ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജിയിൽ വാദം പൂർത്തിയായി. സംഭവത്തിൽ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വിധി പറയും. അതുവരെ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ സ്റ്റേ തുടരും. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിലൂടെ ഹർജിക്കാരന് വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട ഹർജിക്കെതിരെ സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യൂസിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ കക്ഷിചേർക്കണമെന്നാവശ്യം മുന്നോട്ടുവച്ച ഡബ്ല്യൂസിസി, റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജിക്കാരന്റെ ആവശ്യം സംശയാസ്പദമാണെന്നും അറിയിച്ചു. റിപ്പോർട്ട് പുറത്തുവിടണമെന്ന നിലപാടും സംഘടന കോടതിയിൽ വ്യക്തമാക്കി. തുടർന്ന് ഹർജിയിൽ ഡബ്ല്യൂസിസിയെ ഹൈക്കോടതി കക്ഷി ചേർത്തു.
സംസ്ഥാന വനിതാ കമ്മീഷനെയും ഹർജിയിൽ ഹൈക്കോടതി കക്ഷി ചേർത്തു. റിപ്പോർട്ട് പുറത്ത് വിടണമെന്ന് വനിതാ കമ്മീഷനും ആവശ്യപ്പെട്ടു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാരിനൊരു മാർഗ്ഗരേഖയാണ് റിപ്പോർട്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നിര്‍മാതാവ് സജിമോന്‍ പാറയിലായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോർട്ട് പുറത്തുവിടുന്നത് ഏതാനും മണിക്കൂറുകൾക്ക് മുൻപായിരുന്നു സംഭവം. ഇതോടെയാണ് സ്റ്റേ ഉത്തരവ് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: