പാരീസ്: ഒളിംപിക്സ് 2024ന്റെ നീന്തലില്‍ ഒടുവില്‍ ഒരു ലോക റിക്കാര്‍ഡ് പിറന്നു. 20-ാമത്തെ ഫൈനലിലില്‍ ചൈനയുടെ പുരുഷ താരം പാന്‍ ഷാന്‍ലെ ആണ് നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ നടന്ന പുരുഷന്മാരുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈലിലാണ് ഇത്തവണത്തെ ആദ്യ ലോക റിക്കാര്‍ഡ് കണ്ടത്. ഇതേ ഇനത്തിന്റെ ഹീറ്റ്സില്‍ അടക്കം നാല് ഇനങ്ങളില്‍ ഒളിംപിക് റിക്കാര്‍ഡ് തിരുത്തിയിട്ടുണ്ട്. പക്ഷെ ലോക റിക്കാര്‍ഡ് ഇന്നലെ മാത്രമേ വന്നിട്ടുള്ളു. കഴിഞ്ഞ തവണ ടോക്കിയോയിലും(2020) അതിന് മുമ്പ് റയോ ഡി ജനീറോയിലും(2016) ഇത്രയും മത്സരങ്ങളില്‍ നിന്ന് ഇതിനേക്കാളേറെ റിക്കാര്‍ഡുകളാണ് പിറന്നത്.
ഇത്തവണത്തെ ഈ റിക്കാര്‍ഡ് വരള്‍ച്ചയ്ക്ക് പിന്നില്‍ ശാസ്ത്രീയമായ ചില കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തലുകള്‍ വരുന്നത്. പാരീസിലെ ലാ ഡെഫെന്‍സ് അരീനയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇവിടെ ഒരുക്കിയിട്ടുള്ള നീന്തല്‍ കുളങ്ങളുടെ ആഴം 2.15 മീറ്റര്‍ ആണ്. നീന്തല്‍ മത്സരത്തിന് ഉപയോഗിക്കുന്ന കുളത്തിന് കുറഞ്ഞത് രണ്ട് മീറ്റര്‍ ആഴം ഉണ്ടായിരിക്കണമെന്നേ നിഷ്കര്‍ഷയുള്ളൂ. ടോക്കിയോയിലും റയോ ഡി ജനീറോയിലും നീന്തല്‍ കുളങ്ങള്‍ക്ക് മൂന്ന് മീറ്റര്‍ വരെ ആഴമുണ്ടായിരുന്നു. താരങ്ങള്‍ നീന്തി തുങ്ങുമ്പോള്‍ പ്രക്ഷുഭ്ധമാകുന്ന ജലം താഴെത്തട്ടിലിടിച്ച് ഉപരിതലത്തിലേക്ക് തിരികെയെത്തുമ്പോള്‍ സ്വാഭാവികമായും ഓളങ്ങള്‍ രൂപപ്പെടും. ഇവയുടെ ശക്തി നീന്തുന്നവരുടെ വേഗതയെ ബാധിക്കുന്നതും സ്വാഭാവികമാണ്. താഴെ തട്ടിലിടിച്ച് ഉപരിതലത്തില്‍ തിരിച്ചെത്തുന്ന ഓളങ്ങളുടെ ശക്തി കുളത്തിന്റെ ആഴം അനുസരിച്ച് വ്യത്യാസപ്പെടും. ഇതാണ് റിക്കാര്‍ഡ് കൊയ്ത്ത് ഇത്തവണത്തെ കുറഞ്ഞതിന്റെ കാരണമെന്ന് പാരീസിലുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
20 ഫൈനലുകള്‍ കഴിയുമ്പോള്‍ പിറന്നിരിക്കുന്ന ഒരേയൊരു ലോക റിക്കാര്‍ഡിന്റെ ഉടമ സ്വന്തം നേട്ടം തന്നെയാണ് തിരുത്തിയത്. ഇക്കൊല്ലം ഫെബ്രുവരിയില്‍ ദോഹയില്‍ വച്ച് പാന്‍ ഷാന്‍ലെ കുറിച്ച 46.80 സെക്കന്‍ഡ് സമയം 46.40 ആയി തിരുത്തുകയായിരുന്നു. ഈ ഇനത്തിന്റെ ഹീറ്റ്സില്‍ താരം കുറിച്ച 46.92 സെക്കന്‍ഡ് ആണ് ഒളിംപിക് റിക്കാര്‍ഡ്. വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ആണ് ഇത്തവണ ആദ്യമായി മെഡല്‍ നിര്‍ണയിക്കപ്പെട്ട നീന്തല്‍ ഇനം. ജര്‍മനിയുടെ ലൂക്കാസ് മെര്‍ട്ടെന്‍സ് ആണ് സ്വര്‍ണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: