ന്യൂദല്‍ഹി: വയനാട് ഉണ്ടായ ഉരുള്‍പൊട്ടലിന് കാരണം അനധികൃത ഖനനവും അനധികൃത കുടിയേറ്റവുമാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദഗ്ധ സമിതി റിപ്പോര്‍ട്ടുകളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് താന്‍ സംസാരിച്ചത്. വയനാട്ടിലെ ജനങ്ങളെ താന്‍ അപമാനിച്ചുവെന്ന സി പി എം അംഗം ജോണ്‍ ബ്രിട്ടാസിന്റെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്നും രാഷ്ട്രീയം കളിക്കരുതെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.
ദുരന്തത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരായ അമിത്ഷായും ഭൂപേന്ദ്ര യാദവും കേരളത്തെയും വയനാട്ടിലെ ജനങ്ങളെയും അപമാനിക്കുകയാണെന്ന് ജോണ്‍ബ്രിട്ടാസ് സഭയില്‍ ആരോപിച്ചിരുന്നു.
വയനാട് ദുരന്തത്തിന് കാരണം അനധികൃത കൈയേറ്റവും ഖനനവുമാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ഭൂപേന്ദ്ര യാദവ് പറഞ്ഞിരുന്നു. ഇതിനെ പ്രതിപക്ഷവും കേരള സര്‍ക്കാരും വിമര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചു. ഈ സാഹചര്യത്തിലാണ് ആരോപണം ആവര്‍ത്തിച്ച് വീണ്ടും ഭൂപേന്ദ്ര യാദവ് രംഗത്തെത്തിയത്.
കേരള സര്‍ക്കാര്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്ക് സംരക്ഷണം നല്‍കിയെന്നും ടൂറിസത്തിനായി പോലും സോണുകള്‍ ഉണ്ടാക്കിയില്ലെന്നും പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന് വേണ്ട പ്രധാന്യം നല്‍കിയില്ലെന്നും ഭൂപേന്ദ്ര യാദവ് നേരത്തെ കുറ്റപ്പെടുത്തുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: