മുംബൈ: മൂത്ത മകന് കരണ്‍ അദാനിയെ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ താക്കോല്‍ ഏല്പിച്ച് ഗൗതം അദാനി താന്‍ കെട്ടിപ്പൊക്കിയ അദാനി ഗ്രൂപ്പിന്റെ അമരസ്ഥാനം ഒഴിഞ്ഞേക്കും. ഗൗതം അദാനി തന്നെയാണ് ബ്ലൂം ബെര്ഗിന് അനുവദിച്ച അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കിയത്.
ഇപ്പോള്‍ 62 വയസ്സാണ് അദാനിയ്ക്ക്. 70 വയസ്സാകുമ്പോഴേക്കും പൂര്‍ണ്ണമായും മക്കളിലേക്കും മരുമക്കളിലേക്കുമായി ബിസിനസ് സാമ്രാജ്യം കൈമാറാനാണ് ആലോചിക്കുന്നത്. അദാനി വില്‍മര്‍ എന്ന എണ്ണ വില്‍ക്കുന്ന കമ്പനി മുതല്‍ അദാനി പോര്‍ട്ട് എന്ന തുറമുഖക്കമ്പനിയും ഹരിത ഊര്‍ജ്ജം നിര്‍മ്മിക്കുന്ന അദാനി ഗ്രീന്‍ എനര്‍ജി, സിമന്റ് നിര്‍മ്മിക്കുന്ന വിവിധ കമ്പനികള്‍, മാധ്യമങ്ങളായ എന്‍ഡിടിവി മുതലുള്ള കമ്പനികള്‍, റോഡ് നിര്‍മ്മാണവും വിമാനത്താവളങ്ങളുടെ നിര്‍മ്മാണവും തുടങ്ങി ജീവിതത്തിന്റെ സര്‍വ്വ തുറകളിലും പരന്ന് കിടക്കുന്ന ഒന്നാണ് അദാനി ഗ്രൂപ്പ്. ഏകദേശം 21300 കോടി ഡോളര്‍ മൂല്യമുണ്ട് ഈ വ്യവസായ സാമ്രാജ്യത്തിന്. ഇപ്പോള്‍ അദാനി പോര്‍ട്ടിന്റെ ചുമതല വഹിക്കുന്ന വ്യക്തിയാണ് അദാനിയുടെ മൂത്ത മകന് കരണ്‍ അദാനി.
മറ്റൊരു മകന് ജിത് അദാനിയാണ്. അദാനി എയര്പോര്ടുകളുടെയും അദാനി ഡിജിറ്റല്‍ ലാബ്സിന്റെയും ചുമതലക്കാരനാണ്. അനന്തരവന്മാരായ പ്രണവ് അദാനി, സാഗര്‍ അദാനി എന്നിവരും പ്രധാന സ്ഥാനങ്ങളില്‍ എത്തും. ഗൗതം അദാനിയുടെ മൂത്ത സഹോദരനായ വിനോദ് അദാനിയുടെ മകനാണ് പ്രണവ് അദാനി. അദാനി എന്റര്‍പ്രൈസസിന്റെ ഡയറക്ടറാണ് പ്രണവ് അദാനി. അഗ്രോ, എണ്ണ, ഗ്യാസ് എന്നിവയുടെ ചുമതലയും ഉണ്ട്. അദാനി വില്‍മര്‍, അദാനി ഗ്യാസ് എന്നിവയുടെ ചുമതലയും പ്രണവിനുണ്ട്. അദാനിയുടെ ഇളയ സഹോദരന് രാജേഷ് അദാനിയുടെ മകനാണ് സാഗര്‍ അദാനി. ഹരിത ഊര്‍ജ്ജത്തിന്റെ ചുമതലക്കാരനാണ് സാഗര്‍ അദാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: