പാരീസ്: സമീപ കാല ഒളിംപിക്സിലെങ്ങും ഇതുപോലൊരു നൂറ് മീറ്റര്‍ ഫൈനല്‍ കണ്ടിട്ടില്ല. മത്സരിച്ച എട്ട് താരങ്ങളും പത്ത് സെക്കന്‍ഡിനുള്ളില്‍ ഫിനിഷ് ചെയ്തു. ഒന്നാമതായി ഫിനിഷ് ചെയ്ത അമേരിക്കയുടെ നോഹ് ലൈല്‍സും ജമൈക്കയുടെ കിഷെയ്ന്‍ തോംപ്സണും ഫിനിഷ് ചെയ്തത് 9.79 സെക്കന്‍ഡില്‍. ഒടുവില്‍ സ്വര്‍ണം നിര്‍ണയിക്കപ്പെട്ടത് ഫോട്ടോഫിനിഷ് എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന വിധിയിലൂടെ.
ആയിരത്തില്‍ അഞ്ച് സെക്കന്‍ഡ് അതയാത് ജമൈക്കന്‍ താരത്തെക്കാല് 0.005 സെക്കന്‍ഡ് മാത്രം നേരത്തെ ലൈല്‍സ് ഫിനിഷ് ചെയ്തതായാണ് വിധി വന്നത്. രണ്ട് താരങ്ങളുടെയും സമയം വിശദമാക്കിയാല്‍ ലൈല്‍സ് കുറിച്ചത് 9.79(.789) എന്ന സമയക്കണക്കിലാണ്. കിഷെയ്ന്‍ തോംപ്സണിന്റേത് 9.79(.784)സെക്കന്‍ഡും. അങ്ങനെ 27-ാം വയസില്‍ കരിയറിലെ തന്റെ ആദ്യ ഒളിംപിക്സ് മെഡല്‍ ലൈല്‍സ് സ്വന്തമാക്കി. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വേഗതയോടെയാണ് ഇന്നലെ പുലര്‍ച്ചെ സ്വര്‍ണം നേടിയത്.
രണ്ടാമതായി ഫിനിഷ് ചെയ്ത് ജമൈക്കയുടെ 23കാരന് കിഷെയ്ന്‍ തോംപ്സണിന് ആയിരത്തില്‍ അഞ്ച് സെക്കന്‍ഡിലാണ് സ്വര്‍ണമെഡല്‍ നഷ്ടമായത്. കരിയറിലെ കന്നി ഒളിംപിക്സ് നേട്ടമാണിത്. പാരിസിലേക്ക് വരുന്നതിന് മുമ്പുള്ള പരിശീലന മത്സരത്തില്‍ താരം കുറിച്ച 9.77 സെക്കന്‍ഡ് ആണ് കരിയര്‍ ബെസ്റ്റ് പ്രകടനം. നോഹ് ലൈല്സിനെക്കാള് കുറഞ്ഞ സമയത്തില്‍ ഈ ജമൈക്കന്‍ താരം ഫിനിഷ് ചെയ്തത് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് മാത്രമാണ്. സ്വന്തം നാട്ടിലെ ജമൈക്കന്‍ നാഷണല്‍ ടൈറ്റിലില്‍.
വേഗതാരത്തെ കണ്ടെത്താനുള്ള മത്സരം ഫിനിഷ് ചെയ്ത പാടെ ലൈല്‍സിന്റെ മുഖത്ത് ആഹ്ലാദത്തിന് പകരം വലിയ ആശങ്കയായിരുന്നു. ഒടുവില്‍ വിധി വന്ന ശേഷം വിരിഞ്ഞ ആശ്വാസ ചിരി ആഹ്ലാദമായി വിടര്‍ന്നു. 9.81 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ കെര്‍ലി ഫ്രെഡ് ആണ് നൂറ് മീറ്ററില്‍ വെങ്കലം നേടിയത്.
100 മീറ്റര്‍ ഫൈനലില്‍ ഫിനിഷ് ചെയ്ത അവസാന സ്ഥാനക്കാരന്റെ സമയം 9.91 ആണ്. ജമൈക്കയില്‍ നിന്നുള്ള ഒബ്ലിക്യു സെവില്ലെ ആണ് മത്സരിച്ച എട്ട് പേരില്‍ എട്ടാമനായത്. ഫൈനലിനിറങ്ങിയ എട്ട് പേരില്‍ അഞ്ചാമനായാണ് ടോക്കിയോ ഒളിംപിക്സിലെ വേഗതാരമായിരുന്ന ഇറ്റലിയുടെ ജേക്കബ്സ് ലാമോണ്ട് മാര്‍സെല്‍ ഓടി തീര്‍ത്തത്. അന്ന് 9.80 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ച്ചവച്ച താരം ഇന്നലെ 9.85 സെക്കന്‍ഡാണ് കുറിച്ചത്.
ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിനെ(9.82) ആണ് ജേക്കബ്സിന് തൊട്ടു മുന്നില്‍ ഫിനിഷ് ചെയ്തു. ബോട്സ്വാനയുടെ ലെറ്റ്സിലെ ടെബോഗോ(9.86) ആറാമതായി. അമേരിക്കന്‍ താരം കെന്നെത്ത് ബെഡ്നാറെക്(9.88) ഏഴാമതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: