ചെന്നൈ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ നിർദേശം നൽകി സൈന്യം. സംയുക്തസേന ഇതുവരെ ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. എഴുപതോളം മൃതദേഹങ്ങൾ കണ്ടെടുത്തു എന്നും സൈന്യം വ്യക്തമാക്കി.
തിരുവനന്തപുരത്ത് നിന്നും രണ്ട് ആർമി സംഘങ്ങൾ രാത്രി കോഴിക്കോട് എത്തിയിരുന്നു. മദ്രാസ് എൻജിനീയറിംഗ് ടാസ്ക് ഫോഴ്സ് രണ്ടുമണിക്ക് സംഭവ സ്ഥലത്ത് എത്തി. ചൂരൽമലയിൽ 170 അടി നീളമുള്ള പാലം നിർമ്മിക്കുമെന്നും സൈന്യം വ്യക്തമാക്കി. ജെസിബി, ട്രക്കുകൾ അടക്കമുള്ള സാമഗ്രികൾ രണ്ടുമണിയോടെ വയനാട്ടിൽ എത്തുമെന്ന് സൈന്യം അറിയിച്ചു.
ചൊവ്വാഴ്ച രക്ഷാപ്രവർത്തകർക്ക് സ്ഥലത്തേക്ക് എത്തുന്നതിന് പരിമിതികളുണ്ടായിരുന്നു. വടം ഉപയോഗിച്ച് വളരെക്കുറച്ച് ആളുകൾക്ക് മാത്രമേ സ്ഥലത്തേക്ക് എത്താൻ സാധിച്ചിരുന്നുള്ളൂ. വീടിനുള്ളിൽ അകപ്പെട്ടവരേയും പരിക്കേറ്റവരേയും പുറത്തെത്തിക്കുന്നതിനായിരുന്നു ഇന്നലെ പ്രഥമപരിഗണന. അതിനാൽ, തകർന്ന് വീടിനുള്ളില്‍ കുടുങ്ങിയ നിലയിൽ മൃതദേഹങ്ങള്‍ കണ്ടിരുന്നെങ്കിലും പുറത്തേക്ക് എടുക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. തുടർന്ന്, പല മൃതദേഹങ്ങളും രക്ഷാപ്രവർത്തകർക്ക് ഉപേക്ഷിച്ച് തിരിച്ചുപോരേണ്ടി വന്നു. ഈ പ്രദേശങ്ങളിലാണ് ബുധനാഴ്ച രക്ഷാദൗത്യം പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: