കൊച്ചി: സോളാര്‍ വൈദ്യുതോത്പാദകരില്‍ നിന്ന് തീരുവ പിരിക്കല്‍ അവസാനിപ്പിക്കാതെ കെഎസ്ഇബി. സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചവരില്‍ നിന്ന് അവര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് അനുസരിച്ച് പിരിച്ചെടുക്കുന്ന തീരുവ അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് കെഎസ്ഇബി അവഗണിച്ചത്.
നിലവില്‍ യൂണിറ്റിന് 15 പൈസയാണ് ഇത്തരത്തില്‍ തീരുവയായി കെഎസ്ഇബി പിടിച്ചുമേടിക്കുന്നത്. 1.2 പൈസ പ്രകാരം തീരുവ സെല്‍ഫ് ജനറേഷന് ഡ്യൂട്ടി എന്ന പേരില്‍ 2024 മാര്‍ച്ച് 31 വരെയാണ് കെഎസ്ഇബി വഴി സംസ്ഥാന സര്‍ക്കാര്‍ പിരിച്ചിരുന്നത്. കേരള ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് 1963 പ്രകാരം വാങ്ങിക്കൊണ്ടിരുന്ന ഈ തുക ഇനി വാങ്ങരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എങ്കിലും കേരള സര്‍ക്കാര്‍ അത് നിര്‍ത്തലാക്കാന്‍ തയാറായില്ല. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ബജറ്റ് പാസാക്കിയതിലൂടെയാണ് ഈ തുക 1.2 പൈസയില്‍ നിന്ന് 15 പൈസയാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
സോളാര്‍ വൈദ്യുതി ഉത്പാദകരെ ബാധിക്കില്ലെന്നാണ് ധനമന്ത്രി അന്ന് പറഞ്ഞതെങ്കിലും ഉടന്‍ തന്നെ കേരള ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ മാര്‍ച്ച് 27ന് കത്ത് ഇറക്കുകയും കെഎസ്ഇബി വഴി ഏപ്രില്‍ ഒന്ന് മുതല്‍ യൂണിറ്റിന് 15 പൈസ നിരക്കില്‍ പിരിച്ച് തുടങ്ങുകയുമായിരുന്നു. സോളാര്‍ വൈദ്യുതോത്പാദകരുടെ പ്രതിഷേധത്തെതുടര്‍ന്ന് നിയമസഭയില്‍ ഇത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ജൂലൈ 10ന് നിയമസഭ ഐകകണ്ഠേന സോളാര്‍ വൈദ്യുതോത്പാദകരുടെ ഡ്യൂട്ടി പൂര്‍ണമായും പിന്‍വലിച്ച് കേരള സാമ്പത്തിക ബില്‍ 2024 പാസാക്കിയിരുന്നു. എന്നാല്‍ ഇന്നും ഈ തുക കെഎസ്ഇബി കൈക്കലാക്കുകയാണ്. തീരുവ ഒഴിവാക്കി സര്‍ക്കാരോ ബോര്‍ഡോ ഉത്തരവ് ഇറക്കിയിട്ടില്ല എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതിലൂടെ പുരപ്പുറ സോളാര്‍ പദ്ധതി നടപ്പാക്കിയവര്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായി സോളാര്‍ വൈദ്യുതോത്പാദകരും പറയുന്നു.
നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പിട്ട് നിയമമായിട്ടും ഇനിയും കാലതാമസം വരുത്തുന്നതില്‍ നിഗൂഢതകളുണ്ടെന്നും പുരപ്പുറ സോളാര്‍ പദ്ധതി ഇല്ലതാക്കുന്ന കെഎസ്ഇബിയുടെ നടപടികളാണ് ഇതിന് പിന്നിലെന്നുമാണ് ആരോപണം. നിയമപരമല്ലാതെ വാങ്ങുന്ന തുക തിരികെ നല്‍കുകയോ വൈദ്യുതി ബില്ലുകളില്‍ കുറയ്ക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സോളാര്‍ വൈദ്യുതോത്പാദകര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: