്റിയിലുള്ളവര്‍ എല്ലാവിധ മെഡിക്കല്‍, വൈകാരിക പിന്തുണയും നല്‍കുന്നുണ്ടെന്നും പി.ടി. ഉഷ പറഞ്ഞു. റെസ് ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ യുണൈറ്റഡ് വേള്‍ഡ് റെസ് ലിംഗിനോട് വിനേഷ് ഫൊഗാട്ടിനെ അയോഗ്യയാക്കിയ നടപടി പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉഷ പറഞ്ഞു. വിനേഷ് ഫൊഗാട്ടിന്റെ മെഡിക്കല്‍ ടീം അവരുടെ ഭാരം കുറച്ച് യോഗ്യയാക്കാനുള്ള എല്ലാവിധ പരിശ്രമങ്ങളും നടത്തുന്നുണ്ട്. ഇപ്പോള്‍ വിനേഷ് ഫൊഗാട്ടിന് 52.7 കിലോഗ്രാം ഭാരമുണ്ട്. ഇനി 2.7 കിലോ കുറച്ചാലേ അവര്‍ക്ക് ഫൈനലില്‍ മത്സരിക്കാന്‍ കഴിയൂ. അതിനുള്ള എല്ലാ ശ്രമവും നടത്തുന്നുണ്ട്. അത് വിജയത്തില്‍ കലാശിക്കുമെന്ന് കരുതുന്നതായും ഉഷ പറഞ്ഞു. ഒളിമ്പിക്സ് ഗുസ്തി മത്സരത്തിന്റെ ഫൈനലില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിനേഷ് ഫൊഗാട്ടിനെ അയോഗ്യയാക്കിയെന്ന വാര്ത്തകേട്ടശേഷം ഫൊഗാട്ടിന് നിര്‍ജ്ജലീകരണം (ഡീഹൈഡ്രേഷന്) സംഭവിച്ചെന്നും ഇതേ തുടര്‍ന്ന് ഒളിമ്പിക് ഗെയിംസ് വില്ലേജിലെ പോളി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചുവെന്നും പി.ടി. ഉഷ പറഞ്ഞു.
50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് ഫൊഗാട്ട് മത്സരിക്കുന്നത്. ഇതിനേക്കാള്‍ 100 ഗ്രാം ഭാരക്കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫൊഗാട്ടിനെ ഫൈനലില്‍ എത്തിയെങ്കിലും ഒളിമ്പിക്സ് ഫൈനലില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യയാക്കിയത്. ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മാനുമായുള്ള സെമിഫൈനലില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ 5-0നാണ് വിനേഷ് ഫൊഗാട്ട് ജയിച്ചത്. അതോടെ ഇന്ത്യയാകെ ആഹ്ളാദതിമിര്‍പ്പിലായിരുന്നു. കാരണം ഗുസ്തിയില്‍ (ഫ്രീസ്റ്റൈല്‍) ഒരു ഇന്ത്യന്‍ താരം ഒളിമ്പിക്സ് ഫൈനലില്‍ എത്തുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്. പക്ഷെ അടുത്തനിമിഷം വിനേഷ് ഫൊഗാട്ടിന് 50 കിലോയില്‍ അധികം ഭാരമുള്ളതിനാല്‍ ഈ വിഭാഗത്തില്‍ ഫൈനലില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും മത്സരത്തില്‍ നിന്നു തന്നെ അയോഗ്യയാക്കുന്നുവെന്നും വാര്‍ത്ത പുറത്തുവരികയായിരുന്നു. ഒരു പക്ഷെ കഠിനമായ മത്സരത്തിന് ശേഷം ചിലപ്പോള്‍ ശരീരഭാരം കൂടുന്ന പതിവുണ്ടെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: